KeralaNews

കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മാത്രം തനത് സവിശേഷതകളില്‍ ഒന്നായ താമരക്കഞ്ഞി കുടിച്ച് ഭക്തര്‍ സായൂജ്യമടഞ്ഞു

ഇരിങ്ങാലക്കുട: ചരിത്ര പ്രസിദ്ധമായ ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ‘താമരക്കഞ്ഞി’ വഴിപാട് ഈ വര്‍ഷവും നടന്നു. സ്വാമിക്ക് പ്രിയപ്പെട്ട തിരുമധുരം, മാങ്ങാക്കറി, പപ്പടം, മുതിരപ്പുഴുക്ക്, വെന്നി എന്നിവയാണ് താമരക്കഞ്ഞിയോടൊപ്പമുള്ള മറ്റു വിഭവങ്ങള്‍. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മാത്രം തനത് സവിശേഷതകളില്‍ ഒന്നായ താമരക്കഞ്ഞി കഴിഞ്ഞ 40 വര്‍ഷത്തിനുമപ്പുറം എല്ലാ വര്‍ഷവും മുടങ്ങാതെ നടന്നു വരുന്നു. ക്ഷേത്രത്തിലെ പ്രധാന മാല കഴകക്കാരായ തെക്കേ വാര്യത്തോട് ഈ വഴിപാട് വളരെയധികം കടപ്പെട്ടിരിക്കുന്നു . അവരിലെ പൂര്‍വ്വികരില്‍ നിന്നുമാണ് താമരക്കഞ്ഞിയുടെ ഉത്ഭവം . താമരമാല കെട്ടുന്നവര്‍ക്കുള്ള കഞ്ഞിയെന്ന നിലയിലാണ് പണ്ട് താമരകഞ്ഞി എന്ന് പ്രസിദ്ധമായത് .

ഇത്രയേറെ താമരയും മാലയും ഉപയോഗിക്കുന്ന ക്ഷേത്രങ്ങള്‍ വിരളമാണ് . ഏതു പ്രവര്‍ത്തിയുടെയും ഉല്‍കൃഷ്ടത്തിനും , വിജയത്തിനും, മംഗള പ്രാപ്തിക്കും ഭഗവാന് പ്രിയപ്പെട്ട താമരമാല ചാര്‍ത്തിക്കുക എന്നത് പണ്ടേ പ്രസിദ്ധമായി അറിയപ്പെട്ടിരുന്നു . താമര സമൃദ്ധിയായി വളര്‍ത്തുന്നതിനും ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നതിനും 8 നാഴിക വടക്ക് ഭാഗത്ത് ചെമ്മണ്ട എന്ന സ്ഥലത്ത് ദേവസ്വത്തിന്റെ അധീനതയിലുള്ള താമരച്ചാല്‍ എന്ന പ്രദേശം ക്ഷേത്ര കഴകക്കാരായ തെക്കേ വാര്യത്തേക്ക് അവകാശം കൊടുക്കുകയും ചെയ്തിരുന്നു . തെക്കേ വാരിയത്ത് ജ്യോതിഷി ഈച്ചരവാര്യര്‍ ,ശങ്കരന്‍ കുട്ടി വാര്യര്‍ ,( കെ . വി . കെ . വാര്യരുടെ അച്ഛന്‍) എന്നിവര്‍ കുറേ അമ്പലവാസികളെയും കൂട്ടി അവിടെ ചെന്ന് വഞ്ചിയിലും ചെമ്പിലും സഞ്ചരിച്ച് പൂക്കള്‍ പറിച്ച് തലച്ചുമടായും , സൈക്കിളിലും ക്ഷേത്രത്തില്‍ എത്തിച്ചിരുന്നതായും പറയുന്നു. ദേവപ്രീതിയ്ക്കായി അമ്പലവാസികള്‍ പ്രതിഫലേച്ഛ കൂടാതെയായിരുന്നു ഇതൊക്കെ ചെയ്തിരുന്നത് .

അതിന്റെ സ്മരണക്കായി അമ്പലവാസികള്‍ എല്ലാം ഒത്തുചേരുകയും എല്ലാവരേയും സന്തോഷവാന്മാരും സംതൃപ്തരുമാക്കി താമരകഞ്ഞിയും മറ്റു വിഭവങ്ങളുമൊരുക്കി തെക്കേ ഊട്ടുപുരയില്‍ എല്ലാ വര്‍ഷവും വിഷു തലേന്ന് വിതരണം ചെയ്യുകയും പതിവാണ്.കൊടുമ്പിരിക്കൊള്ളുന്ന വേനല്‍ക്കാലത്ത് വിശപ്പിനും ദാഹത്തിനും ഉപകരിക്കുന്ന കഞ്ഞി അനുയോജ്യമായതുകൊണ്ടാകാം ഇങ്ങനെ നടപ്പിലാക്കിയത് എന്നാണു കരുതുന്നത്.ചുമതലയായി നടത്താന്‍ കാരണവന്‍മാര്‍ ഇല്ലാതായപ്പോള്‍ മുന്‍കയ്യെടുത്തിരുന്ന തെക്കേവാര്യക്കാര്‍ക്ക് തുടര്‍ന്ന് നടത്താന്‍ കഴിയാതിരുന്നതിനാല്‍ 40 വര്‍ഷത്തോളം മുടങ്ങിക്കിടക്കുകയായിരുന്നു. ഇത് ഓര്‍മ്മപ്പെടുത്തി നന്ദിഗ്രാമത്തിലെ അമ്പലവാസി കുടുംബങ്ങളുടെ സഹകരണത്തോടെ വീണ്ടും താമരക്കഞ്ഞി ഭംഗിയായി നിര്‍വ്വഹിച്ചു വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button