Kerala

പരവൂര്‍ ദുരന്തത്തിന് ഉത്തരവാദികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ – കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തം സമീപകാല കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ്. ഈ ദുരന്തത്തിന് ഉത്തരവാദികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് ഉന്നതതലത്തിലെ ഇടപെടലിന്റെ ഫലമായാണ് പോലീസിന്റെ അനുമതിയോട് കൂടി നടത്തിയത്. ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു കഴിഞ്ഞ നിയമവിരുദ്ധമായ ഒരു കാര്യം നടക്കുമ്പോള്‍ അത് തടയാന്‍ ബാധ്യതപ്പെട്ടവര്‍ മൗനം പാലിക്കുകയാണ് ഉണ്ടായത്.

മന്ത്രി തലത്തിലുള്ള ആരെങ്കിലും ഇടപെടാതെ ഇങ്ങനെയൊന്ന് നടക്കാനിടയില്ല. ഇത് സംബന്ധിച്ച് സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു അന്വേഷണമാണ് നടക്കേണ്ടത്. റിട്ടയേര്‍ഡ് ജഡ്ജിയെ വെച്ചുകൊണ്ടുള്ള അന്വേഷണം വസ്തുതകളെ പുറത്ത് കൊണ്ടുവരുവാന്‍ സഹായകമാവില്ല. മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള തുക തികച്ചും അപര്യാപ്തമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷത്തില്‍ കുറയാത്ത തുക നഷ്ടപരിഹാരമായി പ്രഖ്യാപിക്കണമായിരുന്നു. പരിക്കറ്റേവര്‍ക്ക് 10 ലക്ഷം രൂപയെങ്കിലും അനുവദിച്ച് നല്‍കേണ്ടതാണ്. ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം. മരണപ്പെട്ടവരുടെ ആശ്രിതരില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി കൊടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button