Prathikarana Vedhi

“ആനപിണ്ഡ”ത്തെ ദൈവത്തിനു പേടിയില്ലാത്തതു കൊണ്ട് വലയുന്ന ഒരു ജനസമൂഹത്തിന്റെ രോദനം

റിയ മിനി വര്‍മ

എനിക്കു വയറു വേദനിക്കുന്നേ.. എനിക്കിപ്പോ അമ്പലത്തിൽ പോകണേ !!
ബാക്കി സകല ദിവസ്സവും ഓടിച്ചിട്ടു അമ്പലത്തിൽ പോയിക്കൊണ്ടിരുന്ന കട്ട ദൈവ ഫാനായ, വിശ്വാസിയായ ഒരു സ്ത്രീ പീരിയഡ് നേരം നിലവിളിക്കുകയാണ് സുഹൃത്തുക്കളെ നിലവിളിക്കുകയാണ് !

അങ്ങിനെ അത്യാസന്ന നിലയിൽ നിലവിളിക്കുന്ന “വിശ്വാസിയായ” ആ സ്ത്രീയെ കൊടും ഫെമിനിസ്റ്റുകളും, സ്വയം പ്രഖ്യാപിത ആക്റ്റിവിസ്റ്റ്കളും കൂട്ടം ചേര്ന്നു ആദ്യം സാധാരണ ക്ഷേത്രത്തിൽ കയറ്റിയതിനു ശേഷം ശബരിമലയിലും കയറ്റി ഒരു ലോഡ് സ്ത്രീസ്വാതന്ത്ര്യം നേടികൊടുത്തു ജീവൻ രക്ഷിക്കുന്ന കഥയുടെ പേരാണ് – ” സോഷ്യൽ മീഡിയയിലെ ആനപിണ്ഡങ്ങൾ ” .

സ്ത്രീകളുടെ അശുദ്ധിയെ ഭയമുള്ളത് പോലെ ആനപിണ്ഡത്തെ ഭയമില്ലാത്തതത്രേ ആനകൾക്ക് ഇത്രയേറെ കഷ്ട്ടതകൾ… അൽപ്പം പ്രശസ്തിയും ഏറ്റെടുക്കാൻ കുറെയാളുകളുമുണ്ടെങ്കിൽ എന്തും ഏതും വിളിച്ചു കൂവാമെന്നായോ നമ്മുടെ നാടിന്റെ അവസ്ഥ. അഭിപ്രായങ്ങൾ പറഞ്ഞോട്ടെ, പക്ഷെ അതിൽ അൽപ്പമെങ്കിലും വസ്തുതയുണ്ടാകണ്ടേ?

ക്ഷേത്രത്തിലും ശബരിമലയിലും കയറണമെന്നു വാശി പിടിക്കുന്ന ഒരു ചെറു കൂട്ടം സ്ത്രീകൾ പറയുന്നൊരു ആവശ്യമുണ്ട്. വിശ്വാസിയായ ഒരു സ്ത്രീക്കു പീരീഡ്‌ സമയത്തും ക്ഷേത്രത്തിൽ കയറണമെന്നത്.

ഭക്തി മൂത്തു എല്ലാ ദിവസവും അമ്പലങ്ങൾ തോറും കയറിയിറങ്ങുന്നവരാകണം ഈ ആവശ്യം ഉന്നയിക്കേണ്ടത്. കാരണം, ഇതൊരു ദിനചര്യയല്ലാത്തവർക്കു മാസത്തിൽ ബാക്കി ധാരാളം ദിവസങ്ങൾ കയ്യിലുണ്ടല്ലോ ക്ഷേത്രത്തിൽ പോകാൻ.
ഈ ആവശ്യമുന്നയിക്കുന്നവരോട്, നിങ്ങൾ വിശ്വാസിയാണോ ? നിങ്ങൾക്കു അന്നേരം അമ്പലങ്ങളിൽ പോകണമെന്നുണ്ടോ ? എന്നൊക്കെ ചോദിച്ചാൽ പറയും ” ഹേയ് ! എനിക്കു അന്നേരം പോകണം എന്നില്ലാ . ‘അമ്പലത്തിൽ പോകുകയും പോകാതിരിക്കുകയും എന്റെ ഇഷ്ട്ടം’ “, എന്നൊക്കെയാണു ഉത്തരം . അങ്ങനെയെങ്കിൽ, പിന്നെ ആർക്കു വേണ്ടിയാ ഈ ബഹളമൊക്കെ കാണിക്കുന്നേ. ആദ്യം സ്വയം ചെയ്തു കാണിക്കണം. അതല്ലേ വേണ്ടൂ. അല്ലാണ്ട്, കുട്ടികുരങ്ങിനെ കൊണ്ട് ചുടു ചോറു വാരിപ്പിക്കും പോലെ ഇതൊക്കെ കേട്ട് ആരേലും പോകുന്നേൽ പോകട്ടെ.. പക്ഷെ ഞാൻ പോകുമോയെന്നു ചോദിക്കരുതെന്ന നിലപാട് വാസ്തവത്തിൽ പൊള്ളത്തരമല്ലെ …?

