KeralaNews

താരശോഭയില്‍ പത്തനാപുരം തിളങ്ങുമ്പോള് മണ്ഡലം ശ്രദ്ധേയമാകുന്നു; ആര്‍ക്കാവും ഇത്തവണ?

സിനിമാ താരങ്ങള്‍ മുന്നണി സ്ഥാനാര്‍ഥികളായി രംഗത്തെത്തിയതോടെ പത്തനാപുരം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധേയമാകുന്നു.ഇടതനെയും വലതനെയും മാറി മാറി ഭരണ സിരാകേന്ദ്രത്തിലേക്ക് അയച്ച തെരഞ്ഞെടുപ്പ് ചരിത്രമാണ് മലയോരപട്ടണത്തിനുള്ളത്. തീ പാറുന്ന മല്‍സരങ്ങള്‍ക്കും ഫോട്ടോ ഫിനിഷുകള്‍ക്കും അനായാസവിജയങ്ങള്‍ക്കുമെല്ലാം മണ്ഡലം സാക്ഷിയായിട്ടുണ്ട്.

സിറ്റിങ് എം.എല്‍.എ.യും നടനുമായ കെ.ബി.ഗണേഷ് കുമാര്‍ നാലാം അങ്കത്തിനിറങ്ങുകയാണ് ഇവിടെ. കഴിഞ്ഞ മൂന്നുവട്ടവും അദ്ദേഹം യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ ഇത്തവണ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് മത്സരിക്കുക. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി നടന്‍ ജഗദീഷ് മത്സരിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി ഭീമന്‍ രഘു മത്സരിക്കുന്നു.ഹാട്രിക് വിജയം നേടിയാണ് ഗണേഷ്കുമാര്‍ നിലവിലെ എം എല്‍ എ ആയിരിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറിയായ കെ രാജഗോപാലായിരുന്നു ഒടുവിലത്തെ മല്‍സരത്തില്‍ എതിര്‍ചേരിയില്‍. രണ്ട് തവണയും കൈവന്ന മന്ത്രി സ്ഥാനം പാതി വഴിയില്‍ വച്ചൊഴിയുകയായിരുന്നു ഗണേഷ്കുമാര്‍. കുറ്റവിമുക്തനായ പിതാവിനുവേണ്ടിയായിരുന്നു ആദ്യമെങ്കില്‍ സ്വയം കുറ്റാരോപിതനായതിനെ തുടര്‍ന്നാണ് ഇത്തവണ മന്ത്രി സ്ഥാനം തെറിച്ചത്.

കേരള കോണ്‍ഗ്രസ്(ബി) യു.ഡി.എഫ്. വിട്ടശേഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സീറ്റ് ധാരണയിലാണ് മത്സരിച്ചത്. ഇത്തവണ ഇടതുമുന്നണി ഗണേഷിനെ പിന്തുണയ്ക്കുമെന്ന് ആദ്യമേ ഉറപ്പായിരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും മുന്നണിക്ക് നഷ്ടപ്പെട്ട സീറ്റ് ഇത്തവണ പഴയ പ്രതിയോഗിയെക്കൊണ്ടുതന്നെ തിരിച്ചുപിടിക്കണമെന്ന കണക്കുകൂട്ടലിലാണ് അവര്‍. പത്തനാപുരത്തുകാര്‍ ഒരിക്കലും കൊടിയുടെ നിറം നോക്കി വോട്ട് ചെയ്തിട്ടില്ല. പാര്‍ലമെന്റ് മണ്ഡലം എന്ന നിലയില്‍ വര്‍ഷങ്ങളായി കൊടിക്കുന്നില്‍ സുരേഷാണ് ഡല്‍ഹിയ്ക്ക് പറക്കുന്നത്. എന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം അട്ടിമറിയ്ക്കുന്നതായിരുന്നു ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. എട്ട് പഞ്ചായത്തുകളില്‍ ഏഴും ചുവപ്പിനു അനുകൂലമായി.എന്‍എസ്എസ്, എസ്എന്‍ഡിപി വോട്ട് ബാങ്കുകള്‍ക്കും ചെറുതല്ലാത്ത സ്വാധീനം മണ്ഡലത്തില്‍ ചെലുത്താനാകും. ഇത്തവണ യുഡിഎഫ് വിട്ട് സിറ്റിംഗ് എംഎല്‍എയും പാര്‍ട്ടിയും മറുകണ്ടം ചാടിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

വര്‍ഷങ്ങളായി മല്‍സരരംഗത്തുള്ള ബി ജെ പി യ്ക്കും ഇതുവരെ നിര്‍ണായകശക്തിയാകാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഇക്കുറി മണ്ഡലം വെള്ളിത്തിരയിലെ താരങ്ങള്‍ തമ്മിലുള്ള മല്‍സരമാകും സാക്ഷ്യം വഹിക്കുക. സിനിമാതാരവും എംഎല്‍എയുമായ കെ.ബി ഗണേഷ്കുമാര്‍ ഇടത് സ്ഥാനാര്‍ഥിയായി. പകരത്തിന് പകരമെന്നോണം സിനിമരംഗത്തെ താരത്തെ ഇറക്കാനുള്ള കോണ്‍ഗ്രസിന്റെ ചര്‍ച്ചകളും വിജയിച്ചു. ജഗദീഷിനാണ് അവിടെ നറുക്ക് വീണിരിക്കുന്നത്.

ബിജെപിയും പിന്നോട്ടില്ല. നടന്‍ ഭീമന്‍ രഘു ബി ജെ പി ക്കായി മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു. സ്ഥാനാര്‍ഥികളെ പറ്റി ഏറെക്കുറെ ധാരണയായ സ്ഥിതിയ്ക്ക് ഇത്തവണയും മണ്ഡലത്തില്‍ മല്‍സരം തീപാറും. താരപോരാട്ടത്തിനാകും മലയോരപട്ടണം സാക്ഷ്യം വഹിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. ഗനെഷിനെ പിന്തുണച്ചിട്ടുള്ള പത്തനാപുരത്തുകാര്‍ ഇത്തവണ ആരോടോപ്പമെന്നു കാണാം. ഏതെല്ലാം താരങ്ങള്‍ ആര്‍ക്കൊക്കെ വേണ്ടി പത്തനാപുരത്ത് എത്തും എന്നത് കാത്തിരുന്ന് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button