ഷാര്‍ജ: എമിറേറ്റിലെ യാര്‍മൂക് ഏരിയയില്‍ സെക്‌സ് റാക്കറ്റിന്റെ കെണിയിലകപ്പെട്ട ഏഷ്യന്‍ യുവതി ഇരുപതുകാരനായ യുവാവിന്റെ ഇടപെടലിലൂടെ രക്ഷപ്പെട്ടു. ഷാര്‍ജ റിയാല്‍ എസ്റ്റേറ്റ് കമ്പനി തൊഴിലാളിയായ മുഹമ്മദ് ശുഹൈബ് എന്ന ഏഷ്യക്കാരനാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ശുഹൈബിന്റെ ദേഹത്തേയ്ക്ക് സമീപത്തെ ഫ്‌ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്നും തുടര്‍ച്ചയായി പേപ്പര്‍ ചുരുളുകള്‍ താഴേയ്ക്ക് പതിയ്ക്കുന്നത് കാണുകയും ഇതില്‍ ഒരു പേപ്പര്‍ പരിശോധിച്ച ശുഹൈബ് കണ്ടത് തന്റെ സഹായിക്കണമെന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതും ഫോണ്‍ നമ്പരും മാത്രമാണ് . തുടര്‍ന്ന് ആ നമ്പറിലേക്ക് വിളിച്ചപ്പോള്‍ യുവതി ഫോണ്‍ എടുത്തെങ്കിലും അറബി ഭാഷയില്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ ശുഹൈബിനു മനസിലായില്ല. തുടര്‍ന്ന് ഇയാള്‍ റൂമിലേക്ക് മടങ്ങുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ഓഫീസിലെത്തിയ ശുഹൈബ് സുഹൃത്തിനോട് തലേദിവസത്തെ സംഭവം വിവരിക്കുകയും അറബി അറിയാവുന്ന സുഹൃത്ത് യുവതിയുടെ നമ്പറില്‍ വിളിക്കുകയും ചെയ്തതോടെയാണ് യുവതിയെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് മനസിലാകുന്നത്. ജോലി വാഗ്ദാനം ചെയ്തു ഏഷ്യക്കാരായ മൂന്നുയുവാക്കള്‍ തന്നെ ഫ്‌ലാറ്റില്‍ കൊണ്ടുവരുകയും വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായി യുവതി ഇവരെ അറിയിച്ചു. വഴങ്ങാന്‍ തയ്യാറാവാതിരുന്ന തന്നെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ശാരീരികമായും മാനസികമായും താന്‍ ആകെ തകര്‍ന്നതായും എങ്ങനെയെങ്കിലും തന്നെ ഇവിടെ നിന്ന് രക്ഷിക്കണമെന്നും സ്ത്രീ ഇവരോട് പറഞ്ഞു. ഇതോടെ യുവാവ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയെ മോചിപ്പിക്കുകയും പ്രതികളെ മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഷാര്‍ജ പബ്ലിക് പ്രൊസിക്ക്യൂഷന്‍ മുമ്പാകെ ഹാജരാക്കിയ പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിനു കേസെടുത്തിട്ടുണ്ട്.
Post Your Comments