ഈ ആവശ്യം ഉന്നയിക്കുന്നവരിൽ ഒരു പ്രമുഖസ്ത്രീ ഒരു ചാനൽ ചർച്ചക്കിടെ പറയുന്നത് കേട്ടൂ…. ‘ഞാൻ വിശ്വാസിയാണെന്ന് തെളിയിക്കേണ്ട കാര്യമെനിക്കില്ല. ഞാൻ ക്ഷേത്രത്തിലോ ശബരിമലയിലോ പോകുകയോ പോകാതിരിക്കുകയോ ചെയ്യും’. അതൊക്കെ ആൾടെ വ്യക്തിപരമായ കാര്യങ്ങൾ ആണത്രേ.

ചോദ്യങ്ങളിൽ നിന്നും എത്ര ഭംഗിയായി ഒഴിയാനറിയാം ആ സ്ത്രീക്ക്. ഇവരുടെ മറുപടികളും വാദങ്ങളും കേട്ടപ്പോൾ ശരിക്കും പുച്ഛം തോന്നിപോയി. സ്ത്രീകൾടെ സ്വാതന്ത്ര്യത്തിനും ഉന്നമനത്തിനും പിന്നെ വേറെയെന്തിനോക്കെയോ വേണ്ടി ആണത്രേ ഈ ഉറഞ്ഞുതുള്ളുന്നത്. കഷ്ട്ടം !
നിങ്ങൾ ഈ ചാനൽ ചുവരുകൾക്കുള്ളിൽ നിന്നും, സോഷ്യൽ മീഡിയ തടവറയിൽ നിന്നുമൊക്കെ പുറത്തിറങ്ങി മുന്നിൽ കാണുന്ന സ്ത്രീകളോടു ചോദിച്ചു നോക്കൂ. ആ ദിവസങ്ങളിൽ അമ്പലത്തിൽ പോയി ഭജനയിരിക്കാത്തതാണോ …. അതോ ശബരിമലയിൽ പോയി തേങ്ങ ഉടക്കാത്തതാണോ അവരുടെ പ്രശ്നങ്ങൾ എന്നു. ആട്ടിയോടിക്കുന്നതിനേക്കാൾ ചെറിയൊരു പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലയാരും . കാരണം, നിങ്ങൾ ഈ പറയുന്ന ആവശ്യങ്ങളൊന്നും സാധാരണ ഒരു സ്ത്രീയുടെ പ്രശ്നങ്ങളല്ല. സ്ത്രീ സമൂഹം നേരിടുന്ന പൊതുവായ പ്രതിസന്ധിയുമല്ല.
‘വിശ്വാസിയായ സ്ത്രീ’ എന്ന വിശേഷണത്തിൻ കൂട്ട് പിടിച്ചാണ് നിങ്ങളീ വാദികുന്നതൊക്കെ. എന്നാൽ, ആത്മാർഥമായ ഭക്തിയുള്ള ഒരു സ്ത്രീയും അന്നേരം ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് പറയില്ല . തന്നെയുമല്ല, ക്ഷേത്രത്തിൽ കയറിയേ അടങ്ങൂ എന്ന് പറയുന്ന ഒരു സ്ത്രീ വിശ്വാസി ആയിരിക്കില്ല , കാരണം പാരമ്പര്യമായി അനുഷ്ഠിച്ചു വരുന്നതും പാലിച്ചു പോരുന്നതുമായ ആചാരങ്ങളും അനുഷ്ടാനങ്ങളും അനുഭവങ്ങളുമാണ് ഒരു സ്ത്രീയെ വിശ്വാസിയാക്കി മാറ്റുന്നത്. അവർക്കറിയാം, പ്രാർഥിക്കാനായി ഒരു അമ്പലനടയിൽ തന്നെ പോകേണ്ടതില്ലന്നും, വീടിലെ പൂജാമുറിയിൽ കത്തും വിളക്കിന് മുന്നിലും, സ്വന്തം മനസ്സിലും ഈശ്വരനുണ്ടെന്നും , യാതൊരു വിധത്തിലുള്ള ആരാധനാനിർബന്ധങ്ങളും ഹൈന്ദവതയിൽ ഇല്ലാ എന്നും.

