‘കാലാ അസർ’ എന്ന പേരിൽ അറിയപ്പെടുന്ന കരിമ്പനി രോഗം പത്തനാപുരത്തെ പിറവന്തൂരിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘമെത്തി പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
ചെമ്പനരുവി ആദിവാസി കോളനിയിലെ മറിയാമ്മ(62)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പതോളജി പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബിഹാറിലെയും മറ്റ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളിൽ വ്യാപകമായ ഈ രോഗം പടർത്തുന്നത് കൊതുകിനേക്കാൾ ചെറിയ വലിപ്പത്തിലുള്ള ഒരിനം ഈച്ചയാണ്. അന്യസംസ്ഥാന തൊഴിലാളികൾ വഴിയാണ് രോഗവ്യാപനം നടന്നതെന്ന് കരുതപ്പെടുന്നു.
ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റിലെയും ജില്ലാ മെഡിക്കൽ ഓഫീസിലെയും രണ്ട് സംഘങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരും ഇന്നലെ ചെമ്പനരുവിയിലെത്തി രോഗവാഹികളെന്ന് സംശയിക്കുന്ന ഈച്ചകളെ ശേഖരിച്ച് വിദഗ്ദ്ധപരിശോധനയ്ക്കായി കോട്ടയത്തെ വെക്ടർ കൺട്രോൾ റിസേർച്ച് സെന്ററിലേയ്ക്ക് അയച്ചു. ഡോക്ടർ മീനാക്ഷിയുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റിന്റെ സംഘമെത്തിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷെർളിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡെപ്യൂട്ടി ഡിഎംഒ ആർ സന്ധ്യയും ഉൾപ്പെടുന്നു. രോഗവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചാണ് പരിശോധന നടത്തിയത്.
‘സാൻഡ് ഫ്ലൈ’ എന്ന ഈച്ചകൾ കടിക്കുമ്പോഴാണ് രോഗം പകരുന്നത്. നനവുള്ള മണ്ണിലും ചെളിപ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്.
Post Your Comments