ദുബായ്:വിദേശികളും സന്ദർശകരുമുൾപ്പെടെ എമിറേറ്റിലെ എല്ലാ താമസക്കാർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ഇൻഷുറൻസ് സിസ്റ്റം ഫോർ അഡ്വാൻസിങ് ഹെൽത്ത് കെയർ ദുബായ് (ഐഎസ്എഎച്ച്ഡി) പദ്ധതി ജൂണ്‍ മുതല്‍ പൂർണ പ്രാബല്യത്തിലാകും.ദുബായിലെ 75 % വിദേശികളും ഇതിനകം ഇൻഷുറൻസ് പരിധിയിലായതായും അധികൃതർ അറിയിച്ചു.വീസയുമായി ബന്ധിപ്പിച്ചതോടെ ഇൻഷുറൻസ് നടപടികൾ വേഗത്തിലായി. താമസ കുടിയേറ്റ വകുപ്പുമായി ചേർന്നു നടപടിക്രമങ്ങൾ ഏകോപിപ്പിച്ചു.
രേഖകളും മറ്റും എത്രയും വേഗത്തിൽ സമർപ്പിക്കാൻ ഇൻഷുറൻസ് കമ്പനികൾ സമയപരിധിയും നൽകിയിട്ടുണ്ട്. കമ്പനി വിശദാംശങ്ങൾ, ജീവനക്കാരുടെ വിശദാംശങ്ങൾ, അവരുടെ എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, വീസ വിവരങ്ങൾ തുടങ്ങിയവ ഇൻഷുറൻസുമായി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനമുള്ള മേഖലയായി ദുബായിയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎസ്എഎച്ച്ഡി പദ്ധതി ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദാണ് പദ്ധതിക്കു പിന്നിലെ പ്രചോദനം.
Post Your Comments