ഹോട്ടൽ മുറിയിലെ ഏസീയുടെ തണുപ്പിലും അവൾ രോഷത്താൽ ചുട്ടുപൊള്ളി, വലിയ വാവട്ടമുള്ള കുപ്പിഗ്ലാസിലെ സ്വർണ്ണനിറമുള്ള വിലപിടിച്ച പാനീയം ഒരു കവിൾകൂടി നുണഞ്ഞിട്ട് ചുടുചോരയിൽ മുക്കിയ തൂലികയെടുത്ത് വീണ്ടും അവൾ ഹൃദയവികാരം മുറിയാതെ എഴുതി…
തീവണ്ടിയിൽ പൊൺകുട്ടികളെ കണ്ടാൽ ക്രൂരനായ പട്ടാളക്കാരൻ കടിച്ചുകീറുമെന്ന്..
കാശ്മീരിലെ പെൺകുട്ടികളെ പട്ടാളക്കാരൻ പിടിച്ചുകൊണ്ടുപോയി പിച്ചിച്ചീന്തുമെന്ന്…
മേജർ രവിയുടെ പട്ടാള സിനിമയിലെ ബലാത്സംഗം യതാർത്ഥത്തിൽ പട്ടാളക്കാരനാണു ചെയ്തതെന്ന്…
കാശ്മീർ യുവാക്കളെ കൊന്നുതള്ളുന്ന ദുഷ്ടന്മാരാണു പട്ടാളമെന്ന്…
കാശ്മീരികളുടെ സ്വാതന്ത്യം കവർന്നെടുക്കുന്ന കൈയ്യേറ്റക്കാരനാണ് പട്ടാളമെന്ന്…
വടക്കുകിഴക്കൻ മേഖലയിലെ അതിക്രമകാരി പട്ടാളമാണെന്ന്…
കൂറ്റൻ ശമ്പളവും ആനുകൂല്യവും വാങ്ങി തിന്നു കൊഴുക്കുന്ന പാഴ്വേലയാണു പട്ടാളമെന്ന്…
പേജുകൾ പലതു മറിഞ്ഞിട്ടും അവളുടെ രോഷം അടങ്ങിയില്ല, സ്വർണ്ണ പാനീയം കലിയാകുന്നതിനൊപ്പിച്ച് പട്ടാളക്കാരന്‍റെ ക്രൂരതകളെ അവൾ പത്രത്താളിലിട്ട് രൂക്ഷമായ വാക്കുകൾകൊണ്ട് അമ്മാനമാടി..
ലാപ്ടോപ്പിലെ ഗാലറി തുറന്ന് തന്നെ ഹരംപിടിപ്പിച്ച ചിത്രം അവൾ വീണ്ടും നോക്കി. അതിർത്തിയിലെ ഊടുവഴികൾ താണ്ടി ഒരു സങ്കേതത്തിൽ എത്തി താനെടുത്ത ചിത്രങ്ങൾ, സെൽഫികൾ..
തന്നേക്കാൾ പകുതികൂടി പൊക്കമുള്ള വെളുത്തുതുടുത്ത താടിയും തൊപ്പിയും വച്ച പൈജാമക്കാരൻ. കൂടെയുള്ളവരും സമാനർ തന്നെ…
ഹാഫിസ്.. പുകച്ചുരുളുകൾ ഊതിവിട്ടുകൊണ്ട് ആവൾ ആ പേര് ആരാധനയോടെ വീണ്ടും ഉച്ചരിച്ചൂ…
എഴുത്തുകാരിയും സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകയുമായ തനിക്കു ആഥിത്യമരുളിയ ജിഹാദീ, ആസാദീ സോദരന്മാർ…
അവർ പരസ്പരം പറഞ്ഞൂ, ചർച്ചചെയ്തൂ, കാശ്മീരിനെക്കുറിച്ച്, ഇന്ത്യയെക്കുറിച്ച്…
