Interviews

40-വര്‍ഷങ്ങള്‍ക്കു മുമ്പ് അടിയന്തിരാവസ്ഥയെ നേരിട്ട 3-വയസുകാരി ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പറയാനുള്ളത്….

ഗുരുവായൂരിലെ തിരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ എല്‍ഡിഫ്-ന്‍റെ സിറ്റിംഗ് എംഎല്‍എ സിപിഎം-ന്‍റെ കെ.വി. അബുള്ള ഖാദിറിനേയും, യുഡിഎഫ്-ന്‍റെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പി.എം.സാദിക്ക് അലിയേയും എതിരിടാന്‍ ബിജെപി നിയോഗിച്ചിരിക്കുന്നത് അഡ്വക്കെറ്റ് നിവേദിതാ സുബ്രഹ്മണ്യത്തെയാണ്‌. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥികളിലൊരാളായ നിവേദിത അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള സമരങ്ങളിലൂടെ ശ്രദ്ധയാര്‍ജ്ജിച്ച മഹിളാമോര്‍ച്ചാ മുന്‍-സംസ്ഥാന പ്രസിഡന്‍റ് രാധാ ബാലകൃഷ്ണന്‍റെ മകളാണ്. കൈക്കുഞ്ഞായിരുന്ന സമയത്ത് അമ്മയോടൊപ്പം അടിയന്തിരാവസ്ഥ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച ഓര്‍മ്മകളുമുണ്ട് നിവേദിതയ്ക്ക്. നിവേദിതയുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

ചോദ്യം: അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള ഓര്‍മ്മകള്‍?

ഞാനന്ന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ വലിയ ഓര്‍മ്മകളൊന്നുമില്ല. ഓര്‍മ്മയുള്ള കാര്യങ്ങളും കേട്ടറിവുള്ള കാര്യങ്ങളും പറയാം. അന്ന് ആര്‍എസ്എസ്-ജനസംഘത്തിന്‍റെ പ്രവര്‍ത്തകരെ സ്ഥിരമായി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുക, ജയിലിലടയ്ക്കുക ഇതൊക്കെ പതിവായിരുന്നു. ഇങ്ങനെ അറസ്റ്റ് ചെയ്യുന്നവരെ ചിലപ്പോള്‍ കുറച്ചു കഴിഞ്ഞ് വിട്ടയക്കും, അല്ലെങ്കില്‍ ഏതെങ്കിലും കേസുകള്‍ ചാര്‍ജ് ചെയ്ത് അവിടെത്തന്നെ തടവിലിടുക ഒക്കെ പതിവായിരുന്നു. പല ഭാഗങ്ങളിലും അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള സമരങ്ങള്‍ നടന്നിരുന്നു. അത്തരത്തിലുള്ള ഒരു സമരത്തില്‍ പങ്കെടുക്കുമ്പോഴാണ് അമ്മയേയും അറസ്റ്റ് ചെയ്തത്. അന്ന് അമ്മയുടെ കൂടെ ചെറിയ കുട്ടിയായിരുന്ന ഞാനുമുണ്ടായിരുന്നു. അന്ന് എന്നെക്കൂടി കൂടെകൊണ്ടു പോവുക എന്ന ഒരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. കാരണം അന്നത്തെ അവസ്ഥ അതായിരുന്നു.

അച്ഛനും ജനസംഘത്തിന്‍റെ പ്രവര്‍ത്തകനായിരുന്നു. മാത്രമല്ല, ഞങ്ങളുടെ കടയും വീടും കേന്ദ്രീകരിച്ച് സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു എന്ന്‍ ഇന്‍ഫര്‍മേഷന്‍ ഉണ്ടായിരുന്നതിനാല്‍ അച്ഛനേയും സ്ഥിരമായി അറസ്റ്റ് ചെയ്ത് കൊണ്ടുപോയിരുന്നു. അതുകൊണ്ട് എന്നെ വീട്ടില്‍ നിര്‍ത്തിയിട്ട് സമരത്തിന്‌ പോവുക എന്നത് സാധ്യമായിരുന്നില്ല. അങ്ങനെ എന്നേയും കൂടെക്കൂട്ടിയാണ് അമ്മ സമരത്തിന്‌ പോയത്. തുടര്‍ന്ന്‍ അമ്മയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ ഞാനും ആ കൂടെ ഉണ്ടായിരുന്നു.

