ഡല്‍ഹി: : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് നാല്‍പത്തിമൂന്നാം ജന്‍മദിനം.ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമായ സച്ചിന്‍ 1973 ഏപ്രില്‍ 24 ന് ബോംബെയിലാണ് (ഇപ്പോള്‍ മുംബൈ) ജനിച്ചത്. മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മിൺ കുടുംബത്തിലാണ് സച്ചിൻ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു മറാത്തി സാഹിത്യകാരൻ കൂടിയായിരുന്ന രമേഷ് ടെണ്ടുൽക്കർ, തന്റെ ഇഷ്ട സംഗീത സംവിധായകനായ സച്ചിൻ ദേവ് ബർമ്മൻ എന്ന പേരിലെ സച്ചിൻ എന്ന നാമം തന്റെ മകനു നൽകി. ടെണ്ടുൽക്കറുടെ മൂത്ത ജ്യേഷ്ഠൻ അജിത് സച്ചിനെ ക്രിക്കറ്റ് കളിക്കാൻ പ്രോൽസാഹിപ്പിച്ചിരുന്നു. അജിതിനെ കൂടാതെ സച്ചിന് നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട്.
പ്രാഥമിക വിദ്യാഭ്യാസം ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു. അവിടെ നിന്നാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ തന്റെ കോച്ച് ആയിരുന്ന രമാകാന്ത് അചരേക്കറിൽ നിന്ന് സച്ചിൻ പഠിച്ചത്. തന്റെ സ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ സച്ചിൽ എം.ആർ.എഫ്. പേസ് അക്കാദമിയിൽ നിന്നും പേസ് ബൗളിംഗിൽ പരിശീലനത്തിന് ചേർന്നു. പക്ഷേ അവിടത്തെ പരിശീലകനായിരുന്ന ഡെന്നിസ് ലില്ലി, സച്ചിനോട് ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു.ചെറുപ്പകാലത്ത് സച്ചിൻ അനേകം മണിക്കൂറുകൾ പരിശീലകനോടൊപ്പം ക്രിക്കറ്റ് പരിശീലിക്കുമായിരുന്നതിനാൽ സച്ചിന് മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി. അപ്പോൾ പരിശീലകൻ സ്റ്റമ്പിന്റെ മുകളിൽ ഒരു രൂപ നാണയം വെക്കുകയും സച്ചിനെ പുറത്താക്കുന്ന ബൗളർക്ക് ആ നാണയം സമ്മാനം നൽകുകയും ചെയ്യുമെന്ന് പറഞ്ഞു. ആ പരിശീലനത്തിനിടയിൽ ആർക്കും സച്ചിനെ പുറത്താക്കാൻ പറ്റിയില്ലെങ്കിൽ കോച്ച് ആ നാണയം സച്ചിനും നൽകുമായിരുന്നു. സച്ചിൻ പറയുന്നത് അക്കാലത്ത് കിട്ടിയ 13 നാണയങ്ങൾ ആണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങൾ എന്നാണ്.
1989 നവംബര്‍ 15 ന് പതിനാറാം വയസ്സില്‍ പാകിസ്താനെതിരായ ടെസ്റ്റിലൂടെയാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. പിന്നീട് 24 വര്‍ഷം കരിയറിന് 2013 നവംബറിന് വിരാമമിടുമ്പോള്‍ ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകളില്‍ മിക്കവയും സച്ചിന്റെ പെരിലയിക്കഴിഞ്ഞിരുന്നു.ഏറ്റവും കൂടുതല്‍ ടെസ്റ്റ്-ഏകദിന മത്സരങ്ങള്‍ കളിച്ച താരമാണ് സച്ചിന്‍. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്നീ റെക്കോഡുകളും സച്ചിന്റെ പേരിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികളും (ടെസ്റ്റ്-51, ഏകദിനം-49) മുപ്പതിനായിരത്തിലേറെ അന്താരാഷ്ട്ര റണ്‍സും ഉള്ള ഏക താരമാണ് സച്ചിന്‍. ഏകദിനത്തില്‍ ആദ്യമായി 200 എന്ന മാന്ത്രികസംഖ്യ കടന്നതും മറ്റാരുമല്ല.
വിരമിച്ച ശേഷം കഴിഞ്ഞ വര്ഷം നവംബറില്‍ സച്ചിന്‍ തന്റെ ആത്മകഥയും പുറത്തിറക്കിയിരുന്നു. സച്ചിന്റെ കരിയര്‍ പോലെ തന്നെ വിവാദങ്ങള്‍ക്കിട നല്‍കാത്ത ആത്മകഥ ‘പ്ലെയിങ് ഇറ്റ് മൈ വേ’ വില്‍പനയില്‍ റെക്കോഡുകള്‍ ഭേദിച്ചു. ഈ വര്‍ഷം നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാന്‍ഡ് അമ്പാസഡറായതും ഇന്ത്യയുടെ ഈ ക്രിക്കറ്റ് ഇതിഹാസം തന്നെ.സച്ചിന്റെ നേട്ടങ്ങള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഇതര സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും പല പദ്ധതികളുടെയും സജീവ പങ്കാളിയും ബ്രാന്‍ഡ് അമ്പാസഡറുമാണ് സച്ചിന്‍.
Post Your Comments