ന്യൂഡല്‍ഹി: പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വെളിപ്പെടുത്തലുകളെ സ്വാഗതം ചെയ്യുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതി രൂപീകരിച്ചതായും ജെയ്റ്റ്‌ലി പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് എന്നിവയുള്‍പ്പെട്ടതാണ് സമിതി.
വിദേശത്തുള്ള എല്ലാ അനധികൃത സാമ്പത്തിക ഇടപാട് കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. നികുതി നിയമങ്ങള്‍ ലംഘിച്ച് പണം നിക്ഷേപിക്കാനും ഉടമസ്ഥത മറച്ചുവെച്ച് വിദേശ രാജ്യങ്ങളില്‍ കമ്പനികള്‍ രൂപീകരിക്കാനും സഹായിക്കുന്ന ഏജന്‍സിയാണ് മൊസാക് ഫൊന്‍സെക. ജര്‍മന്‍ പത്രമായ സിഡോയിച് സെയ്തൂങാണ് കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് മൊസാക് ഫൊന്‍സെകയെ സമീപിച്ചവരുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് ചോര്‍ന്നത്. ഇതില്‍ 500 ഇന്ത്യാക്കാരുമുണ്ട്.
അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന ഇഖ്ബാല്‍ മിര്‍ച്ചി, ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, ഡി.എല്‍. എഫ് ഉടമ കെ.പി സിങ്, ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗെഹ്‌ലോട്ട് തുടങ്ങിയ പ്രമുഖരുടെ നീണ്ട പട്ടികയാണ് പുറത്തുവന്നത്. ബച്ചന് ബഹാമസിലും ഐശ്വര്യറായിക്ക് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലും നിക്ഷേപമുണ്ടെന്നാണ് രേഖകള്‍.
മൊസാക് ഫൊന്‍സെക രേഖകളെക്കുറിച്ച് വിദേശത്തെ കള്ളപ്പണ നിക്ഷേപം കണ്ടെത്താനായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വേറെയും അന്വേഷണം നടത്തും. പുറത്തുവന്ന പട്ടികയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എസ്.ഐ.ടി ചെയര്‍മാന്‍ ജസ്റ്റിസ് എം.ബി ഷാ പറഞ്ഞു.
Post Your Comments