Parayathe Vayya

ഒരു നാടിന്റെ കണ്ണീര്‍ നേരിട്ടുകണ്ട് ആശ്വസിപ്പിക്കാൻ എല്ലാ പ്രോട്ടോക്കോളും മാറ്റിവച്ചു പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; മനുഷ്യത്വത്തിന്റെയും സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും മഹനീയ മാതൃക

പി.ആര്‍.രാജ്

ഏറെ ഭീതിതവും ഭീകരവുമായ ഒരു ദുരന്തം സംഭവിക്കുമ്പോള്‍, ആ ദുരന്തബാധിതരെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ സകല പ്രോട്ടോകോളുകളും മാറ്റിവെച്ച് രംഗത്തെത്തുക എന്ന അപൂര്‍വം കാഴ്ചക്കാണു കേരളം സാക്ഷിയായത്. രാഷ്ട്രീയത്തിനുപരിയായി മനുഷ്യത്വവും സാഹോദര്യവുമാണ് ഏറ്റവും വലുതെന്ന സന്ദേശം പകരുകയായിരുന്നു പരവൂര്‍ വെടിക്കട്ട് അപകട മേഖല സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. സംസ്ഥാന സര്‍ക്കാരിനു എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതിനൊപ്പം രാജ്യം കേരളത്തിനൊപ്പമെന്ന് അസന്നിഗ്ധമായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പുനല്‍കി. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ പര്യാപ്തമായ മെഡിക്കല്‍ സംഘവുമായാണു പ്രധാനമന്ത്രി എത്തിയതെന്നത് അദ്ദേഹത്തിന്റെ പ്രവൃത്തിക്ക് മാറ്റുകൂട്ടുന്നു. ഓരോ മലയാളിയും രാഷ്ട്രീയവും ജാതിയും മതവുമെല്ലാം മാറ്റിവെച്ച് പ്രധാനമന്ത്രിയോട് നന്ദി പറയുകയാണ് ഈ നിമിഷത്തില്‍.