കാശ്മീരിനെ ഇന്ത്യ അതിക്രമിച്ച് കൈയ്യടക്കി വച്ചിരിക്കയാണെന്ന്,.. ഭൂരിപക്ഷം മുസ്ലീങ്ങൾ ഉള്ള കാശ്മീർ മുസ്ലീം രാജ്യമായ പാകിസ്താനിൽ ചേരണം, അല്ലങ്കിൽ സ്വതന്ത്ര രാജ്യം ആകണം എന്ന്,.. മറ്റുള്ളവരെ പൂർണ്ണമായും തുരത്തി ഓടിക്കണം എന്ന്,.. ഇന്ത്യൻ സർക്കാരിനോ പട്ടാളത്തിനോ കാശ്മീരിൽ ഒരു കാര്യവുമില്ലന്ന്,.. പട്ടാളക്കാർ കാശ്മീരിൽ അധികാരവും, അതിക്രമവും ധാർഷ്ട്യവും കാണിക്കുന്നൂവെന്ന്,.. ഇവിടുത്തെ പെണ്ണുങ്ങളെ ഓരോ പട്ടാളക്കാരനും പിച്ചിച്ചീന്തുകയാണെന്ന്,.. യുവാക്കളെ കൊന്നൊടുക്കുകയാണെന്ന്,.. ജനങ്ങളെ തല്ലിച്ചതയ്ക്കുക ആണെന്ന്,.. ഇന്ത്യ പണം മുടക്കി കാശ്മീരികളെ വിലയ്ക്കെടുക്കുക ആണെന്ന്.. പിഡിപി ബീജെപി സർക്കാർ കാശ്മീരിനു ദോഷമാണെന്ന്… കാശ്മീരികൾ ഇന്ത്യയ്ക്കൊപ്പം നിന്നാൽ പാകിസ്താനു നാണക്കേടാണെന്ന്… ഇവിടെ സമാധാനം പുലർന്നാൽ, വികസനം വന്നാൽ, നല്ല ഭരണം വന്നാൽ സ്വതന്ത്ര്യ കാശ്മീർവാദം ജനങ്ങൾ മറന്നു പോകുമെന്ന്… അതുകൊണ്ട് എങ്ങനേയും കാശ്മീരിനെ കലാപ ഭൂമി ആക്കണമെന്ന്, .. ഇന്ത്യയ്ക്കും സേനയ്ക്കും എതിരായ് എപ്പോഴും പൊരുതണമെന്ന്.. ഇന്ത്യയെ തകർക്കാൻ എന്തു മാർഗ്ഗവും സ്വീകരിക്കണം എന്ന്…
അഫ്സൽ ഗുരുവും, അജ്മൽകസബും വീര പുത്രന്മാരാണെന്ന്,.. ഹൈദ്രാബാദിലും, jnu വിലും ജമ്മുവിലും മറ്റു പലഭാഗത്തും ആസൂത്രണം ചെയ്ത ആസാദീ ആശയങ്ങളും ജാതിക്കളികളും ഇനിയും തുടരണമെന്ന്.. അതിനെ വിഡ്ഡികളായ ഇന്ത്യൻ മതേതര നേതാക്കൾ എപ്പോഴും പിന്തുണച്ചു കൊള്ളുമെന്ന്…
ഇന്ത്യ ലോകത്തിനു മുന്നിൽ സാമൂഹിക, ശാസ്ത്ര, സാമ്പത്തിക, സൈനിക ശക്തിയായ് കുതിച്ചു മുന്നേറുകയാണെന്ന് അവർ പറഞ്ഞൂ.. ആ ധാർഷ്ട്യവും അഹങ്കാരവും ഇന്ത്യയ്ക്കുണ്ട്..
അനേകംപേർ പട്ടിണി കിടക്കുമ്പോൾ ഈ രാജ്യം നിർമ്മിച്ചുകൂട്ടുന്ന ആയുധങ്ങളേയും, വിമാനങ്ങളേയും, കപ്പലുകളേയും, റോക്കറ്റുകളേയും, ആണവായുധത്തേയും, ചന്ദ്ര-ചൊവ്വാ യാത്രകളേയും, റെയിൽ റോഡു നിർമ്മാണങ്ങളേയും കുറിച്ച് അവർ പറഞ്ഞൂ…
ന്യൂനപക്ഷങ്ങൾ നേരിടുന്ന ആക്രമണങ്ങൾ, കൂട്ടക്കൊലകൾ, അറസ്റ്റു ചെയ്യുന്ന, ജയിലിൽ കിടക്കുന്ന നിരപരാധികൾ, അസഹിഷ്ണുത, ബീഫ് എല്ലാം അവർ പറഞ്ഞൂ..
ലോകം ചുറ്റുന്ന പുതിയ നേതാവിനെക്കുറിച്ച് അവർ പറഞ്ഞൂ, അയാൾ നടപ്പാക്കുന്ന വികസന അജണ്ടകൾ മറ്റു മതസാമുദായിക വിഷയങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനാണെന്ന് അവർ പറഞ്ഞൂ..
