കോഴിക്കോട്: വേദമന്ത്രങ്ങളും ഉപനിഷദ് സൂക്തങ്ങളും അലയടിച്ച അന്തരീക്ഷത്തില്‍ കോഴിക്കോട് കടപ്പുറത്തെ ജനസാന്ദ്രമാക്കി ‘മഹാഭാരതം ധര്‍മരക്ഷാസംഗമം’ നടന്നു. ‘മതാന്ധതയില്‍ നിന്നും ധര്‍മബോധത്തിലേക്ക്’ എന്ന ആഹ്വാനത്തോടെ നടന്ന പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ആധ്യാത്മിക ആചാര്യന്മാര്‍ക്കും ആശ്രമങ്ങള്‍ക്കും സാംസ്‌കാരികമൂല്യങ്ങള്‍ക്കുമെതിരായ കടന്നുകയറ്റത്തെ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് സംഗമം പ്രഖ്യാപിച്ചു.സ്വാമി ദയാനന്ദ സരസ്വതിയുടെ പേരിലുള്ള വേദിയില്‍ യോഗഗുരു ബാബാ രാംദേവ് ഉദ്ഘാടനം നിര്‍വഹിച്ചു. യോഗയുടെ വിവിധ വശങ്ങള്‍ ബാബാ രാംദേവ് വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും ഭ്രാന്തില്‍നിന്നു മോചിപ്പിച്ച് ആധ്യാത്മികഭൂമിയായി ഭാരതത്തെ ഉയര്‍ത്തണമെന്ന് യോഗഗുരു ബാബാ രാംദേവ് പറഞ്ഞു. ഭാരതം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭ്രാന്താണ്.ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ ശൂദ്രന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. ഒരു ശരീരത്തിലെ അവയവങ്ങളെല്ലാം ഒന്നായി പ്രവര്‍ത്തിക്കുന്നപോലെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാവണം.
കോഴിക്കോട് കടപ്പുറത്തു നടന്ന മഹാഭാരതം ധര്‍മരക്ഷാസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു ബാബാ രാംദേവ്.മാതൃരാജ്യത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാത്ത ഒരു തത്ത്വശാസ്ത്രത്തെയും അംഗീകരിക്കാന്‍ കഴിയില്ല. പ്രപഞ്ചത്തിലെ എല്ലായിടത്തും മാതൃരാജ്യത്തെ ബഹുമാനിക്കുന്ന സമൂഹമുണ്ട്. അതില്‍ ജാതിയുടെയോ മതത്തിന്റെയോ വിവേചനമില്ല. ഭാരത് മാതാ കീ ജയ് എന്നുറക്കെ വിളിക്കുന്നതു മതത്തിനുവേണ്ടിയല്ല, രാഷ്ട്രത്തിനു വേണ്ടിയാണ്.സ്വദേശിവസ്തുക്കളുടെ പ്രചാരണത്തിന് പ്രാധാന്യം നല്‍കണം. ഒന്നിച്ചുനിന്ന് ബഹുരാഷ്ട്രക്കമ്പനികളുടെ വസ്തുക്കള്‍ ബഹിഷ്‌കരിച്ചാല്‍ കുത്തകക്കമ്പനികളെ നമുക്ക് ശീര്‍ഷാസനത്തില്‍ നിര്‍ത്താന്‍ സാധിക്കും.മയക്കുമരുന്നുകളുംമറ്റും നല്‍കി ജനങ്ങളെ വിദേശകമ്പനികള്‍ രോഗഗ്രസ്തരാക്കുകയും അതിനുള്ള മരുന്ന് അവര്‍തന്നെ വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. യോഗചര്യയിലൂടെ നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സാധിക്കും. കച്ചവടതാത്പര്യത്താലല്ല, സ്വദേശിവസ്തുക്കളുടെ പ്രചാരണത്തിനും അതുവഴി രാജ്യത്തിന്റെ സമ്പത്ത് രാജ്യത്തിനകത്തുതന്നെ ഉപയോഗിക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
.മലയാളത്തില്‍ പ്രസംഗം തുടങ്ങിയ ബാബാ രാംദേവ് ശങ്കരാചാര്യസ്വാമികളുടെയും ഒട്ടനവധി പുണ്യാത്മാക്കളുടെയും ജന്മഭൂമിയായ കേരളത്തെ ആദരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ശങ്കരാചാര്യരുടെ പേരില്‍ ഒരു കേന്ദ്രം സ്ഥാപിക്കാനാഗ്രഹിക്കുന്നു. സൂര്യനമസ്‌കാരവും പ്രാണായാമവും പ്രദര്‍ശിപ്പിച്ച ബാബ രാംദേവ്, അത് നിത്യജീവിതത്തിലാചരിച്ചാല്‍ രോഗവിമുക്തരായി നല്ല ജീവിതം നയിക്കാനാവുമെന്നും ഉപദേശിച്ചു.
Post Your Comments