വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിയ്ക്കും?ഫോണ്‍ സിഗ്‌നലുകള്‍ കോക്ക്പിറ്റിലെ പ്രധാനപ്പെട്ട ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ടെലി കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റത്തെ തടസപ്പെടുത്തുകയും അതു വഴി വിമാനം തകരാന്‍ ഇടയാവുകയും ചെയ്യും.
മൊബൈല്‍ ഫോണുകള്‍, ടാബ്ലറ്റ് എന്നിവ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ വിമാനത്തിന് അത് അപകടം വരുത്തുമെന്നും ചിലര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ യാത്രക്കാരുടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള സിഗ്‌നലുകള്‍ വിമാനത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കുകയും തകര്‍ന്ന് വീഴലിന് വഴിയൊരുക്കുമെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ല. ആധുനിക സാങ്കേതിക വിദ്യകള്‍ വിശ്വസനീയവും സുരക്ഷിതവുമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ അത് പൈലറ്റും എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരും തമ്മിലുള്ള ആശയവിനിമയത്തിനിടെ അലോസരമുണ്ടാക്കുമെന്നത് മാത്രമാണ് പ്രശ്‌നമെന്നും വിദഗ്ദ്ധര്‍ പറയുന്നു.മൊബൈല്‍ സിഗ്‌നലുകള്‍ വിമാനത്തിനുള്ളിലെത്തുന്ന റേഡിയോ സിഗ്‌നലുകള്‍ കേള്‍ക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് എയര്‍ലൈന്‍ അപ്‌ഡേറ്റ്‌സ് എന്ന ബ്ലോഗില്‍ ഒരു പൈലറ്റ് എഴുതിയിരിക്കുന്നത്. ഒരു സ്പീക്കറിനടുത്ത് ഒരു മൊബൈല്‍ വച്ചാലുണ്ടാകുന്ന അലോസരത്തിന് സമാനമാണിതെന്നു അദ്ദേഹം വെളിപ്പെടുത്തുന്നു.
എന്നാല്‍ ഇതിന് എപ്പോഴും സാധ്യതയില്ലെന്നും പൈലറ്റ് പറയുന്നു. ഇത്തരത്തില്‍ മൊബൈല്‍ സിഗ്‌നലുകളുടെ തുടര്‍ച്ചയായ ഇടപെടല്‍ മൂലം എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ണായകമായ സന്ദേശം പോലും പൈലറ്റുമാര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത അവസരങ്ങളുണ്ടായേക്കാമെന്നും അത് കടുത്ത ദുരന്തങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ടെന്നും പൈലറ്റ് വ്യക്തമാക്കുന്നു.ഇത്തരത്തിലുള്ള തടസങ്ങള്‍ അടുത്ത കാലത്ത് ഒരു യാത്രക്കാരന്‍ ടെക്സ്റ്റുകള്‍ അയക്കുന്നതിനെ തുടര്‍ന്നുണ്ടായിരുന്നുവെന്നും എന്നാല്‍ അയാളോട് ഫോണ്‍ ഫ്‌ലൈറ്റ് മോദിലിടാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആ അലോസരം ഇല്ലാതായെന്നും പൈലറ്റ് പറയുന്നു.
മിക്ക കമേഴ്‌സ്യല്‍ വിമാനങ്ങളും തങ്ങളുടെ യാത്രക്കാരെ വിമാനയാത്രാ വേളയില്‍ ഫോണ്‍ വിളിക്കാനോ ടെക്സ്റ്റ് മെസേജുകള്‍ അയക്കാനോ അനുവദിക്കാറില്ല. വിമാനത്തിന്റെ സുരക്ഷ അല്ലെങ്കില്‍ മറ്റ് യാത്രക്കാരുട സൗകര്യം എന്നിവ മാനിച്ചാണ് ഈ നടപടിയെടുക്കുന്നത്. എന്നാല്‍ യാത്രക്കാരെ സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ യാത്രക്കിടെ ഉപയോഗിക്കാന്‍ അനുവദിക്കുന്ന വിമാനങ്ങളുമുണ്ട്.
എന്നാല്‍ ഇതിന് മുമ്പ് ഒരു പ്രീഫ്‌ലൈറ്റ് സേഫ്റ്റി ഡെമോന്‍സ്‌ട്രേഷന്‍ ഇവര്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കും.വിവിധ വിമാനക്കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിയമങ്ങള്‍ക്ക് വ്യത്യാസമുണ്ട്. ചില ഇന്റര്‍നാഷണല്‍ എയര്‍ലൈനുകളുടെ ചില വിമാനങ്ങളില്‍ വോയിസ് കാളുകളും ടെക്സ്റ്റുകളും വിമാനത്തിനുള്ളില്‍ അനുവദിക്കുന്നുണ്ടെന്നാണ് യുകെ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി വെളിപ്പെടുത്തുന്നത്. എന്നാല്‍ യുഎസില്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ വിമാനത്തിനുള്ളിലെ ഫോണ്‍വിളികളും മൊബൈല്‍ ഫോണ്‍ ഉപയോഗവും 1991 മുതല്‍ നിരോധിച്ചിട്ടുണ്ട്.
Post Your Comments