ന്യൂഡെല്‍ഹി: ഒരു നൂറ്റാണ്ടിന് ശേഷം ആദ്യമായി ലോകത്ത് കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്.
2010-ല്‍ 3,200 ആയിരുന്ന കടുവകളുടെ എണ്ണം 2016 ഏപ്രില്‍ ആയപ്പോഴേക്കും 3,890 ആയി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട് – ഇത് 22 ശതമാനം വര്‍ദ്ധനവാണ്.
ഈ ആറു വര്‍ഷ കാലയളവില്‍ ഇന്ത്യയില്‍ മാത്രം 500 കടുവകള്‍ കൂടുതലായി ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തേറ്റവും അധികം കടുവകളുള്ള രാജ്യമായി ഇന്ത്യ തുടരുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയോടൊപ്പം റഷ്യ, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളിലെ കടുവകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവും, മെച്ചപ്പെട്ട രീതിയിലുള്ള സര്‍വേകളും, ആധുനിക രീതികളിലുള്ള സംരക്ഷണ മാര്‍ഗ്ഗങ്ങളുമാണ് ഈ മനോഹര ജീവികളുടെ സംഖ്യ കൂടാന്‍ ഇടയാക്കിയ കാരണങ്ങള്‍.
കടുവകളുടെ സംഖ്യയെപ്പറ്റി ഈ റിപ്പോര്‍ട്ട് കടുവ സംരക്ഷണത്തിനായുള്ള മൂന്നാമത് ഏഷ്യന്‍ മന്ത്രിതല കോണ്‍ഫ്രന്‍സിന് മുന്നോടിയായാണ് പുറത്തുവിട്ടത്. ഈ ത്രിദിന പരിപാടി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
മ്യാന്മര് മുതലായ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തെ കടുവകളുടെ സംഖ്യയെപ്പറ്റിയുള്ള സര്‍വേ റിപ്പോര്‍ട്ട് ഇനിയും സമര്പ്പിച്ചിട്ടില്ലാത്തതിനാല് ആഗോള കടുവാ ജനസംഖ്യ ഇപ്പോള്‍ അറിവായിട്ടുള്ള 3,890-നേക്കാള്‍ കൂടുതാല്‍ ആകാനാണു സാധ്യത.
Post Your Comments