തൃശൂര്‍: കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയേക്കും. ഇതിന്റെ സൂചകമായി പൂരം കൊടിയേറ്റിന് ശേഷം ഉണ്ടാവാറുള്ള വെടിക്കെട്ട് ദേവസ്വങ്ങള്‍ ഉപേക്ഷിച്ചു. ഇന്നാണ് കൊടിയേറ്റ്.
പൂരത്തിനും സാമ്പിളിനും എന്ത് ചെയ്യണമെന്നാലോചിക്കാന്‍ ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ദേവസ്വം ഭാരവാഹികള്‍ അടക്കമുള്ളവരുടെയും യോഗം കളക്ടര്‍ വിളിച്ചിട്ടുണ്ട്. കൊടിയേറ്റിന് ശേഷം പാറമേക്കാവ് വിഭാഗം ഉച്ചക്ക് ഒന്നരക്കും, തിരുവമ്പാടി വിഭാഗം വൈകീട്ട് മൂന്നിനും നടത്തുന്ന വെടിക്കെട്ടാണ് ഉപേക്ഷിച്ചത്. വെടിക്കെട്ടിന്റെ സ്ഥലം പരിശോധിച്ച് അനുമതി നല്‍കാറുള്ളത് കേന്ദ്ര ചീഫ് എക്‌സ്‌പ്ലോസീവ് വിഭാഗമാണ്.
വെടിക്കെട്ടിനുള്ള അപേക്ഷയില്‍ നേരത്തെ തന്നെ ദേവസ്വങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ചെന്നെയില്‍ നിന്ന് എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥര്‍ വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനം പരിശോധിക്കാന്‍ അടുത്ത ദിവസം എത്താനിരിക്കുകയാണ്. തൃശൂര്‍ പൂരം നാളില്‍ നടക്കുന്ന പാവറട്ടി പള്ളി പെരുന്നാളും വന്‍ വെടിക്കെട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതിന് അനുമതി ലഭിച്ചത് അവസാന ദിവസത്തിലായിരുന്നു. ചെറിയ ഉത്സവങ്ങള്‍ക്ക് 15 കിലോ വരെ വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിക്കാനാണ് കലക്ടര്‍ അനുമതി നല്‍കുക. തൃശൂര്‍ പൂരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2000 കിലോ വെടിക്കെട്ട് സാമഗ്രികള്‍ക്കാണ് അനുമതി നല്‍കാറുള്ളത്.
Post Your Comments