India

ജന്മം തന്നെ അനാഥരാക്കിയ പിഞ്ചു ബാല്യങ്ങളോടുള്ള ക്രൂരത എന്നും ഒരു തുടര്‍ക്കഥ

ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അനാഥാലയത്തില്‍ കുട്ടികളുടെ ശരീരത്തില്‍ ജീവനക്കാര്‍ സ്പൂണ്‍ പഴുപ്പിച്ച്‌ പൊള്ളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സ്ഥാപനത്തിലെ സുരക്ഷാ ക്യാമറകളിലാണ് ജീവനക്കാരുടെ ക്രൂരത പതിഞ്ഞത്. ഹൈദരാബാദില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള കരിംനഗറില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലാണ് സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ട സാമൂഹിക പ്രവര്‍ത്തകര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കരിംനഗര്‍ പ്രോജക്‌ട് ഡയറക്ടര്‍ മോഹന്‍ റെഡ്ഡി അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരത്തെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. അഞ്ച് വയസില്‍ താഴെ പ്രായമുള്ള ഏഴ് കുട്ടികളാണ് ഇവിടെയുള്ളത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച കുട്ടികളുടെ കൈ, കാലുകളില്‍ ഒരു ആയ ചൂടാക്കിയ സ്പൂണ്‍ കൊണ്ട് പൊള്ളിക്കുന്നതാണ് ദൃശ്യത്തില്‍ കാണുന്നത്. മറ്റൊരു ആയ അടുപ്പില്‍ നിന്നും ചൂടാക്കിയ സ്പൂണ്‍ എടുത്തു കൊടുക്കുന്നുണ്ടായിരുന്നു. പൊള്ളലേറ്റ് കുട്ടികള്‍ പിടഞ്ഞ് മാറി ഭക്ഷണം കഴിക്കുമ്ബോള്‍ ഇരു സ്ത്രീകളും അത് ആസ്വദിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.കുട്ടികളുടെ കൈകളിലും കാലുകളിലും നേരത്തെ തന്നെ വൃണങ്ങള്‍ കണ്ടെന്നും ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ആയമാര്‍ തങ്ങള്‍ക്ക് അതേക്കുറിച്ച്‌ ഒന്നുമറിയില്ലെന്നാണ് പറഞ്ഞതെന്നും മോഹന്‍ റെഡ്ഡി അറിയിച്ചു.

ഇതേ തുടര്‍ന്നാണ് സ്ഥാപനത്തില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറകള്‍ സത്യം തെളിയിച്ചതായും ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളില്‍ അഞ്ചുവയസ്സുകാരിയായ ഗീത എന്ന കുട്ടിയുടെ കൈകളില്‍ പൊള്ളലേറ്റതിന്റെ വലിയ പാടുകളാണ് ഉള്ളത്. ആയമാര്‍ അധികൃതര്‍ക്ക് കുഴപ്പക്കാരായ കുട്ടികളുടെ പേര് നല്‍കിയതില്‍ ആദ്യം നല്‍കിയത് ഈ കുട്ടിയുടെ പേരാണ്. അതേസമയം ജീവനക്കാരെ ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

shortlink

Post Your Comments


Back to top button