Kerala

വ്യാജ പ്രചാരണം: ബി.ജെ.പി പരാതി നല്‍കി

തിരുവനന്തപുരം: കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ബിജെപി പരാതി നല്‍കി. ബിജെപി ഐടി സെല്‍ കണ്‍വീനര്‍ എ.വി.ആനന്ദ് ആണ് വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

വെടിക്കെട്ട് ദുരന്തം തീവ്രവാദ ആക്രമണമാണെന്ന് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുവെന്ന് രാവിലെ മുതല്‍ ഡൂള്‍ ന്യൂസ്, വാസ്തവം, അഴിമുഖം തുടങ്ങിയ ഇടത് അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഒരു ട്വിറ്റര്‍ അക്കൗണ്ടിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വര്‍ഗീയമായി വാര്‍ത്ത നല്‍കിയത്. വാര്‍ത്ത നവമാധ്യമങ്ങളിലെ ബിജെപി വിരുദ്ധര്‍ പ്രകോപനപരമായ രീതിയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് ഈ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു. ദുരന്തത്തില്‍ നാടൊന്നടങ്കം വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ട്വിറ്റര്‍ പരാമര്‍ശം ഏറ്റുപിടിച്ച് ബിജെപി വിരുദ്ധര്‍ വിദ്വേഷ കഥ മെനഞ്ഞത്. പ്രധാനമന്ത്രി മോദി, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ ഉടന്‍ തന്നെ അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി സഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബിജെപിയുമായി ബന്ധമില്ലാത്ത വിഷയം ഏറ്റുപിടിച്ച് വ്യാജ പ്രചാരണം നടന്നത്. നുണ പ്രചാരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

PRESS

shortlink

Post Your Comments


Back to top button