Kerala

ആലുവ കൂട്ടക്കൊല: ദയാഹര്‍ജി തള്ളിയ ആന്റണിയുടെ വധശിക്ഷയ്ക്ക് സ്റ്റേ

ന്യൂഡല്‍ഹി; സുപ്രീംകോടതി ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. ആന്റണി നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് നടപടി. ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്. രാഷ്ട്രപതി കഴിഞ്ഞവര്‍ഷം ഏപ്രില്‍ 27ന് ആന്റണിയുടെ ദയാഹര്‍ജി തള്ളിയിരുന്നു. ആന്റണി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത് 2010 ലാണ്. ആന്റണിക്കെതിരായ സിബിഐ കേസ് ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോന്‍ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ്. സംഭവം നടന്നത് 2001 ജനുവരി ആറിന് അര്‍ധരാത്രിയിലായിരുന്നു.

2005 ഫെബ്രുവരി രണ്ടിന് ആന്റണിക്ക് സിബിഐ പ്രത്യേക കോടതിവധശിക്ഷ വിധിച്ചു, 2006 സെപ്റ്റംബര്‍ 18ന് ഹൈക്കോടതിയും 2009 ഏപ്രില്‍ 22ന് സുപ്രീംകോടതിയും ശിക്ഷ ശരിവക്കുകയും ചെയ്തു. ആലുവ നഗരസഭയിലെ താല്‍ക്കാലിക ഡ്രൈവറായിരുന്നു ആന്റണി. വിവാഹബന്ധം വേര്‍പ്പെട്ട് കഴിഞ്ഞിരുന്ന കൊച്ചുറാണിയുടെ ബാല്യകാല സുഹൃത്തുകൂടിയായിരുന്നു ആന്റണി. കൊച്ചുറാണി ആന്റണിക്ക് സൗദിയില്‍ വിസ ശരിയായപ്പോള്‍ അതിനുവേണ്ടിയുള്ള പണം നല്‍കാമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ കൊച്ചുറാണി പിന്നീട് പണം നല്‍കാന്‍ തയാറായില്ല. കൊലപാതക പരമ്പരയില്‍ കലാശിച്ചത് ഇതിലുള്ള വൈരാഗ്യമാണ്. പിന്നീട് മുംബൈ വഴി ദമാമിലേക്ക് കടന്ന ആന്റണിയെ തന്ത്രപൂര്‍വം നാട്ടിലേയ്ക്ക് വിളിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിബിഐ അന്വേഷണത്തിലും ആന്റണി കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button