ചാരുംമൂട്: മന്ത്രവാദം സംബന്ധിച്ച പരാതിയില്‍ നോട്ടീസ് നല്‍കാനെത്തിയ വനിതാ പൊലീസുകാരിയുടെ കൈ മന്ത്രവാദിനിയും കൂട്ടരും ചേര്‍ന്ന് തല്ലിയൊടിച്ചു. മലപ്പുറം സ്വദേശിനിയും ആലപ്പുഴ വനിതാ സെല്‍ സി ഐയുമായ മീനാകുമാരി (52) ക്കാണ് പരിക്കേറ്റത്. മന്ത്രവാദിനി ശോഭന (42), മകള്‍ ആതിര (18), ശോഭനയുടെ അനുജത്തി രോഹിണി (40) എന്നിവരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു.
അയല്‍വാസികള്‍ ശോഭനയ്‌ക്കെതിരേ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ വനിതാ സെല്ലില്‍ എത്താന്‍ ആവശ്യപ്പെട്ടു നോട്ടീസ് നല്‍കാന്‍ എത്തിയപ്പോഴാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് എത്തിയ ഇവരില്‍ നിന്നും ശോഭന നോട്ടീസ് കൈപ്പറ്റി. തുടര്‍ന്ന് വീട്ടിനുള്ളില്‍ നിന്നും പുക പടലങ്ങള്‍ ഉയരുന്നത് കണ്ട് എന്താണെന്ന് ചോദിച്ചപ്പോള്‍ മൂവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് സിഐ പറഞ്ഞിരിക്കുന്നത്.
തള്ളിത്താഴെയിട്ട ശേഷം ഒരു കമ്പെടുത്ത് സി ഐയുടെ കയ്യില്‍ അടിക്കുകയായിരുന്നു. അടിയേറ്റ് മീനാകുമാരിയുടെ മൂന്ന് വിരലുകള്‍ ഒടിഞ്ഞു. വിവരം അറിഞ്ഞെത്തിയ നൂറനാട് പൊലീസ് മീനാകുമാരിയെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് കയ്യില്‍ പ്‌ളാസ്റ്റര്‍ ഇടുകയും ശോഭനയേയും കൂട്ടരേയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മീനാകുമാരിയെ ആക്രമിക്കുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ലേഖയ്ക്കു നേരേയും ആക്രമണം ഉണ്ടായി . വീട്ടില്‍ മന്ത്രവാദം നടക്കുന്നെന്ന് 51 വീട്ടുകാരാണ് പരാതി നല്‍കിയത്.
Post Your Comments