മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ട നഗരസഭയും തീക്കോയി, പൂഞ്ഞാർ, തെക്കേക്കര, തിടനാട് പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് പൂഞ്ഞാർ നിയോജകമണ്ഡലം. പി.സി ജോര്ജ്ജ് മണ്ഡലത്തിലെ നിർണ്ണായക ശക്തിയാണ് ഇപ്പോഴും. മുന്നണികളുടെ പിൻബലം ഒന്നുമില്ലെങ്കിലും പി.സി കേരള കൊണ്ഗ്രെസ്സ് സെക്യുലർ എന്ന സ്വന്തം പാർട്ടിയിലൂടെ മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. മത്സരിച്ച എഴുതവണയിൽ ആറു തവണയും പി.സിക്ക് തന്നെയായിരുന്നു പൂഞ്ഞാർ.
യു ഡി എഫിന് മേൽക്കോയ്മയുള്ള മണ്ഡലത്തിൽ ഇടതു കക്ഷികൾ ജയിച്ചെങ്കിൽ അതും പി.സി കാരണം തനെയാണ്. ഇടതും വലതും പാര്ട്ടികൾക്കായി പി സി ഇവിടെ മത്സരിച്ചു ജയിച്ചിട്ടുണ്ട്. ഇരുമുന്നണികളുടെയും ഭാഗമായി വിജയിച്ചിട്ടുള്ള പി.സി.ജോർജ് തികഞ്ഞ ആത്മവിശ്വസത്തിലാണ്.
ചതുഷ്കോണ മത്സരം നടക്കുന്ന ഇവിടെ എല്‍ ഡി എഫിന് വേണ്ടി പി.സി.ജോസഫ് മത്സരിക്കുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സാഥാനാർഥി അഡ്വ. മോഹൻ തോമസിന് ലഭിച്ച 44105 വോട്ട് മാത്രം ലഭിച്ചാൽ തീർച്ചയായും വിജയിക്കാമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. നേതൃത്വം. മൂന്ന് കേരള കോൺഗ്രസ്സുകൾ തമ്മിൽ ഏറ്റുമുട്ടുന്നുവെന്നത് മത്സരത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പാക്കുമെന്നും കാർഷികവിളകളെയും പ്രത്യേകിച്ച് റബ്ബർ കർഷകരെയും സംരക്ഷിക്കാൻ സ്ഥിരം സംവിധാനം നടപ്പാക്കുമെന്നും എരുമേലിയുടെ സമഗ്രവികസനം നടപ്പാക്കുമെന്നും ഒക്കെയാണ് എൽ ഡി എഫിന്റെ വാഗ്ദാനം.
യു.ഡി.എഫിന്റെ സ്ഥാനാർഥി കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ജോർജ്കുട്ടി ആഗസ്തിയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞടുപ്പിൽ പൂഞ്ഞാറിൽ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി 2761 വോട്ടിന്റെ മേൽക്കൈ കൊണ്ട് ജയിച്ചിരുന്നു. ഇത് യു.ഡി.എഫ്. നേതൃത്വത്തിന്റ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക് രൂപവത്‌കരിക്കുമെന്നും കുടിവെള്ള ക്ഷാമം ഉള്ളിടത്ത് കുടിവെള്ളം എത്തിക്കുമെന്നും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ജനവിഭാഗത്തിന് പ്രത്യേക ക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നുമാണ് യു ഡി എഫ് സ്ഥാനാർഥിക്ക് ജനങ്ങളോടുള്ള വാഗ്ദാനം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യിലെ എം.ടി.രമേശ് നേടിയ വോട്ടും ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾക്ക് ലഭിച്ച ഇരുപതിനായിരത്തിലതികം വോട്ടുമാണ് എന്‍ ഡി എ യുടെ പ്രതീക്ഷ. ബി ഡി ജെ എസ് ഇവിടെ നിർണ്ണായക ശക്തിയാണ്. നിയോജക മണ്ഡലത്തിൽ ഇരുപത്തയ്യായിരത്തോളം എസ്.എൻ.ഡി.പി. അംഗങ്ങളുമുണ്ട്. ഇവ ചേർന്നാൽ എം.ആർ.ഉല്ലാസിന് വിജയം ഉറപ്പെന്ന് എൻ.ഡി.എ.നേതൃത്വം കരുതുന്നു. പൂഞ്ഞാർ താലൂക്ക് രൂപീകരിക്കുമെന്നും, ശബരി റെയിൽ പാത പൂർത്തീകരിക്കുമെന്നും എല്ലാ വീടുകളിലും മഴവെള്ളസംഭരണികൾ നിർമ്മിക്കുമെന്നും റബ്ബറിന്‍റെ വിലയിടിവ് തടയാൻ കേന്ദ്രത്തിൽ സമ്മര്ദ്ദം ചെലുത്തുമെന്നും കേന്ദ്ര പദ്ധതികൾ പൂഞ്ഞാറിലെ ജനങ്ങളിലെത്തിക്കുമെന്നും അടിസ്ഥാന സൌകര്യങ്ങൾ വര്‍ദ്ധിപ്പിക്കുമെന്നുമാണ് വാഗ്ദാനങ്ങൾ.
Post Your Comments