കോഴിക്കോട്: മുസ്ലിങ്ങള്‍ക്കു ഇസ്ലാമിന്റെ പേരില്‍ ചിലര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ബാധ്യതയായെന്നു മക്ക ഇമാം ഡോ. ശൈഖ് സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുത്വാലിബ്. മുസ്ലിംകള്‍തന്നെ ഭീകരതയുടെ ഇരയാവുന്നതാണ് ലോകത്തിന്റെ പല ഭാഗത്തും സംഭവിക്കുന്നത്. ഭീകരതയുമായി ഇസ്ലാമിന് യാതൊരു ബന്ധവുമില്ലെന്ന് ഇതില്‍നിന്നു വ്യക്തമാണ്. പതിനായിരങ്ങളെ സാക്ഷിയാക്കി കോഴിക്കോട് ബീച്ചില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. .
ഇസ്ലാമിനെയും ഭീകരതയേയും സമീപകാലത്തെ ചില സംഭവങ്ങളുടെ ചുവടുപിടിച്ച് ബന്ധിപ്പിക്കുന്നതില്‍ അര്‍ഥമില്ല. ഇസ്ലാം അങ്ങേയറ്റം സഹിഷ്ണുത വിളംബരം ചെയ്ത മതമാണ്. വിശുദ്ധ ഖുര്‍ആന്‍ ലോകത്തിനാകെ സമാധാനവും കാരുണ്യവുമായാണു പ്രവാചകനെ അയച്ചതെന്നു വിശദീകരിക്കുന്നു. മുഹമ്മദ് നബി സമാധാനം ദൈവത്തില്‍ നിന്നാണെന്നു പഠിപ്പിച്ചു. താങ്കള്‍ക്കു സമാധാനമുണ്ടാകട്ടെ എന്നാണ് ഇസ്ലാമില്‍ പരസ്പരമുള്ള അഭിവാദനം പോലും. മറ്റൊരാളോട് അനീതിയോ അക്രമമോ ഒരുഘട്ടത്തിലും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാമിന്റെ നിര്‍ദേശം. യുദ്ധമുണ്ടായാല്‍പോലും സ്ത്രീകളെയോ കുട്ടികളെയോ ആരാധനാകര്‍മങ്ങളില്‍ മുഴുകിയവരെയോ ദ്രോഹിക്കരുതെന്നു പഠിപ്പിച്ച മതത്തിന് ഇപ്പോള്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനവുമായി എന്തു ബന്ധമാണുള്ളത്.
സൗദി സര്‍ക്കാര്‍ ഭീകരതയ്‌ക്കെതിരേ ശക്തമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. മുസ്ലിം പണ്ഡിതരും നേതാക്കളും ഭീകരപ്രവര്‍ത്തനങ്ങളെ തുടക്കത്തിലേ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇസ്ലാമിന്റെ വിട്ടുവീഴ്ചയും സമാധാനവും സഹിഷ്ണുതയുമാണു മുസ്ലിംകള്‍ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കെ.എന്‍.എം. പ്രസിഡന്റ് സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. മടവൂര്‍ മക്ക ഇമാമിന് ഡോ: ഹുെസെന്‍ ഉപഹാരം സമര്‍പ്പിച്ചു. മന്ത്രി എം.കെ. മുനീര്‍, സ്വാമി സന്ദീപാനന്ദഗിരി, ഫാ: തോമസ് പനയ്ക്കല്‍, എം. സ്വലാഹുദ്ദീന്‍ മദനി, പ്രഫ.ടി.ഒ.ജെ. ലബ്ബ, പി. മുസ്തഫ ഫാറൂഖി എന്നിവര്‍ സന്നിഹിതരായിരുന്നു.
Post Your Comments