ഒരു സ്ത്രീ ക്ഷേത്രത്തിൽ പ്രവേശിക്കും നേരം , അവർ ശുദ്ധിയോടെ ആണോ അതോ അശുദ്ധിയോടെ ആണോ പ്രവേശിക്കുന്നത് എന്ന് ഒരിടവും പരിശോധിക്കുന്നില്ല, അതിനാൽ തന്നെ ഒരു സ്ത്രീക്കു അന്നേ ദിവസങ്ങളിൽ അവിടം കയറാനും ഭഗവാനെ തൊഴാനും ഇനി ഭജന ഇരിക്കണേൽ അതിനും യാതൊരു തടസങ്ങളുമില്ല. കാരണം അവരുടെ സ്വകാര്യത ആ ക്ഷേത്രത്തിന്റെ നടത്തിപ്പുകാർക്കോ മറ്റു ഭക്തജനങ്ങൾക്കോ അറിയില്ലല്ലോ. പിന്നെ എന്താ ഇപ്പൊ പ്രശ്നം?

ശുദ്ധിയും അശുദ്ധിയും മനസ്സിൻ തോന്നൽ മാത്രമാണ്, അതു നമ്മൾ കൽപ്പിച്ചു നൽകിയ വേർതിരിവ് മാത്രമാണ്. സ്ത്രീ മാത്രമല്ലല്ലോ അശുദ്ധി കരുതി കയറാതിരിക്കുന്നെ. പുരുഷനും അശുദ്ധി ഉണ്ടല്ലോ. പറമ്പിൽ പണിയെടുത്തതിൻ ശേഷമോ, ഓഫീസിൽ നിന്നും ജോലികഴിഞ്ഞു വരുന്ന വഴിയോ ഒരു അമ്പലം കാണുമ്പോൾ, എന്തായാലും കണ്ടതല്ലേ ഒന്ന് കയറി ഭഗവാനോട് സുഖവിവരം അന്വേഷിച്ചു പോകാം എന്ന് കരുതി ആരേലും കയറുമോ? ഉച്ചയ്ക്ക് ഊണിനു ഒപ്പം മീനോ മറ്റോ കഴിക്കുന്നയാൾ ശേഷം കുളിക്കപോലും ചെയ്യാതെ എന്താ ആരും നേരെ അമ്പലത്തിലേയ്ക്ക് പോകാത്തത്? നമ്മൾ സ്വയം നൽകുന്ന നിയന്ത്രണമാണ്, മാന്യതയാണു ശുദ്ധി എന്നത്.

അമ്പലങ്ങളിൽ പാലിക്കുന്ന ചില പെരുമാറ്റ ചട്ടങ്ങൾ (ചിലയിടം ഷർട്ട് ധരിക്കാതെ കയറണമെന്നത് ഉദാഹരണം) പോലെ, മറ്റു മതവിഭാഗങ്ങളിലുമുണ്ട് ചില ചിട്ടകൾ. മുസ്ലിം ആരാധനാലയങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതു പോലെയും, ക്രിസ്തുമത പള്ളികളിൽ ശിരസ്സു മറക്കണമെന്നതു പോലെയും അവരുടെതായ ചില ചട്ടങ്ങൾ. ഇവയെല്ലാം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. എന്തു കൊണ്ടു നമ്മൾ ഒരു ആരാധനാലയത്തിൽ കയറുമ്പോൾ പാദരക്ഷ പുറത്തു ഇടുന്നു? ചെരുപ്പിനുമുണ്ടോ നിങ്ങൾ പറയുന്ന ഈ അശുദ്ധി? അപ്പോൾ ഇതെല്ലാം നമ്മൾ നല്കി വരുന്ന ചില മര്യാദകളാണു അല്ലെ.

ആകെ മൊത്തത്തിൽ നോക്കിയാൽ, ക്ഷേത്രങ്ങളിൽ കയറാൻ ഒരു സ്ത്രീക്കു ഒരു ദിവസവും ഒരു തടസവുമില്ലാ എന്നതും, ഈ അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നത് വിശ്വാസികളെന്ന മുഖമ്മൂടിയണിഞ്ഞ ചില കള്ളനാണയങ്ങളാണെന്നും വളരെ വ്യക്തമാണ്. ഇവരുടെ ലക്ഷ്യം ഹൈന്ദവ സ്നേഹമോ, സ്ത്രീ പക്ഷ വാദമോ ഒന്നുമല്ല, മറിച്ചു, ചില സ്വാർഥതാൽപ്പര്യങ്ങൾക്ക് വേണ്ടിയും ബുദ്ധിജീവി ചമഞ്ഞു കിട്ടുന്ന തരംതാണ പബ്ലിസിറ്റി മാത്രമാണ് .