ചോദ്യം: എന്തു പ്രായമുണ്ടായിരുന്നു?

ഒരു മൂന്നു വയസു കഴിഞ്ഞു നാലിലേക്ക് പ്രവേശിച്ചു കാണണം…

ചോദ്യം: എത്ര നാള്‍ അന്ന് ജയിലിനുള്ളില്‍ കഴിയേണ്ടി വന്നു?

ഒരു മാസത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നു. അതില്‍ത്തന്നെ സെല്ലില്‍ നിന്ന് പുറത്തു വിട്ടത് അവസാനത്തെ ഒരു ഒന്നോ-രണ്ടോ ദിവസങ്ങള്‍ മാത്രമാണ്. അതും എല്ലാവരേയും അല്ല, കുട്ടിയായ എന്നേയും അതുപോലെ മറ്റൊരു കുട്ടിയും കൂടി ഉള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്കോര്‍മ്മയില്ല. അല്ലാതെ വലിയവരെ ഒന്നും സെല്ലിന് പുറത്തു വിടുകയുണ്ടായില്ല. അമ്മയുള്‍പ്പെടെ ഏകദേശം പന്ത്രണ്ടു സ്ത്രീകള്‍ ഉള്ള ഒരു സെല്ലിലാണ് ബാക്കി സമയം മുഴുവന്‍ കഴിഞ്ഞത്. അന്ന് ജയിലുകളില്‍ സൗകര്യങ്ങള്‍ പരിമിതമായിരുന്നു. സമരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം നല്ലപോലെ ഉണ്ടായിരുന്നത് കൊണ്ട് സെല്ലുകളില്‍ പന്ത്രണ്ടും പതിനഞ്ചും സ്ത്രീകളെ ഒരുമിച്ചായിരുന്നു തടവിലിട്ടിരുന്നത്.

ചോദ്യം: ഇനി, അടിയന്തിരാവസ്ഥയുടെ ഒക്കെ ആ പഴയ കാലഘട്ടത്തില്‍ നിന്ന് മുന്നോട്ടു വന്ന്, ഇപ്പോള്‍ ഒരു സ്ഥാനാര്‍ത്ഥിയായ ശേഷം വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്? സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമ്പോഴുള്ള പ്രതീക്ഷകള്‍ എന്തെല്ലാമാണ്?

സ്ഥാനാര്‍ത്ഥിയായപ്പോഴുള്ള മാറ്റം എന്നുവച്ചാല്‍ രാഷ്ട്രീയത്തില്‍ കുറച്ചുകൂടി ശ്രദ്ധിച്ച്, കുറച്ചുകൂടി ഊര്‍ജ്ജ്വസ്വലയായി ജോലി ചെയ്യുക എന്നുള്ളതാണ് പറയാവുന്നത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കാളും ശ്രദ്ധ കേന്ദ്രീകരിച്ച് വര്‍ക്ക് ചെയ്യുക. പിന്നെ ഒരു പ്രാക്ടീസിംഗ് ലോയര്‍ എന്നുള്ള ആ സ്റ്റാറ്റസ് മാറ്റിവച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍.

പ്രതീക്ഷകളെക്കുറിച്ച് പറയുകയാണെങ്കില്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ നല്ല പ്രതീക്ഷകളാണുള്ളത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യത്തിലെത്തിച്ചേരും എന്നു തന്നെയാണ് പ്രതീക്ഷ.

ചോദ്യം: രാഷ്ട്രീയത്തിലുള്ള പരിചയം, അതായത് മുന്‍പരിചയം എന്താണ്?

രാഷ്ട്രീയത്തിലുള്ള പരിചയത്തെക്കുറിച്ച് പറയുകയാണെങ്കില്‍, എന്‍റെ അമ്മയുടെ കൂടെ വളരെ ചെറുപ്പത്തില്‍ത്തന്നെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവമായിരുന്നു. എന്‍റെ പേരുപോലും സത്യം പറഞ്ഞാല്‍ ജനസംഘം പ്രസ്ഥാനവുമായി ബന്ധപ്പെട്ടിട്ടാണ്. ജനസംഘത്തിന്‍റെ ആദ്യ മഹിളാമോര്‍ച്ചാ സമ്മേളനം നടന്നത് ഗുരുവായൂരായിരുന്നു. ആ സമ്മേളനനഗരിയുടെ പേര് “നിവേദിതാ നഗര്‍” എന്നായിരുന്നു. ആ പേര് വച്ചാണ് എനിക്ക് നിവേദിത എന്ന പേര് വന്നത്. അങ്ങനെ അമ്മ എന്നെ പ്രസ്ഥാനത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും കൊണ്ടുനടന്നിരുന്നു. ശരിക്കും പറഞ്ഞാല്‍ പ്രസ്ഥാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നത്.

