India

മസൂദ് അസറിനെ രക്ഷിച്ച ചൈനയ്ക്ക് ഇന്ത്യയുടെ തിരിച്ചടി

ന്യൂഡല്‍ഹി: ചൈന ഭീകരനെന്ന് ആരോപിക്കുന്ന ആഗോള ഉയ്ഗര്‍ കോണ്‍ഗ്രസ് (ഡബ്ള്യുയുസി) നേതാവ് ഡോള്‍കുന്‍ ഇസയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി. പത്താന്‍കോട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ജയ്ഷ ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ രാജ്യാന്തര ഭീകരരുടെ പട്ടികയിലുള്‍പ്പെടുത്തി വിലക്കുന്നതിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ നീക്കം ചൈന അടുത്തിടെ വീറ്റോ ചെയ്തിരുന്നു. ഇതിനുള്ള തിരിച്ചടി എന്ന നിലയ്ക്കാണ് ഡോള്‍കുന് ഇന്ത്യ സന്ദര്‍ശനാനുമതി നല്‍കിയതെന്നാണു കരുതപ്പെടുന്നത്.

മുസ്ലിം സമുദായത്തിനു ഭൂരിപക്ഷമുള്ള ചൈനയുടെ ഷിന്‍ചിയാങ് പ്രവിശ്യ പിടിച്ചെടുക്കുന്നതിനായി ഡോള്‍കുനിന്റെ നേതൃത്വത്തിലുള്ള ഉയ്ഗര്‍ വംശജര്‍ ആക്രമണം നടത്തുന്നതായി ചൈന ആരോപിച്ചിരുന്നു. ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസിലും ഡോള്‍കുനെ ഭീകരന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ജര്‍മനി ആസ്ഥാനമാക്കിയാണു ഡോള്‍കുന്‍ പ്രവര്‍ത്തിക്കുന്നത്.

ഈ മാസം 28 മുതല്‍ മേയ് ഒന്നുവരെ ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടക്കുന്ന ടിബറ്റന്‍ കോണ്‍ഫറന്‍സിലാണ് ഡോള്‍കുനും സംഘവും പങ്കെടുക്കുക. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഇരുവരും തമ്മില്‍ കോണ്‍ഫറന്‍സിനിടെ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം,ഡോള്‍കുനെ നിയത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പി.ടി.ഐയോട് പറഞ്ഞു.

shortlink

Post Your Comments


Back to top button