നരേന്ദ്രമോദി-എന്നു മുതല്‍ക്കാണ് ഈ പേര് കേട്ട്തുടങ്ങിയതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും,ഒരിക്കല്‍ ഞാന്‍ പഠിപ്പിച്ചിരുന്ന തിരുവനന്തപുരത്തെ സാന്ദീപനി സ്കൂളിലെ ഒന്‍പതാംക്ലാസ്സുകാരനായ ഒരു കുട്ടിയുടെ പ്രസംഗത്തില്‍ കൂടിയായിരുന്നു ഞാന്‍ ഈ പേര് ശ്രദ്ധിച്ചുതുടങ്ങിയത്.ഗുജറാത്തിലെ “കച്ച്” പ്രവിശ്യയില്‍ നിന്നും പുതുതായിട്ട് ആ സ്കൂളില്‍ ചേര്‍ന്ന കുട്ടിയായിരുന്നു അവന്‍.’കച്ച് മുസ്ലീം വിഭാഗത്തില്‍പെട്ട ആ കുട്ടി അന്ന് പ്രസംഗിച്ചത് ഏറെയും അവിടുത്തെ വ്യത്യസ്തമായ ജീവിതരീതിയെക്കുറിച്ചും വികസനങ്ങളെക്കുറിച്ചും നരേന്ദ്രമോഡിയെന്ന മികച്ചഭരണാധികാരിയെക്കുറിച്ചും ആയിരുന്നുവെങ്കിലും എന്റെ മനസ്സില്‍ ഉറച്ചിരുന്ന കലാപവും ശൂലവും ഭ്രൂണവും ഗര്‍ഭിണിയുമെല്ലാം തന്നെ അന്നത്തെ ആ കുട്ടിയുടെ പ്രസംഗത്തോട് എന്നെ ഒട്ടും അടുപ്പിച്ചില്ല. മോദിയെന്ന പേര് കേള്‍ക്കുമ്പോള്‍ എന്നും മനസ്സില്‍ വന്നിരുന്ന ചിഹ്നങ്ങളായിരുന്നു കത്തിക്കരിഞ്ഞ ബോഗികളും ശൂലവും ഭ്രൂണവും..രണ്ടായിരത്തിപതിനാലില്‍ അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ ജന്മനാ കോണ്‍ഗ്രസ്സുകാരിയായിരുന്ന( പിന്നീടു ആം ആദ്മിയോട് അടുപ്പം) എനിക്ക് ഉണ്ടായ ദുഃഖം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു.
എനിക്ക് എന്നും പ്രിയപ്പെട്ട പ്രധാനമന്ത്രി രാജീവ്ജിയായിരുന്നു.എണ്‍പതുകളിലെ കുട്ടികളുടെ മനസ്സിലെ പ്രിയപ്പെട്ട വിഗ്രഹമായിരുന്നു രാജീവ്ജിയും ആ പ്രസന്നമുഖവും പുഞ്ചിരിയും.ബാല്യത്തില്‍ ഞാനാദ്യമായി മറ്റൊരാളുടെ വിയോഗത്തില്‍ കരഞ്ഞതും രാജീവ്‌ജി മരിച്ചപ്പോഴായിരുന്നു.ഇന്നും ഓര്‍ക്കുന്നു ദൂരദര്‍ശനിലെ ആ സ്പെഷ്യല്‍ വാര്‍ത്താബുള്ളറ്റിന്‍..ശ്രീകണ്ഠന്‍നായരുടെ ഇടറിയ വാക്കുകളില്‍ കൂടി ശ്രീപെരുമ്പത്തൂരിലെ ആ ദുരന്തം കേട്ടപ്പോള്‍ അമ്മയും അമ്മൂമ്മയും കുഞ്ഞമ്മമാരും പൊട്ടിക്കരഞ്ഞു.