കോടതി വിധി ഇവർക്ക് അനുകൂലമായി വന്നാൽ, അതിന്റെ ചുവടുപിടിച്ചു ശബരിമല ചവിട്ടാനായി പോകുന്ന സ്ത്രീകളുടെ ഭക്തി നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. ശനീശ്വര ക്ഷേത്രത്തിൽ പ്രവേശിച്ച ചില തരം സ്ത്രീകള് അതൊരു ഫോട്ടോഷൂട്ട്‌ മേളയായി മാറ്റിയതു തന്നെ വല്യോരുദാഹരണം.

കാലം മുന്നോട്ടു പോകുന്തോറും ചില സ്ത്രീകളുടെ ബുദ്ധി എങ്ങോട്ടാണ് വളരുന്നതെന്ന് അത്ഭുദം തന്നെ. അമ്പലങ്ങളിലെന്നും പോകണമെന്നതും ശബരിമലയിലേക്ക് ടൂർ പോകണമെന്നതും മാത്രമല്ലാ പുരോഗമന ഫെമിനിസ്റ്റുകളുടെ ചിന്തകൾ. ആ ദിനങ്ങൾ എല്ലാവരെയും അറിയിച്ചു നടക്കുന്ന പതിവൊന്നും സാധാരണ സ്ത്രീകൾക്കില്ല. എന്നാലീത്തരം പുരോഗമനവാദികൾ ഇതൊക്കെ എങ്ങനെ നാട്ടുകാരെയറിയിക്കുമെന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ഒരു ബുദ്ധിയുദിച്ചത്.. അങ്ങനെ ഫേസ്ബുക്ക്‌ വഴി തങ്ങളുടെ സ്വകാര്യത വിളിച്ചു കൂവുന്ന ചിത്രങ്ങളും നാടകങ്ങളും അവർ നമുക്കു കാട്ടിത്തന്നു.

ഓരോ മതങ്ങള്‍ക്കും ഓരോ ആരാധനാലയങ്ങൾക്കും വർഷങ്ങളായി തുടർന്ന് പോകുന്ന ആചാരങ്ങളും ചിട്ടവട്ടങ്ങളും ഉണ്ട്. ശബരിമലയിൽ യൗവന അവസ്ഥയിലുള്ള സ്ത്രീകൾ കയറാറില്ലാത്തതു അതിൽ ഒന്നുമാത്രം…ഇനി കോടതി വിധിച്ചാൽ, നിർബന്ധമുള്ളവർ ക്ഷേത്രത്തിൽ കയറിക്കോട്ടേ. അവിടം ഉള്ള ഭഗവാനു അതിൽ തൃപ്ത്തിയില്ലേൽ ഭഗവാൻ തന്നെ അവർക്കുള്ള മറുപടി നൽകട്ടെ. ക്ഷേത്രത്തെയും അവിടുത്തെ പ്രതിഷ്ടയിലെ ശക്തിയെയും അത്ര വിശ്വാസമുള്ളവരല്ലേ ഈ കൂട്ടർ, അതുകൊണ്ടാണല്ലോ ഈ പോരാട്ടങ്ങളൊക്കെ നടത്തുന്നെ, അപ്പോൾ ആ ശക്തിക്കു തന്നെയാണ് ഇതിനൊക്കെ മറുപടി നൽകാൻ അർഹത.

ആരാധനാലയങ്ങൾ ഒരു ജനതയുടെ.. സമൂഹത്തിന്റെ പാരമ്പര്യമാണ്, പൈതൃകമാണ്. അതിന്റെ തനതു ശൈലിയും ഘടനയും സംസ്കാരവും നശിപ്പിക്കാൻ മുന്നിട്ടിറങ്ങാതിരിക്കുക. നിങ്ങളുടെ ശബ്ദം സ്ത്രീസമൂഹത്തിൻ ആകെ തുകയല്ല എന്നതെങ്കിലും മനസിലാക്കുക. ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും അതിന്റേതായ രീതിയിൽ നടത്തിപോരട്ടെ. വിശ്വാസികളുടെ വിശ്വാസങ്ങളെ തകർക്കാനും അവിശ്വാസികളുടെമേൽ വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യതിരിക്കുകയാണ് ഉത്തമം. അവരെ അവരുടെ വഴിക്കു തുടരാനനുവദിക്കുക. വഴിയിലെ ശരിയും തെറ്റും അവർക്കുമുന്നിൽ കാലം തെളിയിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button