ഇത്തവണ ചക്കയ്ക്ക് വൻ ഡിമാൻഡ്. ചക്ക കയറ്റിക്കൊണ്ടുപോകാൻ ഇടനിലക്കാരുടെ തിരക്കാണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലേക്കാണ് ചക്ക കൂടുതൽ കയറ്റികൊണ്ട് പോകുന്നത്.
അന്യസംസ്ഥാനക്കാർക്ക് ഇതിന്റെ രുചി പിടിച്ചതോടെയാണ് നാട്ടിൻപുറങ്ങളിൽ അത്ര പ്രിയമല്ലാത്ത ചക്കയുടെ രുചിഭേദങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയത്. കുടുംബശ്രീയുടെയും സാംസ്കാരിക സംഘടനകളുടെയുമെല്ലാം ആഭിമുഖ്യത്തിൽ ചക്കകൊണ്ട് വിഭവങ്ങൾ ഉണ്ടാക്കുന്ന മത്സരം ആരംഭിച്ചാണ് ചക്ക വിപണി സജീവമാക്കിയത്.
ചക്കഅട, ചക്കപ്പുഴുക്ക്, കട്ലറ്റ്, ചക്കപ്പായസം, ചക്ക ആലുവ, ചക്കവറ, ചക്ക കേക്ക് എന്നിവയാണ് വിപണിയെ കീഴടക്കിയിരിക്കുന്നത്. തട്ടുകടകളിലും കള്ളുഷാപ്പുകളിലും കപ്പയ്ക്ക് പകരം ചക്കയ്ക്കും പോട്ടിയ്ക്കുമാണ് ഇപ്പോൾ ഡിമാൻഡ്. കേരളത്തിൽ നിന്ന് ഒരു ചക്കയ്ക്ക് 20 രൂപ മുതൽ 40 രൂപ വിലയ്ക്ക് വാങ്ങി കൊണ്ടുപോകുന്ന ഇടനിലക്കാർ മറ്റു സംസ്ഥാനങ്ങളിൽ വിൽപന നടത്തി വൻ നേട്ടമാണ് കൊയ്യുന്നത്.
ചക്കകൊണ്ട് വിവിധ തരത്തിലുണ്ടാക്കുന്ന പായസം ടൂറിസ്റ്റുകൾക്കും നല്ല രീതിയിൽ പിടിച്ചിരിക്കുകയാണ്. ബംഗാൾ, ഒറീസ എന്നിവിടങ്ങളിൽ നിന്നെത്തി പണിയെടുക്കുന്ന തൊഴിലാളികളുടേയും ഇഷ്ട വിഭവമായി ചക്ക മാറിക്കഴിഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികൾക്ക് ചക്ക വലിയ വിലക്കൂടുതൽ ഇല്ലാതെ ലഭിക്കുമ്പോൾ പാകം ചെയ്ത് അവരും ഇതിന്റെ ഇഷ്ടക്കാരായി മാറിയിരിക്കുകയാണ്.
Post Your Comments