ക്ലിഫ് ഹൗസില്‍ ക്യാന്റീന്‍ നടത്തിയിരുന്ന എന്റെ മോഹനന്‍ മാമ്മന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ലീഡര്‍ക്ക് വന്ന അടിയന്തിരസന്ദേശത്തിലൂടെ ആ വാര്‍ത്ത നേരത്തേ അറിഞ്ഞിരുന്നുവെങ്കിലും ഞങ്ങളോട് ആരോടും പറഞ്ഞിരുന്നില്ല.പകരം വാര്‍ത്താബുള്ളറ്റിന്‍ കാണാന്‍ വിളിച്ചുപറയുകയായിരുന്നു.ഉറക്കച്ചടവോടെ വാര്‍ത്ത കേള്‍ക്കാനിരുന്ന എനിക്ക് വലിയൊരു ആഘാതമായിരുന്നു ആ വാര്‍ത്ത.കുഞ്ഞുമനസ്സില്‍ അത്രയേറെ ഒരു ഭരണാധികാരിയുടെ ചിത്രം പതിയണമെങ്കില്‍ അത്രയേറെ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കണം ആ വ്യക്തി.അതായിരുന്നു രാജീവ്ഗാന്ധി.. ഏകദേശം രണ്ടര പതിറ്റാണ്ടിനുശേഷം ഇപ്പോഴിതാ ജനഹൃദയങ്ങളെ അത്രമേല്‍ സ്വാധീനിച്ച മറ്റൊരാള്‍ കൂടി എന്റെ പ്രിയപ്പെട്ട ഭരണാധികാരിയായി മാറിയിരിക്കുന്നു.നരേന്ദ്രമോഡിയെന്ന നമ്മുടെ പ്രധാനമന്ത്രി.അതൊരു വലിയൊരു തിരിച്ചറിവ് കൂടിയാണ്.എന്നെ പോലെ തന്നെ വളരെ സാധാരണക്കാരായ പലരും ഇന്ന് ആ തിരിച്ചറിവിന്റെ പാതയിലാണ്..
മലയാളികളുടെ മനസ്സിലേറ്റ വലിയൊരു മുറിവായിരുന്നു പരവൂര്‍ വെടിക്കെട്ട് അപകടം..മാലിദ്വീപിലെ സ്കൂളില്‍ ആദ്യത്തെ പീരിയഡ് കഴിഞ്ഞു ഇരിക്കുമ്പോള്‍ ആണ് ഞാന്‍ ഈ വാര്‍ത്ത അറിയുന്നത്.കുടുംബവേരുകള്‍ ചിറയിന്‍കീഴ് ഉള്ള ഞാന്‍ വല്ലാതെ നടുങ്ങി.കാരണം ശാര്‍ക്കര ഭരണിയും പുറ്റിങ്ങല്‍കമ്പവും ആറ്റുകാല്‍ പൊങ്കാലയും കൊല്ലത്തുകാരുടെയും തിരുവനന്തപുരത്തുകാരുടെയും രക്തത്തിലലിഞ്ഞ ഉത്സവങ്ങളാണ്.വര്‍ക്കലയിലും ആറ്റിങ്ങലിലും ചിറയിന്‍കീഴിലും ഉള്ള ബന്ധുക്കളെവിളിച്ചു അന്വേഷിച്ചപ്പോള്‍ അവര്‍ സുരക്ഷിതരാണെന്നുള്ള മറുപടിയില്‍ മനസ്സൊന്നു തണുക്കുമ്പോഴും ഉള്ളില്‍ വല്ലാത്തൊരു വിങ്ങല്‍.അപ്പോഴാണ് സംഘപരിവാറുകാരനായ സഹയദ്ധ്യാപകന്‍ അരവിന്ദ് പറയുന്നത് മോദിജി അടിയന്തിരമായി പരവൂരില്‍ വരുന്നുവെന്ന വിവരം.സ്റ്റാഫ്റൂമിലെ ഇന്ത്യന്‍ അധ്യാപകര്‍ക്കിടയില്‍ പിന്നെ അതേക്കുറിച്ചായി ചര്‍ച്ച.