ചോദ്യം: അപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒരിക്കലും അകന്നു നില്‍ക്കേണ്ടി വന്നിട്ടില്ല അല്ലേ?

അകന്നു നില്‍ക്കേണ്ടി വന്നിട്ടില്ലേ എന്ന് ചോദിച്ചാല്‍, വിവാഹശേഷം ഞാന്‍ കുറച്ചുകാലം ഗള്‍ഫില്‍ ആയിരുന്നു. ആ കാലഘട്ടത്തില്‍ മാത്രം രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. പക്ഷേ അമ്മ അക്കാലത്തും സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്നു. ആ കാലത്ത് അമ്മ മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്‍റ് ആയിരുന്നു. തിരഞ്ഞെടുപ്പിള്‍ മത്സരിച്ചിരുന്നു. എന്‍റെ സഹോദരന്‍ ഒരു സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. അച്ഛനും ഒരു രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനാണ്. അങ്ങനെ രാഷ്ട്രീയത്തിന്‍റേതായ ഒരു അന്തരീക്ഷം എനിക്ക് ചുറ്റും ഇപ്പോഴും ഉണ്ടായിരുന്നു.

ചോദ്യം: ഇപ്പോള്‍ സജീവ ചര്‍ച്ചയിലുള്ള അസഹിഷ്ണുതാ വാദത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?

ആ വിഷയത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാട് പറയേണ്ടി വരും. സത്യം പറഞ്ഞാല്‍ ഈ “intolerance” എന്ന വാക്ക് കൊണ്ടുവന്നത് തന്നെ മോദി സര്‍ക്കാര്‍ ഭരിക്കാന്‍ തുടങ്ങിയ ശേഷം മറ്റു പ്രശ്നങ്ങളൊന്നും ഉന്നയിക്കാനില്ലാത്തത് മൂലമാണെന്നാണ് എന്‍റെ അഭിപ്രായം. ഒരു പ്രശ്നവും കാണാതെ വന്നപ്പോള്‍ എന്തെങ്കിലും ഒക്കെ പ്രശ്നങ്ങളുണ്ടാക്കി ജനങ്ങളുടെ ഇടയില്‍ വിഭാഗീയത ഉണ്ടാക്കാനായി നടത്തിയ ഒരു പുതിയ ശ്രമമാണ് ഈ അസഹിഷ്ണുത. അതായത് അടിയന്തിരാവസ്ഥക്കാലത്ത് പോലും പ്രതികരിക്കാന്‍ തയാറാകാതിരുന്ന പാര്‍ട്ടികളാണ് ഇപ്പോള്‍ അസഹിഷ്ണുത എന്ന്‍ പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. എപ്പോഴായിരുന്നു അസഹിഷ്ണുത എന്നുള്ളത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. അതാണ്‌ എനിക്ക് പറയാനുള്ളത്.

ചോദ്യം: അതായത് ഈ ജെഎന്‍യു, ഹൈദരാബാദ് സര്‍വ്വകലാശാല വിഷയങ്ങളൊക്കെ മോദി ഗവണ്മെന്‍റിനെതിരെയുള്ള കരുതിക്കൂട്ടിയുള്ള ഇടപെടല്‍ ആണെന്നാണോ വിലയിരുത്തല്‍?

ഈ പ്രശ്നങ്ങളിലേക്കെല്ലാം ആഴ്ന്നു ചെല്ലുമ്പോള്‍ ഇതിനെല്ലാം എന്തോ ഒരു ഉദ്ദേശമുണ്ടെന്ന് വ്യക്തമാകും. അപകീര്‍ത്തിപ്പെടുത്താനുള്ള ഒരു ശ്രമം തന്നെയാണെന്നേ ഇപ്പോള്‍ പറയാന്‍ കഴിയൂ.

