പാട്‌ന: പാവപ്പെട്ടവരുടെ ഹെല്‍ത്ത് ഡ്രിങ്കാണ് കള്ളെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി. ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മാഞ്ചിയുടെ പരാമര്‍ശം.കള്ളിനെ മദ്യമായി ബ്രാന്റ് ചെയ്യുന്നത് തെറ്റാണ്. ‘ചെത്തു തൊഴിലാളികള്‍ കാലങ്ങളായി ചെയ്യുന്ന ജോലിയാണിത്. ഇത് നിരോധിക്കുന്നത് അവരെ പട്ടിണിയിലാക്കും. സര്‍ക്കാര്‍ ഇത് നിരോധിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ സമുദായത്തെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.’ അദ്ദേഹം വ്യക്തമാക്കി.
‘മെട്രിക്കുലേഷന്‍ കാലത്ത് എനിക്കു ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്ന് അച്ഛന്‍ 15ദിവസം എനിക്കു കുടിക്കാന്‍ കള്ളുതന്നു. എന്റെ പ്രശ്‌നങ്ങള്‍ മാറി. ഞാനിപ്പോഴും സുഖമായി ഇരിക്കുന്നു. കള്ളുകുടിക്കുന്നയാള്‍ക്ക് ടി.ബിയോ ആസ്ത്മയോ വന്നിട്ട് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. കള്ള് പ്രകൃതിയുടെ നീരാണ്.’ അദ്ദേഹം പറഞ്ഞു. പാട്‌നയില്‍ കള്ളു കച്ചവടക്കാര്‍ നടത്തിയ പ്രതിഷേധ റാലിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.
Post Your Comments