ലാപ്ടോപ്പുകളിലും മൊബൈലുകളിലും നിറഞ്ഞ ഫ്ലാഷ് ന്യൂസുകളിലെങ്ങും മരണത്തിന്റെ കറുപ്പ് മാത്രം..അതിനിടയില്‍ കണ്ടു മോദിജിയുടെ ട്വീറ്റ്..ആത്മാര്‍ത്ഥതയുടെയും കറകളഞ്ഞ ഉത്തരവാദിത്വത്തിന്റെയും കൈയൊപ്പ് ചാര്‍ത്തിയ ട്വീറ്റ്.അദ്ദേഹത്തിന്റെ പതിവ് ട്വീറ്റുകളെ “വെറും തള്ളല്‍” എന്നു പറഞ്ഞിരുന്ന എന്നിലെ വിമര്‍ശക ആദ്യമായി വായടച്ച സന്ദര്‍ഭം.മുമ്പും മോദിജിയോടു ആരാധന തോന്നിയിരുന്ന സന്ദര്‍ഭങ്ങളില്‍ ഒക്കെയും വിമര്‍ശനത്തിന്റെ മുനയുമായി വന്നിരുന്ന എന്നിലെ ആ “മോഡിവിരുദ്ധ ഈഗോ” മഞ്ഞുപോലെ ഉരുകിയൊലിച്ച് പോയ ആദ്യ സംഭവം..അപ്പോഴാണ് സഹപ്രവര്‍ത്തകനായിരുന്ന ചെന്നൈക്കാരന്‍ അദ്ധ്യാപകന്‍ ശ്രീ ധനരാജ് ഗോപാലും ഭാര്യ മേരി റബേക്ക ടീച്ചറും ചെന്നൈ പ്രളയത്തില്‍ മോദിജിയുടെ സ്തുത്യര്‍ഹമായ ഇടപെടലിനെ കുറിച്ച് പറഞ്ഞത്.ആ സന്ദര്‍ശനം ആശ്വാസമായത് ഏറെയും അവിടുത്തെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആയിരുന്നുവത്രേ..കഴിഞ്ഞ നവംബറിലെ വെക്കേഷന്‍ ചെന്നൈക്കാരായ അവര്‍ക്ക് സമ്മാനിച്ചത് ദുരിതം മാത്രമായിരുന്നു.അവരുടെ ഇരുനിലക്കെട്ടിടത്തില്‍ നിന്നും ഒലിച്ചുപോയത് അതുവരെ സ്വരുപിടിച്ച സമ്പാദ്യങ്ങളിലെ മുക്കാല്‍പങ്കും..അനുഭവിച്ചവര്‍ പറയുന്ന സാക്ഷ്യത്തിന് തീവ്രതയും സത്യസന്ധതയും ഏറും..കടുത്ത കരുണാനിധിയുടെ ആരാധകരായ ഇരുവരും മോഡിജിയെ ക്കുറിച്ച് നല്ലത് പറഞ്ഞപ്പോള്‍ ഉള്ളില്‍ സന്തോഷം തോന്നി..കൂടെ ചെറുകുറ്റബോധവും..എപ്പോഴോ എന്റെ മനസ്സില്‍ മോദിജിയെക്കുറിച്ച് ഒരു വര്‍ഗ്ഗീയവാദിയെന്ന ചിന്ത ഉണ്ടായിരുന്നു.എന്നാലിപ്പോള്‍ അദ്ദേഹത്തെ സ്തുതിക്കുന്നവരാകട്ടെ മറ്റുമതക്കാരും..കാശ്മീരിലെ പ്രളയസമയത്തും ആന്ധ്രയിലെചുഴലിക്കെടുതിയിലും നേപ്പാള്‍ദുരന്തസമയത്തും പലവട്ടം കണ്ടതും തിരിച്ചറിഞ്ഞതുമാണ് ആ സേവനമനോഭാവവും സന്നദ്ധതയും..എന്നിട്ടും കളിയാക്കിയതും വിമര്‍ശിച്ചതും എന്നിലെ ആ മോദിവിരുദ്ധ ഈഗോ മാത്രമായിരുന്നിരിക്കണം
.
