പാലക്കാട്: ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് കോഴിക്കോട് കക്കോടി സ്വദേശി സ്റ്റാലിനും മാവൂര്‍ സ്വദേശി സുധര്‍മ്മയും വി.എസിന്റെ കാര്‍മികത്വത്തില്‍ വിവാഹിതരായി. വി.എസ് അച്യുതാനന്ദന്റെ മലമ്പുഴയിലെ വസതിയില്‍ വച്ചായിരുന്നു വിവാഹം. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം. എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് ഇരുവരും പ്രണയത്തിലായത്.
പ്രണയം വിവാഹത്തിലേക്ക് നീങ്ങിയപ്പോള്‍ അത് വി.എസിന്റെ സാന്നിധ്യത്തിലാകണമെന്ന് സ്റ്റാലിന് നിര്‍ബന്ധം. അക്കാര്യത്തില്‍ സുധര്‍മ്മയ്ക്കും നൂറുവട്ടം സമ്മതം. കോഴിക്കോട് എത്തിയ വി.എസിനെ നേരില്‍ കണ്ട് ആഗ്രഹം അറിയിച്ചു. വിവാഹം മലമ്പുഴയിലെ തന്റെ വസതിയില്‍ വച്ചാകാമെന്ന് വി.എസ് തന്നെയാണ് നിര്‍ദ്ദേശിച്ചത്. ആറുവര്‍ഷം നീണ്ട പ്രണയത്തിന് കഴിഞ്ഞദിവസം വി.എസിന്റെ വീട്ടില്‍ വച്ച് സാഫല്യം. ലളിതമായ ചടങ്ങുകള്‍. സാധാരണ വേഷത്തില്‍ വധൂവരന്മാര്‍. തെരഞ്ഞെടുപ്പ് തിരക്കിനിടയിലും ഇരുവരെയും ആശിര്‍വദിക്കാന്‍ വി.എസ് എത്തി. വി.എസിന്റെ സാന്നിധ്യത്തില്‍ സ്റ്റാലിന്‍ സുധര്‍മയ്ക്ക് താലി ചാര്‍ത്തി. തന്റെ വീട്ടില്‍ വച്ച് വിവാഹം കഴിച്ചവരെന്ന വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്ന ഉപദേശത്തോടെയാണ് അദ്ദേഹം നവദമ്പതികളെ മടക്കി അയച്ചത്.
സ്റ്റാലിന്‍ ഇപ്പോള്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. നിയമബിരുദം നേടിയ സുധര്‍മ എന്റോള്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നു.
Post Your Comments