News

ശക്തമായ ത്രികോണ മത്സരത്തിന്റെ ചൂടില്‍ വട്ടിയൂര്‍ക്കാവ്

സുജാത ഭാസ്കര്‍

തിരുവനന്തപുരത്തെ ശ്രദ്ധേയമായ മറ്റൊരു മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2008-ലെ മണ്ഡലപുനര്‍നിര്‍ണയത്തിലൂടെ നിലവില്‍വന്ന നിയമസഭാ നിയോജകമണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലവും കഴക്കൂട്ടത്തിന്റെ ഭാഗങ്ങളും കൂട്ടിച്ചേര്‍ന്നതാണ് ഇപ്പോഴത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലം. തിരുവനന്തപുരം നഗരത്തിന്റെ മണ്ഡലമാണിതെന്ന് വേണമെങ്കില്‍ പറയാം. ഇവിടെ ശക്തമായ ത്രികോണ മത്സരം തന്നെ നടക്കും. എല്ലാക്കാലത്തും എതെങ്കിലും ഒരുകക്ഷിക്കൊപ്പം നില്‍ക്കുന്ന മണ്ഡലമല്ല ഇതെന്ന് ഈ ചരിത്രത്തിലുണ്ട്.പ്രവചനങ്ങള്‍ അപ്രസക്തമാക്കുന്ന നഗരങ്ങളുടെ സ്വഭാവം ഈ മണ്ഡലത്തിനുമുണ്ട്. സമുദായ സമവാക്യങ്ങള്‍ രാഷ്ട്രീയനിലപാടുകള്‍ക്കൊപ്പം ജനവിധിയെ സ്വാധീനിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അന്യനാടുകളില്‍നിന്ന് എത്തി തലസ്ഥാനത്ത് താമസമാക്കിയവര്‍ക്ക് വന്‍തോതില്‍ വോട്ടവകാശമുള്ള മണ്ഡലം കൂടിയാണിത്. അവരുടെ വോട്ടുകള്‍ വിധിനിര്‍ണായകമാണ്.

നിയമസഭയിലേക്ക് മൂന്ന് തവണ മത്സരിച്ചിട്ടുണ്ടെങ്കിലും അതിൽ രണ്ട് തവണയും തോൽവിയായിരുന്നു കെ മുരളീധരനെന്ന കോണ്‍ഗ്രസ് നേതാവിനെ കാത്തിരുന്നത്. ഒടുവിലാണ് തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും വിജയിച്ച് എംഎൽഎ ആയത്.ലീഡർ കെ കരുണാകരന്റെ മകനെ ഒരു സീറ്റ് നൽകി ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മുരളീധരന് തലസ്ഥാനത്തെ വട്ടിയൂർക്കാവ് സീറ്റ് നൽകിയത്. എന്നാൽ ശത്രുക്കളുടെപോലും പ്രതീക്ഷകളെ കടത്തിവെട്ടി മുരളി അവിടെ വമ്പൻ വിജയം കുറിച്ചു. എൽഡിഎഫിന്റെ കരുത്തനായ ചെറിയാൻ ഫിലിപ്പ്, ബിജെപിയുടെ വി വി രാജേഷ് എന്നിവരോടാണ് മുരളി അങ്കം ജയിച്ചത്. തുടർന്നങ്ങോട്ട് ഈ മണ്ഡലത്തിലെ എല്ലാ കാര്യങ്ങൾക്കുമായി ഓടി നടന്നു അദ്ദേഹം. മുരളിക്ക് ഇത്തവണ കാര്യങ്ങൾ അത്രയ്ക്ക് എളുപ്പമാകില്ലെന്നാണ് സൂചന. സോളാർ കുംഭകോണവും, ബാർകോഴ കേസും അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ അടിത്തറയിളക്കുമെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തൽ. യുഡിഎഫ് സർക്കാരിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ഐ ഗ്രൂപ്പ് വിലയിരുത്തുന്നു.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിൽ ബിജെപി വലിയ മുന്നേറ്റം തന്നെ നടത്തി ഏവരെയും ഞെട്ടിച്ചിരുന്നു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെയും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെയും മുന്നേറ്റം നല്‍കിയ ആത്മവിശ്വാസം ബി.ജെ.പി.ക്കുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെത്തന്നെ മത്സരരംഗത്തിറക്കുന്നത് ഈ ആത്മവിശ്വാസം കാരണമാണ്.2014 ലോക്സഭാതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മൂവായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ബി.ജെ.പി.നേടി. കുമ്മനം രാജശേഖാരന്റെ സ്ഥാനാര്‍ഥിത്വം തന്നെ ബിജെപിക്ക് തിളങ്ങുന്ന ഒന്നാണ്.കോട്ടയം സി എം എസ് കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം കുമ്മനം രാജശേഖരന്‍ പത്ര പ്രവര്‍ത്തനത്തില്‍ ഡിപ്ലോമ നേടുകയും തുടക്കം മാധ്യമ രംഗത്ത് പ്രവര്‍ത്തനവും ആയിരുന്നു.മാറാട് ആറന്മുള സമര നായകന്‍ എന്ന പ്രത്യേകതയും കുമ്മനത്തിനുണ്ട്. ബിജെപിയിലെ സ്വീകാര്യനായ വ്യക്തിത്വം.

സിപിഐ(എം) സ്ഥാനാർത്ഥിയായി ഇത്തവണ ഡോ.ടി എന്‍ സീമയാണ് മത്സരിക്കുന്നത്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയെഷന്‍ പ്രസിഡന്റുമാണ് ടി എന്‍ സീമ.17 വര്ഷം വിവിധ കോളേജുകളില്‍ അദ്ധ്യാപികയായിരുന്ന സീമ ജോലി രാജിവെച്ചു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വട്ടിയൂര്‍ക്കാവിലെ സുഹൃത്ത് വലയങ്ങള്‍ സീമയ്ക്ക് ഗുണമാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ തന്നെ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്നത് ഇവിടെയാകുമെന്നാണ് കരുതുന്നത്. പ്രവചനാതീതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button