പരവൂരില്‍ മോദിജി വന്നത് പ്രധാനമന്ത്രിയായിട്ടായിരുന്നില്ല..വെറും സാധാരണക്കാരനായ ഒരു ജനസേവകന്‍ ആയിട്ടായിരുന്നു.ചാനലിലും പത്രങ്ങളിലും നമ്മള്‍ കണ്ടറിഞ്ഞതല്ലേ ആ സമയത്തെ അദ്ദേഹത്തിന്റെ ശരീരഭാഷ..അത് വെറും നാട്യമാണെന്ന് കരുതാന്‍ കഴിയില്ല തന്നെ..എല്ലാ പ്രോട്ടോക്കോളും മാറ്റിവച്ചുകൊണ്ട് ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തുകൊണ്ട് ദുരന്തസ്ഥലത്ത് മെഡിക്കല്‍ ടീമുമായി പാഞ്ഞെത്തിയ മറ്റൊരു പ്രധാനമന്ത്രിയെ കാട്ടിത്തരുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?ഒരു കടലാസും പേനയുമായി ദുരന്തത്തെ നേരിട്ട് വിലയിരുത്തി,കുറിച്ചു വയ്ക്കേണ്ട വസ്തുതകള്‍ അപ്പപ്പോള്‍ തന്നെ കടലാസില്‍ കുറിക്കുന്നതിനോടൊപ്പം മനസ്സിലും കുറിക്കുന്ന മറ്റൊരു ഭരണാധികാരിയെ മുമ്പ് നമ്മള്‍ കണ്ടിട്ടുണ്ടോ ?? ദുരന്തസ്ഥലത്തു നിന്നും അദ്ദേഹം നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു..ഓരോ കിടക്കയ്ക്കരികിലും പിതൃവാത്സല്യത്തോടെ പരിക്കേറ്റവരെയും കൂട്ടിരുപ്പുകാരെയും സമാശ്വസിപ്പിക്കുന്ന അദ്ദേഹത്തിന്റെ ആ ചിത്രം മാത്രം മതി ഇന്നലെ വരെ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്ന ഞാനടക്കമുള്ള സാധാരണക്കാരെ മാറ്റിചിന്തിപ്പിക്കുവാന്‍..എയര്‍ ആബുലന്‍സും പൊള്ളല്‍ ചികിത്സയില്‍ പ്രാവീണ്യം നേടിയ ഇരുപത്തഞ്ചുപേരടങ്ങുന്ന മെഡിക്കല്‍ സംഘവുമായി ഒരു പ്രധാനമന്ത്രി ദുരന്തസ്ഥലത്ത് എത്തുമ്പോള്‍ അത് ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക് പകര്‍ന്നുതരുന്നത് ഒരു സുരക്ഷിതത്വബോധം കൂടിയാണ്.നിങ്ങള്‍ ഒറ്റയ്ക്കല്ല ഞാന്‍ കൂടെയുണ്ടെന്നുള്ള ഒരു ജനസേവകന്റെ ഉറപ്പുകൂടിയാണ് ആ പ്രവൃത്തി..വേദനിക്കുന്നവന്റെ കണ്ണീരൊപ്പാന്‍ വന്‍ ചികിത്സാസംവിധാനങ്ങളുമായി ദുരന്തസ്ഥലത്ത് ഓടിയെത്തിയ പ്രധാനമന്ത്രി വരും തലമുറയ്ക്ക് കാട്ടിത്തരുന്നത് ഒരു മാതൃകയാണ് .ഒരു ഭരണാധികാരി എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും പ്രവൃത്തിച്ചുകാട്ടുക വഴി അദ്ദേഹം നല്‍കുന്നത് ഒരു സന്ദേശമാണ്-എന്റെ കര്‍മ്മമാണ് എന്റെ ജീവിതമെന്ന ആ സന്ദേശം..കേന്ദ്രദുരന്തനിവാരണസേനയുടെ രണ്ടു ബറ്റാലിയനുകളും നേവിയുടെ രണ്ടു മെഡിക്കല്‍ ഷിപ്പുകളും നിമിഷനേരത്തിനുള്ളില്‍ കൊല്ലത്തു എത്തിയത് ആ ഭരണാധികാരിയുടെ സമയോചിതമായ കര്‍ത്തവ്യബോധമാണ്.അവിടെ അദ്ദേഹം വന്നിട്ട് രാഷ്ട്രീയം പറഞ്ഞില്ല.. ദുരന്തത്തില്‍ ആരെയും അപലപിച്ചില്ല ..ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും മുന്നില്‍ വാക്ധോരണി ഉതിര്‍ത്തില്ല..ഒരു ഇളംകാറ്റു വന്നു തഴുകി കടന്നു പോയത് പോലെയായിരുന്നു ആ വരവും പോക്കും.ചുട്ടുപൊള്ളുന്ന വേദനക്കിടയിലും പലര്‍ക്കും ആശ്വാസമായി ആ ഇളംകാറ്റിന്റെ തഴുകല്‍.