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തം തന്നെയാണ്. കേന്ദ്രസര്‍ക്കാരും ആ രീതിയില്‍ തന്നെയാണ് അത് കൈകാര്യം ചെയ്തതും. പ്രധാനമന്ത്രി തന്നെ നേരിട്ട് ദുരന്തസ്ഥലം സന്ദര്‍ശിച്ചതും ജീവന്‍രക്ഷാ ദൗത്യത്തിനു കേന്ദ്ര ആരോഗ്യമന്ത്രിയെ തന്നെ ചുമതലപ്പെടുത്തിയതും ഈ പശ്ചാത്തലത്തില്‍വേണം നോക്കി കാണാന്‍. പ്രധാനമന്ത്രിക്കുപുറമേ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ, നൈപുണ്യ വികസനമന്ത്രി രാജീവ് പ്രതാപ് റൂഡ്ഡി, കേന്ദ്രസഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവരെല്ലാം രക്ഷാദൗത്യവുമായി രംഗത്തെത്തിയത് ഏറെ മാതൃകാപരമാണ്. പരവൂര്‍ വെടിക്കെട്ട് ദുരന്തഭൂമിയില്‍ തീര്‍ച്ചയായും യുദ്ധസമാനമായ ഇടപെടല്‍ തന്നെയാണു കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. മുന്‍നിശ്ചയപ്രകാരമുള്ള പരിപാടികളെല്ലാം മാറ്റിവെച്ച് ദുരന്തപ്രദേശം മണിക്കൂറുകള്‍ക്കകം തന്നെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി എന്നത് ഏറെ ശ്രദ്ധേയമാണ്. കേന്ദ്രമന്ത്രിമാരായ ജഗത് പ്രകാശ് നഡ്ഡയെയും, രാജീവ് പ്രതാപ് റൂഡിയെയും അപകട വിവരം അറിഞ്ഞ ഉടന്‍തന്നെ രക്ഷാചികിത്സപ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ കൊല്ലത്തേക്കയച്ചു. അടിയന്തിര സാമ്പത്തിക സഹായമായി മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതും തീര്‍ത്തും മാതൃകാപരമായി. അപകടത്തിന്റെ ആക്കം കണക്കിലെടുത്ത് കേരളത്തിന്റെ ആവശ്യാര്‍ത്ഥം രണ്ട് എയര്‍ ആബുലന്‍സ്സുകള്‍ മണിക്കൂറുകള്‍ക്കകം എത്തിച്ചു. ദുരന്തനിവാരണത്തിന് നേവിയുടെ രണ്ട് മെഡിക്കല്‍ ഷിപ്പുകള്‍ കൊല്ലം തീരത്ത് എത്തിച്ചതും കേന്ദ്രസര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍തന്നെ. പൊളളലേറ്റവരെ ചികിത്സിക്കാന്‍ പ്രാവീണ്യമുളള ഡല്‍ഹി എയിംസിലെ 24 അംഗ ഡോക്ടര്‍മാരുടെ സംഘത്തെ കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞതും ഏറെ ശ്രദ്ധേയമാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ദുരന്തനിവാരണസേനയുടെ രണ്ട് ബെറ്റാലിയനുകള്‍ കൊല്ലത്തെത്തിയിട്ടുണ്ട്.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഓരോ കേന്ദ്രമന്ത്രിമാരും കേരളത്തില്‍ വരുമ്പോള്‍ സ്ഥിരമായി ആവര്‍ത്തിക്കാറുള്ളത് വികസനത്തില്‍ രാഷ്ട്രീയമില്ല എന്ന വാചകമായിരുന്നു. കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് ആയതുകൊണ്ട് ഇവിടെ കേന്ദ്രസഹായം വേണ്ട ഒരുപദ്ധതിക്കുപോലും നരേന്ദ്രമോദി സര്‍ക്കാര്‍ അയിത്തം കല്‍പിച്ചിട്ടില്ല. അതുപോലെ മനുഷ്യത്വത്തിലും രാഷ്ട്രീയമില്ലെന്നുകൂടി അടിവരയിടുകയായിരുന്നു പരവൂര്‍ ദുരന്തത്തില്‍ ഇടപെട്ട കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ദുരന്തനിവാരണം സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ആവശ്യങ്ങളും കേന്ദ്രം ഞൊടിയില്‍തന്നെ തീര്‍പ്പാക്കുകയാണ്. ആ നടപടികള്‍ക്കു മുന്നില്‍നിന്നു തന്നെ നേതൃത്വം നല്‍കിയ പ്രധാനമന്ത്രിയുടെ ഇടപെടല്‍ കേരളം എക്കാലവും നന്ദിയോടെ സ്മരിക്കും എന്നുറപ്പാണ്. അപകട പ്രദേശം സന്ദര്‍ശിക്കുന്നതിനൊപ്പം അപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരത്തെയും കൊല്ലത്തെയും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കാന്‍, സകല പ്രോട്ടോകോളുകളും മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവന്നതിനെ മനുഷ്യത്വത്തിന്റെ മഹനീയമുഖം എന്നല്ലാതെ മറ്റെന്തായാണ് വിശേഷിപ്പിക്കേണ്ടത്. ദേശാടനക്കിളിയായും വിനോദ സഞ്ചാരിയായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നലെ അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനത്തെ ഇടയ്ക്കിടക്ക് ഓര്‍ക്കുന്നത് നന്നായിരിക്കും. പ്രധാനമന്ത്രിയുടെ പരവൂര്‍ സന്ദര്‍ശനം ദഹിക്കാത്ത ചിലര്‍, അതില്‍ അല്‍പത്തരം കാണാന്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ അന്ധത ബാധിച്ച അവര്‍ക്ക് തത്കാലം ഉത്തരമില്ലെന്നു മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button