NewsIndia

പനാമയിലെ കള്ളപ്പണ നിക്ഷേപം : കടുത്ത നിലപാട് സ്വീകരിച്ച് മോദി

ന്യൂഡല്‍ഹി: പനാമയിലെ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപകരെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ബെല്‍ജിയം- യു.എസ്- സൗദി സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയതിനു പിന്നാലെയാണ് അന്വേഷണത്തിന് മോദി നിര്‍ദേശിച്ചത്.

ഏപ്രില്‍ നാലിന് പുലര്‍ച്ചെയാണ് വിദേശസന്ദര്‍ശനത്തിനുശേഷം മോദി തിരികെയെത്തിയത്. തുടര്‍ന്ന് ഏഴുമണിയോടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും കള്ളപ്പണത്തിലെ ആശങ്കകള്‍ അറിയിക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ എത്രയും വേഗം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, വിഷയം കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനു വിട്ടുനല്‍കുന്നതിനുപകരം വിദഗ്ദ്ധരുടെ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പനാമ രേഖകളുമായി ബന്ധപ്പെട്ട് തുടരുന്ന നിശബ്ദതയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കള്ളപ്പണം പനാമയില്‍ സൂക്ഷിച്ച നിരവധി പ്രമുഖരുടെ പേര് രേഖകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മകന്‍ അഭിഷേക് സിങ്ങിനും പനാമയില്‍ അക്കൗണ്ട് ഉണ്ടെന്നാണ് രേഖകള്‍ പറയുന്നത്. കള്ളപ്പണം തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്. അവരുടെ മുഖ്യമന്ത്രിയുടെ മകന്റെ പേര് ഉള്‍പ്പെട്ടിട്ടും എന്തു കൊണ്ടാണ് ഇതിനെതിരെ അന്വേഷണം പോലും പ്രഖ്യാപിക്കാത്തതെന്നായിരുന്നു രാഹുലിന്റെ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button