മസ്കറ്റ്: മസ്കറ്റിലെ സലാലയില്‍ മലയാളി നേഴ്സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അയല്‍വാസിയായ പാക് സ്വദേശിയെന്ന്‍ തിരിച്ചറിഞ്ഞതായി സൂചന. പ്രതി കസ്റ്റഡിയിലെന്നാണ് ലഭ്യമായ വിവരം. പ്രതിയും ലിന്‍സന്റെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ അടുപ്പമോ ബന്ധമോ ഉണ്ടോയെന്നറിയാനാണ് ഭര്‍ത്താവ് ലിന്‍സനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കൊലപാതകത്തിന് മോഷണത്തിനപ്പുറം വേറെയും ചില കാരണങ്ങള്‍ ഉണ്ടെന്ന സംശയത്തിലായിരുന്നു ഇത്. മോഷണത്തിനായി നടത്തുന്ന കൊലപാതകത്തിനപ്പുറമുള്ള അതിക്രൂരത കൊല്ലപ്പെട്ട ചിക്കു റോബര്‍ട്ടിന്റെ മൃതദേഹത്തോട് പ്രതി കാണിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് മുന്‍ വൈരാഗ്യമുണ്ടായിരുന്നതിനാലാണോ എന്ന സംശയത്തിലേക്കാണ് പോലീസിനെ എത്തിച്ചിരിക്കുന്നത്.
5 മാസം ഗര്‍ഭിണിയായിരുന്ന ചിക്കുവിന്റെ അടിവയറ്റിലും നെഞ്ചിലും മുതുകിലും മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നു. മോഷണത്തിനു വേണ്ടിയുള്ള ആക്രമണമാണെങ്കില്‍ ഇത്രയും ക്രൂരത ഒരു സ്ത്രീയോട് ഉണ്ടാകില്ലെന്നാണ് പോലീസ് പറയുന്നത്. ആകെ 7 മുറിവുകള്‍ ചിക്കുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. ചെവി അറുത്ത് മാറ്റിയാണ് ആഭരണങ്ങള്‍ കവര്‍ന്നിരിക്കുന്നത്.
മുന്‍വൈരാഗ്യമാണെങ്കില്‍ അത് ചിക്കുവിനോട് മാത്രമായിരുന്നു എന്നാണു പോലീസ് സംശയിക്കുന്നത്. കാരണം സംഭവദിവസം 6 മണി വരെ ലിന്‍സന്‍ ഫ്ലാറ്റിലുണ്ടായിരുന്നു. 7 മണിയോടെ മരണവും നടന്നുകഴിഞ്ഞതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ആഴത്തിലുള്ള മുറിവുകളായിരുന്നു മരണകാരണം.
അങ്ങനെയെങ്കില്‍ ഭര്‍ത്താവ് ലിന്‍സന്‍ പുറത്തേക്ക് പോകുന്നതുവരെ പ്രതി പരിസരം വീക്ഷിച്ചിരിക്കുകയായിരുന്നു എന്നാണു കരുതുന്നത്. ലിന്‍സന്‍ പോയി മിനിട്ടുകള്‍ക്കകം പ്രതി അകത്ത് കയറിയിരുന്നിരിക്കണം. പ്രതികള്‍ 3 പേരായിരുന്നു എന്ന സംശയം പോലീസിനുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിലും ഇതുവരെ സ്ഥിരീകരണമായിട്ടില്ല,
പൂര്‍ണ്ണ ആരോഗ്യവാനായ പ്രതിക്ക് ചിക്കുവിനെ കീഴ്പ്പെടുത്താന്‍ ഇത്രമാത്രം ആക്രമണം വേണ്ടിയിരുന്നില്ലെന്ന നിഗമനത്തിലാണ് മുന്‍വൈരാഗ്യത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത്. ഇവരുടെ അയല്‍പക്കത്ത് താമസമായിരുന്ന പ്രതിയുമായി എന്തെങ്കിലും മുന്‍പരിചയമോ വൈരാഗ്യകാരണമോ ചിക്കുവിനോ ലിന്‍സനോ ഉണ്ടായിരുന്നോ എന്നറിയാനാണ് ലിന്‍സനെ കസ്റ്റഡിയില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ അന്വേഷിച്ചത്. അന്വേഷണത്തിന് ഇത്തരം കാര്യങ്ങള്‍ അനിവാര്യമാണെന്നതിനാലാണ് ലിന്‍സനെ പോലീസ് ചോദ്യം ചെയ്തത്.
ചിക്കുവിന്റെ മൃതദേഹം ചൊവ്വാഴ്ച തന്നെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇന്നസെന്റ് എം.പിയുടെ ആവശ്യത്തെ തുടര്‍ന്ന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ടതാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കാരണമായത്. ഭര്‍ത്താവ് ലിന്‍സനും മൃതദേഹത്തെ അനുഗമിക്കാനാണ് സാധ്യത.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകും മുമ്പ് ഭര്‍ത്താവിനെ രാജ്യത്തിന് പുറത്തു പോകാന്‍ അനുവദിക്കണമെങ്കില്‍ ഒമാന്‍ പോലീസിന്റെ നിലവിലെ നടപടിക്രമങ്ങള്‍ പ്രകാരം അതിനു തടസങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നും ഉന്നതതല ഇടപെടല്‍ ഉണ്ടായ സാഹചര്യത്തില്‍ ലിന്‍സന് യാത്രാനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ പോലീസിന്റെ തീരുമാനം ഉടനെയുണ്ടാകും.
Post Your Comments