NewsInternationalGulf

വിസ വിതരണത്തിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ തയ്യാറെടുത്ത് യു.എ.ഇ

ദുബായ്: വിദേശ രാജ്യങ്ങളില്‍ വിസ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ യു.എ.ഇ തയ്യാറെടുക്കുന്നു. വിദേശ തൊഴിലാളികളെ ജോലിക്കു നിയമിക്കാനുള്ള നടപടിക്രങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കാനുമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ യു.എ.ഇ വിസാ വിതരണകേന്ദ്രങ്ങള്‍ തുടങ്ങുന്നത്. വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയവും മനുഷ്യവിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയവും സംയുക്തമായി ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ശ്രീലങ്ക, ഇന്തോനേഷ്യ, കെനിയ, ബംഗ്ലദേശ് എന്നിവിടങ്ങളിലാണ് വിസാ വിതരണ കേന്ദ്രങ്ങള്‍ തുറക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് സഈദ് അല്‍ ദാഹിരി പറഞ്ഞു. ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുന്ന രണ്ടാംഘട്ടത്തില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാവും കേന്ദ്രങ്ങള്‍ ആരംഭിക്കുക.

രണ്ടാം ഘട്ടത്തില്‍ ആരംഭിക്കുന്ന പത്ത് കേന്ദ്രങ്ങളില്‍ നാലും ഇന്ത്യയിലാണ്. ഈജിപ്ത്, ടുണീഷ്യ, ലബനന്‍, സെനഗല്‍, നൈജീരിയ എന്നിവയാണു മറ്റു രാജ്യങ്ങള്‍. ഈവര്‍ഷവും അടുത്തവര്‍ഷവുമായി നടപ്പാക്കുന്ന മൂന്നാംഘട്ടത്തില്‍ ഇന്ത്യയില്‍ പുതിയ മൂന്നുകേന്ദ്രങ്ങള്‍ കൂടി തുറക്കും. പാക്കിസ്ഥാന്‍, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളും മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ ആരംഭിക്കുന്ന വിസ കേന്ദ്രങ്ങളില്‍ തിരുവനന്തപുരവും ഉണ്ടായേക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് ആരംഭിക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. ഇതിനൊപ്പമാകും വിസ കേന്ദ്രവും ആരംഭിക്കുന്നത്.

യുഎഇയിലേക്കുള്ള യാത്രാ നടപടികള്‍ അതാത് നാടുകളില്‍ തന്നെ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ക്ക് കാലതാമസം ഇല്ലാതെ എത്താനാകുന്ന തരത്തിലാണ് വിസ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. എന്‍ട്രി പെര്‍മിറ്റ് നല്‍കല്‍, വൈദ്യപരിശോധന, വിരലടയാളം എടുക്കല്‍, സര്‍ട്ടിഫിക്കറ്റ് വിലയിരുത്തല്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളുടെ പരിധിയില്‍ വരും. തൊഴില്‍ കരാറിന്റെ പകര്‍പ്പ് വിസാ കേന്ദ്രങ്ങളില്‍ നിന്ന് ഒപ്പിട്ട് കൈപ്പറ്റണം. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു മുഖചിത്രം പകര്‍ത്തല്‍, ഐ സ്‌കാനിങ് എന്നിവയ്ക്കും കേന്ദ്രങ്ങളില്‍ സംവിധാനമൊരുക്കും.

വിമാനത്താവളങ്ങളിലെ സ്മാര്‍ട് ഗേറ്റുകള്‍ വഴി പ്രവേശിക്കാം. തൊഴിലാളികളെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും അതതു രാജ്യങ്ങളില്‍ പൂര്‍ത്തിയാക്കും. ലഭ്യമാകുന്ന ജോലി, ആനുകൂല്യങ്ങള്‍, അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, നിബന്ധനകള്‍ തുടങ്ങി ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള പൂര്‍ണബോധ്യം തൊഴിലാളിക്കു ലഭ്യമാകുമെന്നതാണ് ഇതിന്റെ നേട്ടം. തൊഴിലാളിയുടെ സ്വന്തം ഭാഷയിലാകും കരാര്‍ തയാറാക്കുക.

യുഎഇ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലാകും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുക. യുഎഇയില്‍ എത്തുന്ന തൊഴിലാളി ഏതെങ്കിലും വിധത്തില്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഈ സംവിധാനം സഹായകമാകും. തൊഴിലവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടും. വാഗ്ദാനം ചെയ്ത ജോലി കിട്ടാതിരിക്കുക, ആനുകൂല്യങ്ങള്‍ നിഷേധിക്കുക തുടങ്ങിയ അവസ്ഥയുണ്ടാകില്ല. സേവനകേന്ദ്രങ്ങളിലൂടെ കരാറിന്റെ സുപ്രധാന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഇതു സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button