ചോദ്യം: ഗുരുവായൂരിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ രണ്ട് കക്ഷികളും മാറിമാറി ഭരിച്ചിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങളായി എല്‍ഡിഎഫ്-നാണ് അധികാരം. അന്താരാഷ്‌ട്ര തലത്തിലുള്ള ഒരു ആധ്യാത്മികകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം കൂടിയാണ് ഗുരുവായൂര്‍. അതിനനുസരിച്ചുള്ള ഒരു പ്രാധാന്യം ഇരുകകഷികളും ഗുരുവായൂരിന് നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കേന്ദ്രഗവണ്മെന്‍റിന്‍റെ “അമൃതനഗരം” പദ്ധതി ഗുരുവായൂര് നടപ്പാകുമ്പോള്‍ അതിന്‍റെ ശരിയായ നടത്തിപ്പ് ഇവര്‍ക്ക് സാദ്ധ്യമാകുമോ എന്നുള്ളത് സംശയമാണ്. അതുപോലെ തന്നെ ഗുരുവായൂര്‍ അമ്പലം മാത്രമല്ല, ഗുരുവായൂരെ തീരദേശപ്രദേശങ്ങളുടെ വളര്‍ച്ചയ്ക്കും വികസനത്തിനും, ഒരു ടൂറിസ്റ്റ്കേന്ദ്രം എന്ന നിലയിലുള്ള വളര്‍ച്ചയ്ക്കും, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉള്ള മേഖലയായതിനാല്‍ അവയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇതുവരെ ആരും ഒരു പ്രാധാന്യവും നല്‍കിയിട്ടില്ല. അതിനാല്‍, വികസനം എന്നുള്ളത് ഒരു പ്രധാന അജണ്ടയായി കാണുന്ന ബിജെപിയ്ക്ക് ഇവിടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അത് ജനങ്ങള്‍ക്ക് ബോധ്യമാവുകയാണെങ്കില്‍ ബിജെപിയ്ക്ക് തീര്‍ച്ചയായും ഇവിടെ വിജയിക്കാന്‍ കഴിയും എന്നാണ് വിശ്വാസം.

ചോദ്യം: നിലവിലെ കേന്ദ്ര-സംസ്ഥാന ഭരണങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ഒന്ന് ചുരുക്കിപ്പറയാമോ?

അതിനെക്കുറിച്ച് പ്രേത്യേകിച്ചെന്തെങ്കിലും പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചും സംസ്ഥാന സര്‍ക്കാരിനെക്കുറിച്ചും ദിവസവും പേപ്പറില്‍ വരുന്ന കാര്യങ്ങള്‍ മാത്രം വായിച്ചാല്‍ മതി അവ തമ്മിലുള്ള അന്തരം മനസ്സിലാകാന്‍. ഒരാള്‍ വികസനത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ പറയുമ്പോള്‍ മറ്റേത് അതിലും വലിയ വിഷയങ്ങളൊക്കെയാണ് കൈകാര്യം ചെയ്യുന്നത്. അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.

ചോദ്യം: അപ്പോള്‍ സംസ്ഥാനത്ത് പൊതുവേ ഒരു ബിജെപി അനുകൂല സാഹചര്യം ഉണ്ടെന്നാണോ വിലയിരുത്തല്‍?

അതെ. അതിനെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജനങ്ങള്‍ വിധിയെഴുതുമല്ലോ. അപ്പോള്‍ അറിയാം ഒരു താമരയാണോ വിരിയുന്നത് അതോ താമരയുടെ ഒരു പൂങ്കാവനമാണോ വരാന്‍ പോകുന്നതെന്ന്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ എന്താണോ ഉദ്ദേശിക്കുന്നത് അത് ജനങ്ങളിലേക്കെത്തിക്കാന്‍ പരമാവധി ശ്രമിക്കും. അത് വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ മികച്ച ഒരു വിജയം ഉണ്ടാകുമെന്ന് ഉറപ്പാണ്‌.

ചോദ്യം: അവസാനമായി, സമ്മതിദായകര്‍ക്ക് കൊടുക്കാനുള്ള സന്ദേശം? ഗുരുവായൂരിലെ മാത്രമല്ല, കേരളം മുഴുവനുമുളള സമ്മതിദായകര്‍ക്ക്

60-വര്‍ഷങ്ങളായി ഇരുമുന്നണികളും എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് അത് ഒന്നു വിലയിരുത്തിയതിന് ശേഷം മാത്രം സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നു മാത്രമേ പറയാനുള്ളൂ….

വളരെ നന്ദി അഡ്വക്കേറ്റ് നിവേദിത….

shortlink

Related Articles

Post Your Comments

Related Articles


Back to top button