Kerala

നിരപരാധികളില്‍ അപരാധം കണ്ടെത്തി ആത്മസുഖം അനുഭവിക്കുന്നവര്‍

തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് എതിരായി വരുന്ന ഭീഷണികളെ ഒതുക്കാന്‍ എന്തു കുതന്ത്രം പയറ്റാനും ചിലര്‍ക്ക് മടിയില്ല. അവിടെ അപരാധികള്‍ പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കരാകും, നിരപരാധികള്‍ അപരാധികളും. ഇക്കൂട്ടരുടെ ഇത്തരം “ഗീബല്‍സിയന്‍” തന്ത്രങ്ങള്‍ക്ക് ഇത്തവണ ഇരയായത് കേരള രാഷ്ട്രീയത്തിലെ പുത്തന്‍ശക്തി ഭാരതീയ ധര്‍മ്മ യുവജനസേന (ബിഡിജെഎസ്)-ഉം ഈസ്റ്റ്കോസ്റ്റ് ഡെയിലിയുമാണ്‌.

ബിഡിജെഎസ് രൂപീകൃതമായ സമയത്ത് ആ പാര്‍ട്ടിക്ക് “കൂപ്പുകൈ” ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വന്ന ഈ റിപ്പോര്‍ട്ടുകള്‍ അധികരിച്ച് ഈസ്റ്റ്കോസ്റ്റ് ഡെയിലിയും വാര്‍ത്ത കൊടുത്തിരുന്നു.

ഇപ്പോള്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ബിഡിജെഎസ് തങ്ങള്‍ക്ക് ഒരു ഭീഷണിയാകുമെന്ന് കരുതുന്ന ആരോ, ബിഡിജെഎസ് അണികളെ തെറ്റിദ്ധരിപ്പിക്കാന്‍ മാസങ്ങള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ഉപയോഗിക്കുകയാണ്.

ബിഡിജെഎസ്-ന് “കൂപ്പുകൈ” ചിഹ്നം അനുവദിച്ചു എന്ന രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ് ചില സ്ഥാപിത താത്പര്യക്കാര്‍. യഥാര്‍ത്ഥത്തില്‍ ബിഡിജെഎസ്-ന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നത്തിന്‍റെ കാര്യത്തില്‍ തീരുമാനങ്ങളൊന്നും ഇതുവരെ ആയിട്ടില്ല. ഇനിയുള്ള ദിവസങ്ങളില്‍ ഈ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ബിഡിജെഎസ് നേതൃത്വവും അണികളും. “കൂപ്പുകൈ” ചിഹ്നം അനുവദിക്കപ്പെടാന്‍ സാദ്ധ്യതയില്ലെന്നാണ് പാര്‍ട്ടി നേതൃത്വം തന്നെ വിലയിരുത്തുന്നത്.

സാഹചര്യം ഇങ്ങനെയായിരിക്കെ ബിഡിജെഎസ്-ന്‍റെ ശക്തമായ സാന്നിധ്യം തീരെപിടിക്കാത്ത ഏതോ ദുഷ്ടശക്തികള്‍ വളരെമുമ്പ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ ചിത്രം വച്ച് നടത്തുന്ന ദുഷ്പ്രചരണങ്ങളുടെ മുനയൊടിക്കാന്‍ വേണ്ടതു ചെയ്തു കഴിഞ്ഞു എന്ന്‍ ബിഡിജെഎസ് നേതൃത്വവും അറിയിച്ചു കഴിഞ്ഞു.

ഏതായാലും നിരപരാധികളില്‍ അപരാധം കണ്ടെത്തി ആത്മസുഖം അനുഭവിക്കുന്ന ഇത്തരം “ഗീബല്‍സുമാരെ” തുറന്നു കാട്ടാന്‍ ഈ സന്ദര്‍ഭം ഞങ്ങളും വിനിയോഗിക്കുകയാണ്‌.

shortlink

Post Your Comments


Back to top button