തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഐടി ജീവനക്കാരന് നിനോ മാത്യുവും കാമുകി അനുശാന്തിയുമാണ് ഒന്നും രണ്ടും പ്രതികള്‍.കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പില്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ തെളിഞ്ഞത്. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.
കാമുകിയുടെ മകളേയും, ഭര്‍തൃമതാവിനേയും കൊലപ്പെടുത്തി എന്നതാണ് ഇര്ക്കെതിരായ കേസ്. 2014 ഏപ്രില്‍ 16 നാണ് കൊലപാതകം നടന്നത്. ടെക്നോപാര്‍ക്കിലെ ജീവനക്കാരനായ നിനോ മാത്യുവും കാമുകി അനുശാന്തിയും ഒരുമിച്ച് ജീവിക്കാനായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നാണ് കുറ്റപത്രം.
2014 ജനുവരി മാസത്തില്‍ അനുശാന്തി തന്റെ വീടിന്റെ ദൃശ്യങ്ങളും വീട്ടിലേക്ക് എത്താനുള്ള വഴികളും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി നിനോ മാത്യുവിന് കൈമാറി. തുടര്‍ന്ന് 2014 ഏപ്രില്‍ 16 ന് കൊലനടത്താനായി നിനോ മാത്യു അനുശാന്തിയുടെ വീട്ടിലെത്തി. അപ്പോള്‍ അനുശാന്തിയുടെ നാല് വയസുള്ള മകള്‍ സ്വാസ്തികയും ഭര്‍ത്താവ് ലതീഷിന്റെ മാതാവ് ഓമനയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിലെത്തിയ നിനോ നാല് വയസ്സുള്ള കുഞ്ഞിനേയും ഓമനേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തൊട്ട് പിന്നാലെ വീട്ടിലെത്തിയ ലതീഷിന്റെ മുഖത്ത് നിനോ മുളക്പൊടി വിതറി, വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം തെറ്റിയതിനാല്‍ ലതീഷ് രക്ഷപെടുകയായിരുന്നു. ലതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലനടത്തിയ നിനോയെ തിരിച്ചറിഞ്ഞ പൊലീസ് അന്ന് രാത്രി തന്നെ ഇയാളെ പിടികൂടി. പിന്നീട് അനുശാന്തിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ 5 മാസം നീണ്ട വിചാരണ നടന്നു. 85 രേഖകളും, 41 തൊണ്ടി മുതലുകളും പ്രോസിക്യൂഷന് ഹാജരാക്കി. 49 സാക്ഷികളെയാണ് വിസ്തരിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിഎസ് വിനീത്കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
Post Your Comments