പരവൂര്‍ ദുരന്തത്തില്‍ മോദിജി വന്നതിനെ വിമര്‍ശിക്കുന്നവരുടെ എണ്ണം ഏറുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ആ വരവെന്ന് പരിഹസിക്കുന്നവരോട് ഒരൊറ്റ ചോദ്യം…കാശ്മീരിലും ചെന്നൈയിലും ആന്ധ്രയിലും പ്രകൃതിദുരന്തമുണ്ടായപ്പോള്‍ ഓടിയെത്തിയ അദ്ദേഹം എന്ത് തെരഞ്ഞെടുപ്പായിരുന്നു മുന്നില്‍ കണ്ടിരുന്നത്??.നല്ലത് ആര് ചെയ്താലും നല്ലതെന്ന് പറയുക.രണ്ടായിരത്തിപതിനൊന്നില്‍ പൊന്നമ്പലമേട് ദുരന്തത്തില്‍ തമിഴരും തെലുങ്കരും മലയാളികളും ദാരുണമായി മരിച്ചപ്പോള്‍ അന്നും ഉണ്ടായിരുന്നില്ലേ നമുക്ക് ഒരു പ്രധാനമന്ത്രി? ഡല്‍ഹിയില്‍ നിന്നും അനുശോചിക്കുക മാത്രമായിരുന്നില്ലേ അന്നദേഹം ചെയ്തത്?പരവൂരില്‍ സന്ദര്‍ശിക്കാന്‍ മനസ്സ് വന്ന രാഹുല്‍ജിക്ക് അന്ന് ശബരിമല വരെ വരാന്‍ എന്തേ കഴിഞ്ഞില്ല??കേരളത്തില്‍ മോഡിജി വരാതെയിരുന്നുവെങ്കില്‍ വിമര്‍ശകര്‍ പറയുമായിരുന്നു ആഫ്രിക്കയിലും ഉഗാണ്ടയിലും പറന്നുനടക്കുന്ന പ്രധാനമന്ത്രിക്ക് ഈ കൊച്ചുകേരളത്തില്‍ വരാന്‍ കഴിയാതിരുന്നത് അത് അദ്ദേഹത്തിന്റെ സാമന്തരാജ്യം ആവാത്തത് കൊണ്ട് ആയിരുന്നുവെന്നായിരിക്കും.ഇപ്പോള്‍ വന്നപ്പോഴോ ആ സന്ദര്‍ശനം കാരണം ഡീ ജി പിക്ക് വരെ കൃത്യനിര്‍വഹണത്തില്‍ തടസ്സം നേരിട്ടുവത്രേ..അനുമതി ഇല്ലാത്ത വെടികെട്ടു നടത്താൻ വേണ്ടി പോലീസിൽ സമ്മർദം ചെലുത്തിയ നേതാക്കന്മാരെ കുറിച്ചോ, വെടികെട്ടിനു അനുമതി കിട്ടിയിട്ടുണ്ടെന്ന കമ്മറ്റിക്കാരുടെ വാക്ക് “വിശ്വസിച്ച” പോലീസ് ഉദോഗസ്ഥനെ കുറിച്ചോ, കണക്കിൽ 98 പോലിസുകാർ ഡ്യുട്ടിയിലുണ്ടായിട്ടും സംഭവ സമയത്ത് അവരിൽ ഭുരിഭാഗം പേരും സ്ഥലത്ത് ഇല്ലാതിരുന്നതിനെ കുറിച്ചോ മിണ്ടാതിരുന്ന സെന്‍കുമാറിനു “സെന്‍സ്’വന്നത് മോദിജിയുടെ സന്ദര്‍ശനത്തിനു ശേഷമായിരുന്നുവെങ്കില്‍ തിരിച്ചറിയണം നമ്മള്‍ കള്ളനാണയങ്ങളെ .
