സുജാത ഭാസ്കര്‍
വി.ഐ.പി സ്ഥാനാർഥികളാൽ സമൃദ്ധമായ അനന്തപുരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൌതുകകരമായ കാര്യങ്ങൾ ഏറെ.ഇത്തവണ തിരുവനന്തപുരത്തെ വി ഐപി സ്ഥാനാർഥി എസ. ശ്രീശാന്ത് ആണ്. കോഴക്കേസിൽ പെട്ട് വിവാദങ്ങൾ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ചു യുവാക്കല്ക്ക് ഹരമായി മാറിയിരിക്കുകയാണ് ശ്രീശാന്ത്. വോട്ടു ചോദിക്കുന്നയാൾ യോഗ്യനെന്നു കണ്ടാൽ പാർട്ടി നോക്കാതെ ജയിപ്പിക്കാൻ സന്മനസു കാട്ടുന്ന തിരുവനന്തപുരത്തുകാർ ഇത്തവണ ആരെയൊക്കെ പിന്തുണയ്ക്കുമെന്ന് കണ്ടറിയാം.തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ മുൻ വിജയി കൂടിയായ വി.എസ്. ശിവകുമാർ, രണ്ടാം വട്ടവും മൽസരത്തിനിറങ്ങുന്നത് തന്റെ വികസന നേട്ടങ്ങൾ ഉയര്‍ത്തിക്കാട്ടിയാണ്.
കന്നിയങ്കത്തിൽ പോലും ജയിച്ച ചരിത്രമുള്ള ഐ ഗ്രൂപ്പ് കാരനായ വി എസ് ശിവകുമാർ എ ഗ്രൂപ്പിലെ നേതാക്കളോടും അടുപ്പം ഉള്ളത് കൊണ്ട് വോട്ടുകൾ എങ്ങും പോവില്ലെന്നാണ് വിശ്വാസം.പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിൽ 27 കോർപറേഷൻ വാർഡുകളിൽ ആറിടത്തു മാത്രമേ മുന്നിലെത്താൻ കഴിഞ്ഞുള്ളൂവെന്നത് കോൺഗ്രസിന് വളരെയേറെ അങ്കലാപ്പുണ്ടാക്കിയിട്ടുമുണ്ട്. 27 കോർപറേഷൻ വാർഡുകളിൽ പത്തെണ്ണം കൈക്കലാക്കി എൽ.ഡി.എഫിനു പിന്നാലെ രണ്ടാമതെത്തിയ ബിജെപിയുടെ തിളങ്ങുന്ന പ്രകടനം ഇത്തവണയും ക്രീസിൽ കണ്ടാൽ ശ്രീശാന്തിനു താരമാകാം. ക്രിക്കറ്റ്, സിനിമാ താരങ്ങൾ കൂടി പ്രചാരണത്തിനെത്തുന്നതോടെ തിരുവനന്തപുരത്തെ മൽസരം തിളങ്ങും.കഴിഞ്ഞ രണ്ടുവട്ടം മൽസരത്തിനൊരുങ്ങിയെങ്കിലും സീറ്റുറപ്പിക്കാൻ കഴിയാതെ പോയ ജനാധിപത്യ കേരള കോൺഗ്രസിന്റെആന്റണി രാജുവും ഉണ്ട് ഒട്ടും പിറകിലല്ലാതെ ഇവിടെ.
കടലോര മേഖലയിൽ ആന്റണി ചാകര പ്രതീക്ഷിക്കുന്നുണ്ട്. അൻപതോളം ബൂത്തുകളിൽ ശക്തമായ മേൽക്കൈ ലഭിക്കുമെന്നാണ് ആന്റണിയുടെ കണക്കുകൂട്ടൽ. സുരേന്ദ്രൻ പിള്ളയെ മലർത്തിയടിച്ചാണ് ആന്റണി രാജു ക്ലൈമാക്സിൽ എത്തിയത്. വലിയ വോട്ടു ബാങ്ക് ആണ് വ്യക്തിപരമായി സുരേന്ദ്രന്‍ പിള്ളയ്ക്ക് മണ്ടലത്തില്‍ ഉള്ളത്. ഇത് സിപിഎം നേത്രുത്വത്തിനും അറിയാവുന്ന കാര്യമാണ്. സി.പി.എമ്മിനെ സംബന്ധിച്ച് സുരേന്ദ്രന്‍ പിള്ള നല്ല സ്ഥാനാര്‍ഥിയാണ്. ജയസാധ്യതയും ഉണ്ടായിരുന്നു പക്ഷെ അവസാനം എല്‍.ഡി.എഫിന് ആന്റണി രാജുവിന് സീറ്റ് കൊടുക്കേണ്ടി വന്നു. സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും വിമാനത്താവളവും റയിൽവേ സ്റ്റേഷനും ഒക്കെ ഈ മണ്ഡലത്തിനു സ്വന്തം. തലസ്ഥാന നഗരിയുടെ ഹൃദയമായ ഇവിടെ ആര് ജയിക്കുമെന്നതു ഇപ്പോൾ പ്രവചനാതീതമാണ് .
Post Your Comments