ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ബാങ്കുകളെ വെട്ടിച്ച മല്യയെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് ഇന്നലെ വിദേശകാര്യ മന്ത്രാലയം റദ്ദാക്കുകയും കോടതി ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നേരിട്ട് ഹാജരാകാന്‍ കോടതിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പലതവണ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തത്. പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യുന്നതോടെ മല്യയുടെ ലണ്ടനിലെ താമസം നിയമവിരുദ്ധമാകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
ദേശസാല്‍കൃത ബാങ്കുകളടക്കം 17 ബാങ്കുകളില്‍ നിന്നായി ഏകദേശം 9400 കോടി രൂപയാണ് മല്യ കടമെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യ ലണ്ടനിലാണ് ഇപ്പോള്‍ ഒളിച്ച് താമസിക്കുന്നത്. തേവിനിലെ ലേഡിവാക്ക് എന്ന ബംഗ്ലാവിലാണ് താമസം. ബ്രിട്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷൈറിലെ താമസക്കാരനായാണ് വോട്ടര്‍ പട്ടികയില്‍ വിജയ് മല്യ ചേര്‍ക്കപ്പെട്ടിരിക്കുന്നത്. മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള (ഡീപോര്‍ട്ടേഷന്‍) നടപടി ആരംഭിക്കുന്നതിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയം നിയമോപദേശം തേടുന്നതിനിടെയാണ് മല്യ ലണ്ടനില്‍ വോട്ടവകാശമുളള വ്യക്തിയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. തന്റെ ഔദ്യോഗിക മേല്‍വിലാസം ലേഡി വാക്ക് ആണെന്ന് മല്യ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 1992 മുതല്‍ താനൊരു ബ്രിട്ടീഷ് റസിഡന്റാണെന്നാണ് മല്യയുടെ വാദം. ഇന്ത്യ പാസ്‌പോര്‍ട്ട് റദ്ദുചെയ്തതിനാല്‍ മല്യ ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടുമെന്നും സൂചനയുണ്ട്.
Post Your Comments