ന്യൂഡല്‍ഹി: മാറ്റത്തിന്റെ പാതയിലാണ് ഇപ്പോള്‍ ഡല്‍ഹി മെട്രോ ട്രെയിന്‍. ഡ്രൈവറില്ലാത്ത ട്രെയിന്‍ മെട്രോയിലൂടെ ഓടിച്ചു പരീക്ഷിച്ച ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) നിരവധി പരിഷ്‌കാരങ്ങളുമായി വീണ്ടുമെത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ മെട്രോ ശൃംഖലയുടെ മൂന്നാം തലത്തില്‍ ഉള്‍പ്പെടുത്തി പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കും. ഡിഎംആര്‍സി കൊറിയയിലെ നിര്‍മാതാക്കളില്‍ നിന്നാണ് ഇതിനനുയോജ്യമായ ട്രെയിനുകള്‍ വാങ്ങിയത്.
പുതിയ ട്രെയിനിന് ആറു കോച്ചുകളുണ്ട്. കൊറിയയില്‍ നിന്നും കടല്‍മാര്‍ഗം ഗുജറാത്തിലെ മുദ്ര തുറമുഖത്ത് എത്തിച്ചശേഷം റോഡ്മാര്‍ഗം ഡല്‍ഹിയില്‍ കൊണ്ടുവരികയായിരുന്നു. നിലവിലെ ട്രെയിനുകളെ അപേക്ഷിച്ച് വേഗത 10% കൂടും. ഊര്‍ജക്ഷമത 20% കൂടുതലായിരിക്കും. എല്‍.ഇ.ഡി സ്‌ക്രീനുകള്‍ റൂട്ട് മാപ്പ് ദൃശ്യമാക്കാന്‍ കോച്ചുകളില്‍ ഉണ്ടാകും. സീറ്റുകള്‍ തമ്മില്‍ വേര്‍തിരിവ് ഉണ്ടാവില്ല. പ്രത്യേക നിറമാകും റിസര്‍വ് സീറ്റുകള്‍ക്ക് നല്‍കുക. ഓരോ കോച്ചിലും വ്യത്യസ്ത നിറങ്ങളിലുള്ള സീറ്റുകള്‍. വൈഫൈ സംവിധാനവും കോച്ചുകളില്‍ ഉണ്ടാകും. സിസിടിവി കാമറകളും യു.എസ്.ബി പോര്‍ടുകളും ഇതിന്റെ മറ്റു പ്രത്യേകതകളാണ്.
Post Your Comments