മോദിജി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടി എന്തുമാകട്ടെ…അതിന്റെ ശരികളും തെറ്റുകളും എന്തുമാകട്ടെ,പക്ഷെ പ്രബുദ്ധരായ നമ്മള്‍ മലയാളികള്‍ നല്ലതിനെ നല്ലതായി കാണുക തന്നെ വേണം.നല്ലത് അതാര് ചെയ്താലും അതിനെ നല്ലതെന്ന് അംഗീകരിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍ .മോദിജിയെയും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെയും ഞാനടങ്ങുന്ന മലയാളിസമൂഹം നെഞ്ചോടു ചേര്‍ക്കാന്‍ മടിച്ചിരുന്നതിന്റെ പ്രധാനകാര്യം മലയാളം മാധ്യമങ്ങള്‍ തന്നെയാണ്..അവ ഒരിക്കലും നിഷ്പക്ഷമായിരുന്നില്ല..അത് പോലെ തന്നെ ഇത്രയും നല്ലൊരു ഭരണാധികാരി നേരിടുന്ന മറ്റൊരു വെല്ലുവിളിയും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്..അത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ ചിലരുടെ അപക്വമായ പ്രസ്താവനകളാണ്.പലപ്പോഴും വര്‍ഗ്ഗീയതയുടെ വിഷം ചീറ്റുന്ന പ്രസ്താവനകളും പ്രസംഗങ്ങളും മങ്ങലേല്‍പ്പിക്കുന്നത് മോദിയെന്ന ജനസേവകന്റെ പ്രതിച്ഛായ കൂടിയാണ്.അതുപോലെ തന്നെയാണ് മോദിഭക്തരുടെ ഫോട്ടോഷോപ്പ്,നുണപ്രചരണങ്ങളും..അമിതമായ രാഷ്ട്രീയചായ്വ് അഥവാ മതബോധം പലപ്പോഴും വിനയാണ് വരുത്തുക..അമിതമായ മോദിഭക്തി കാരണം പലപ്പോഴും വസ്തുതകളെ വളച്ചൊടിച്ചു ഫോട്ടോഷോപ്പിലൂടെ നിങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അതിന്റെ മാനക്കേട് യഥാര്‍ഥത്തില്‍ നിങ്ങള്‍ സ്നേഹിക്കുന്ന നിങ്ങളുടെ നേതാവിന് തന്നെയല്ലേയെന്നു അണികള്‍ ചിന്തിക്കാന്‍ തയ്യാറാവണം.. നട്ടെലുള്ള,നീതിബോധമുള്ള,ഭരണസാരഥ്യമുള്ള ജനനായകനെ എന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു,സ്നേഹിച്ചിരുന്നു…കാലത്തിനു തെളിയിക്കാന്‍ കഴിയാത്ത സത്യങ്ങളും നന്മകളും ഈ പ്രപഞ്ചത്തില്‍ ഇല്ല തന്നെ..മോദിജിയെന്ന ഈ ജനസേവകന്റെ പാത സത്യത്തിന്റെയും ധര്‍മ്മത്തിന്റെയുമാണെങ്കില്‍ ഇനിയുള്ള ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെടും ആ നാമം.
Post Your Comments