NewsInternationalGulf

സൗരോര്‍ജ രംഗത്ത്‌ നിക്ഷേപം ഉയരുന്നു

ദുബായ്: രാജ്യാന്തര എണ്ണവിലയിലെ അസ്ഥിരത പാരമ്പര്യേതര ഊര്‍ജരംഗത്തു ഉണര്‍വുണ്ടാക്കിയതോടെ മധ്യപൂര്‍വദേശത്തും ഉത്തരാഫ്രിക്കയിലുമായി (മെന) സൗരോര്‍ജരംഗത്തെ നിക്ഷേപം കഴിഞ്ഞ വര്‍ഷം 350 കോടി ഡോളറായി ഉയര്‍ന്നെന്ന് മസ്ദര്‍ ക്ലീന്‍ എനര്‍ജി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബദര്‍ അല്‍ ലംകി. 2010ലെ 16 കോടി നിക്ഷേപത്തില്‍നിന്നാണ് ഈ കുതിച്ചുകയറ്റം. സോളര്‍, കാറ്റാടിപ്പാടം പദ്ധതികള്‍ക്കാണു കൂടുതല്‍ സാധ്യതയെന്നും ‘ഭാവിയിലെ ഊര്‍ജം’ എന്ന വിഷയത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന ഉച്ചകോടിയില്‍ ബദര്‍ അല്‍ ലംകി ചൂണ്ടിക്കാട്ടി.

എണ്ണവിലയിടവുമൂലം വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത മറികടക്കാന്‍ മറ്റ് ഊര്‍ജസ്രോതസ്സുകള്‍ തേടുന്നതിനുള്ള ശ്രമങ്ങള്‍ മേഖലയിലെ രാജ്യങ്ങള്‍ തേടുമ്പോള്‍ യുഎഇ ഈ രംഗത്തു ബഹുദൂരം മുന്നേറിക്കഴിഞ്ഞു. പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിക്കാനുള്ള ശ്രമത്തിലാണു ശാസ്ത്രജ്ഞര്‍. ലോകത്തു പാരമ്പര്യേതര ഊര്‍ജമേഖലയില്‍ 33,000 കോടിയിലേറെ ഡോളറിന്റെ നിക്ഷേപമുണ്ടെന്നാണു റിപ്പോര്‍ട്ട്. ആഗോളതാപനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഘടകങ്ങള്‍ പലവിധത്തിലും വെല്ലുവിളി ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ കാര്‍ബണ്‍ മലിനീകരണം കുറഞ്ഞതും അധികം ചെലവില്ലാത്തതുമായ ഊര്‍ജപദ്ധതികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതും സാമ്പത്തിക മുന്നേറ്റത്തിനു വഴിയൊരുക്കുന്നതും ഇതിലെ പ്രധാന നേട്ടങ്ങളാണെന്ന് ഉച്ചകോടി ചൂണ്ടിക്കാട്ടി. ഊര്‍ജരംഗത്തു വൈവിധ്യവല്‍ക്കരണം എങ്ങനെ വിജയകരമായി നടപ്പാക്കാമെന്നു യുഎഇ കാണിച്ചുതരുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. 2030 ആകുമ്പോഴേക്കും ഏകദേശം 26,000 തൊഴിലവസരങ്ങള്‍ യുഎഇയില്‍ ഈ മേഖലയിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button