ഇന്ത്യ ലോക പോലീസാകാൻ ശ്രമിക്കുകയാണെന്ന് അവർ പറഞ്ഞൂ, മറ്റു രാജ്യങ്ങളെ ഒപ്പംകൂട്ടി വിശുദ്ധ യുദ്ധങ്ങൾക്കു തടസ്സം തീർക്കുകയാണെന്ന് അവർ പറഞ്ഞൂ..
ഇന്ത്യയെ തകർക്കുമെന്നും പ്രതികാരം ചെയ്യുമെന്നും, അതിനു നിങ്ങളെപ്പോലുള്ള നല്ല മനുഷ്യർ എന്നും കൂടെ ഉണ്ടാവണമെന്നും, നമ്മളെല്ലാം ഒരേ മനസ്സുള്ളവരാണെന്നും പറഞ്ഞ ഹഫീസിന്‍റെ രൗദ്ര വീരഭാവം സ്മരിച്ചുകൊണ്ട് അവൾ ഒന്നുകൂടി സ്വർണ്ണചഷകം നുകർന്നൂ,..
ഹഫീസിന്‍റെ മുന്നിൽ പിടഞ്ഞുവീഴുന്ന പട്ടാളക്കാരന്‍റെ വൃത്തികെട്ട മുഖത്ത് ആണിയടിച്ച സംതൃപ്തിയോടെ ആ ലേഖനം അവൾ മടക്കിവച്ചൂ…
പുറത്ത് എന്തെക്കെയോ ശബ്ദവും ബഹളവും, ബൂട്ടിന്‍റെ ടപക്കവും വെടിയൊച്ചകളും ആരെക്കെയോ ഓടുന്ന ശബ്ദവും അവളുടെ മയങ്ങിയ ബോധത്തിലേക്ക് ഓടിയെത്തി. മുന്തിയ നഗരത്തിലെ വലിയ സ്റ്റാർ ഹോട്ടലാണ്, കള്ളന്മാരെയോ ആക്രമികളേയോ പേടിക്കേണ്ട, ഡോർ അടച്ചിട്ടേയുള്ളു കുറ്റിയിട്ടിട്ടുമില്ല…
വലിയ വെടിയൊച്ചകൾ ദാ വീണ്ടും കേൾക്കുന്നൂ, അവൾ ശരിക്കും പരിഭ്രമിച്ചു..
ടക്..
ദാ കതക് തള്ളിത്തുറന്ന് മുന്നിൽ നിൽക്കുന്നൂ, ഒരു പട്ടാളക്കാരൻ…കാശ്മീരിലെ പെൺകുട്ടികളെ പിച്ചിച്ചീന്തുന്ന കശ്മലൻ..അവൾ ജീവിതത്തിലെ ഏറ്റവും വെറുപ്പുള്ള ഭാവത്തോടെ അലറി വിളിച്ചുപോയി..ദുഷ്ടാ നീയോ, നീ എന്തിനിവിടെ വന്നൂ, എന്നേയും ഭോഗിക്കാനാണോ..ഒച്ച വെയ്ക്കരുതെന്ന് ആംഗ്യം കാണിച്ചിട്ടും വകവയ്ക്കാത്ത അവളുടെ അടുത്തേക്ക് തോക്കേന്തിയ ആ പട്ടാളക്കാരൻ കുതിച്ചെത്തി, ഒരു വല്ലാത്ത ഭാവത്തിൽ.. ചീറ്റപ്പുലിയെപ്പോലെ ഉറഞ്ഞു തുള്ളൂന്ന അവളെ അയാൾ ബലിഷ്ടമായ കൈകൊണ്ട് പിടിച്ചടുപ്പിച്ച് വായ് പൊത്തി മുരണ്ടൂ,..
‘ശബ്ദിക്കരുതെന്നല്ലേ പറഞ്ഞത്…
അപ്പോൾ വാതിൽക്കൽ ഒടിയെത്തിയ മറ്റൊരു രൂപം കണ്ട് അവൾ അതിശയിച്ചൂ.. പട്ടാളക്കാരന്‍റെ കൈ കടിച്ചുപിടിച്ചു വലിച്ച് അവൾ തേങ്ങി.. ‘ഹഫീസ്.. ഈ ദുഷ്ടനിൽ നിന്നും എന്നെ രക്ഷിക്കൂ’..
‘ഹിന്ദുസ്ഥാനി ഹറാമീ’.. വാക്കുകളും വെടിയുണ്ടകളും ഒരുമിച്ചു പാഞ്ഞുവന്നൂ, ഹഫീസെന്ന തീവ്രവാദി സോദരനിൽ നിന്നും അവൾക്കു നേർക്കും അവളെ പൊതിഞ്ഞു നിന്ന പട്ടാളക്കാരന്‍റെ നേർക്കും..
ശ്വാസം നിലച്ചുനിന്ന അവളിൽ വെടിയുണ്ട ഏൽക്കാതെ ആ പട്ടാളക്കാരൻ അതു സ്വന്തം നെഞ്ചുകൊണ്ടു തടുത്തു, തിന്നു ചീർത്തുവീർത്തതെന്ന് അവൾ പറഞ്ഞ് ആക്ഷേപിച്ച ആ പട്ടാളക്കാരൻ അത്ര വെടിയുണ്ടയേറ്റിട്ടും, അവൾക്കു മുന്നിൽ മറയായ് നിവർന്നുതന്നെ നിന്നു, ചൂണ്ടുവിരൽ കാഞ്ചിയിൽ അമർന്നു…
ചീറിപ്പായുന്ന തീക്കനലുകൾ,.. അത് ആ തീവ്രവാദിയുടെ ഉടലിനെ പലവുരു തുളച്ചു പാഞ്ഞുപോയി..ആ അതികായൻ ആടിക്കുഴഞ്ഞ് പിടഞ്ഞുവീണു നിശ്ചലനായി..ആ റൂമിൽ വെടിശബ്ദങ്ങൾ പെട്ടെന്നു നിലച്ചു…
ഒട്ടു ആശ്വാസത്തിൽ ഇറുക്കിപ്പിടിച്ചിരുന്ന ഇരുകൈകളും മുഖത്തുനിന്നും അൽപ്പം മാറ്റി കണ്ണു തുറക്കുമ്പോൾ അവൾ കാണുന്നത് തന്‍റെ മുന്നിൽ ചേർന്ന് മതിൽപോലെ നിന്നിരുന്ന നിഴൽ കമഴ്ന്ന് മുന്നോട്ടു പതിക്കുന്നതാണ്,.. ‘വന്ദേ മാതരം’ എന്നൊരു ചെറു മർമ്മരം ആ രൂപത്തിൽ നിന്നും പുറപ്പെട്ടിരുന്നതായ് അവൾക്കു തോന്നി….
ഒന്നു പിടയാൻ അവശേഷിച്ച ജീവൻ കടമെടുത്ത് അയാൾ രക്തത്തിൽ കുതിർന്ന ഷർട്ടിനിടയിൽ നിന്നും ഒരു കട്ടിക്കടലാസുകഷണം വലിച്ചെടുത്ത് മുഖത്തോട് അടുപ്പിച്ചു…പക്ഷേ അതിലൊന്ന് ഉമ്മവയ്ക്കാൻ ആ കറുത്ത് കരുവാളിച്ച മനുഷ്യന് ജീവൻ അവശേഷിച്ചിട്ടില്ലായെന്ന് അവൾക്കു മനസ്സിലായി….അവൾ കുനിഞ്ഞ് തന്നെ ആക്രമിക്കാൻ വന്നൂ എന്നു ഭയപ്പെട്ട ആ പട്ടാളക്കാരന്‍റെ കൈയ്യിൽ നിന്നും മരിച്ചിട്ടും ബലപ്പിച്ച് പിടിച്ചിരുന്ന ആ കട്ടിക്കടലാസ് വിടുവിച്ചെടുത്തു. അത് സാരിയുടുത്ത് നെറ്റിച്ചുഴിയിൽ സിന്ദൂരക്കുറിയിട്ട ഒരു നാടൻ പെൺകുട്ടിയുടെ ചിത്രമായിരുന്നൂ, കൈയിടുപ്പിൽ എടുത്തുവച്ച ഇരുനിറമുള്ള പല്ലുമുളയ്ക്കാത്ത ഒരു കുഞ്ഞിന്‍റെ ചിരിക്കുന്ന മുഖവും…
അവൾ ആ ചിത്രം അയാളുടെ കൈവിരലിൽ തിരുകിവെച്ചു, പിന്നെ തന്‍റെ ലേഖനവുമെടുത്ത് പുറത്തേക്കു നടന്നൂ, പേരറിയാത്ത ആ പട്ടാളക്കാരനേയും അടുത്തു കിടക്കുന്ന ഹഫീസ് സോദരനേയും പിന്നിട്ട്…
Post Your Comments