അഞ്ജു പ്രഭീഷ്
പ്രതീകാത്മകമായി നടത്തിയ ഗുരുവന്ദനം അപരാധവും പ്രതീകാത്മക ശവമടക്ക് ആവിഷ്ക്കാരസ്വാതന്ത്ര്യവും ആകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ മലയാളികള്‍ ഇന്ന് സഞ്ചരിക്കുന്നത് ??പ്രബുദ്ധകേരളത്തില്‍ നടക്കുന്ന ഗുരുനിന്ദയും കൂട്ടബലാത്സംഗവും പട്ടാപ്പകല്‍ നടക്കുന്ന കൊലപാതകങ്ങളും സ്ത്രീവിരുദ്ധപ്രസ്താവനകളും കാണാതിരിക്കാന്‍ മാത്രം സെലക്ടീവ് തിമിരം ബാധിച്ചവരുടെ നാടായി നമ്മുടെ കേരളം മാറിയിട്ട് നാളുകള്‍ ഏറെയായി.രാഷ്ട്രീയപകപോക്കലുകളുടെയും മതപ്രീണനത്തിന്റെയും വര്‍ഗ്ഗീയചേരിത്തിരിവിന്റെയും വിളനിലമായി മാറിയിരിക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്.പറഞ്ഞുവന്നത് പുരോഗമന ആശയത്തിന്റെ ചുക്കാന്‍ സ്വന്തം കയ്യിലെന്നവകാശപ്പെടുന്ന ചില ആധുനിക പുരോഗമനവാദികളുടെയും സ്ത്രീപക്ഷവാദികളുടേയും പൊള്ളയായ അവകാശവാദങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചുമാണ്.അവരോടാണ് ചില ചോദ്യങ്ങള്‍ ചോദിക്കുവാനുള്ളതും..
തിരുവനന്തപുരത്തെ പ്രശസ്തമായ പെണ്‍പള്ളിക്കൂടത്തില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ ഗുരുവന്ദനം നടത്തിയപ്പോള്‍ അതിനെതിരേ ഘോരഘോരം പ്രസംഗിച്ചവരൊക്കെ പാലക്കാട് വിക്ടോറിയാ കോളേജിലെ പ്രതീകാത്മക ശവമടക്ക് കണ്ടിട്ട് എന്തേ മൗനം പാലിക്കുന്നു?ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പെണ്‍പള്ളിക്കൂടമാണ് തിരുവനന്തപുരത്തെ കോട്ടന്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍..ചരിത്രത്തിന്റെ താളുകളില്‍ പേരെഴുതിയ ഒട്ടേറെ പ്രതിഭകളെ മിനുക്കിയെടുത്ത ഈ പ്രശസ്ത വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥിനികളില്‍ പ്രൊഫസര്‍ ഹൃദയകുമാരിയും കെ എസ് ചിത്രയും കലാദേവിയുമൊക്കെ ചില പേരുകള്‍ മാത്രം.എല്ലാ വര്‍ഷവും ആയിരത്തിലേറെ വിദ്യാര്‍ഥിനികള്‍ ഇവിടെ എസ് എസ് എല്‍ സി പരീക്ഷ എഴുതാറുണ്ട്.പരീക്ഷയ്ക്ക് മുന്നോടിയായി അദ്ധ്യാപകരുടെ അനുഗ്രഹം വാങ്ങാന്‍ മുട്ടുകുത്തി തല കുമ്പിട്ട കുട്ടികളുടെ ചിത്രം കണ്ടപ്പോള്‍ ചന്ദ്രഹാസം മുഴക്കിയവരെ സോഷ്യല്‍ മീഡിയ മറക്കാന്‍ ഇടയില്ല. അന്നത്തെ ഗുരുവന്ദനം കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ചെയ്യിച്ച ഒരു പ്രാകൃതപ്രവര്‍ത്തിയായി തോന്നിയവര്‍ക്ക് ഇന്നത്തെ ഗുരുനിന്ദയില്‍ യാതൊരു അപാകതയും കാണാന്‍ കഴിയുന്നില്ലേ?? കുമ്പിട്ടു ഗുരുവന്ദനം നടത്തിയാല്‍ കുട്ടികള്‍ക്ക് നഷ്ടമാകുന്നത് അവരുടെ ആത്മവിശ്വാസം ആയിരുന്നുവത്രേ.തല ഉയര്‍ത്താന്‍ പഠിപ്പിക്കേണ്ടവര്‍ കുട്ടികളെ തലതാഴ്ത്താന്‍ നിര്‍ബന്ധിക്കുന്നത് കണ്ടു കേരള വര്‍മ്മ കോളേജിലെ ആ വലിയ അദ്ധ്യാപികയ്ക്ക് അന്ന് വലിയ വിഷമമായിരുന്നു.. ഗുരുവന്ദനം അവരുടെ തന്നെ വാക്കുകളില്‍-“ ആരുടെ തലയില്‍ ഉദിച്ച ആശയമാണെന്നറിയില്ല,പക്ഷേ ഗംഭീരമായിട്ടുണ്ട്.”തലയുയര്‍ത്തിപ്പിടിച്ച് നിറുത്താന്‍ പഠിപ്പിക്കേണ്ട അദ്ധ്യാപകര്‍ തലകുമ്പിട്ടു നിറുത്തുന്നത് പിന്തിരിപ്പന്‍ നയമായിരുന്നു ആ പുരോഗമനവാദിയായ ടീച്ചര്‍ക്ക്.ഇരുപത്താറു വര്‍ഷം അധ്യാപനം നടത്തിയ ഒരു അദ്ധ്യാപികയ്ക്ക് “ശവമടക്ക്” ഗുരുദക്ഷിണയായി നല്‍കുന്ന കാടത്തത്തോളം വരുമോ ആ തലകുമ്പിടല്‍?ഭൂതകാലക്കുളിരില്‍ മുങ്ങിപോയ തിരക്കിനിടയില്‍ പോലും അന്ന്,അങ്ങേയറ്റത്തെ ജില്ലയായ തിരോന്തരത്തെ ആ പ്രാകൃതപ്രവൃത്തിയെ അപലപിച്ചു അല്‍പനേരം പോസ്റ്റിട്ട് പ്രതികരിക്കാന്‍ സമയം കണ്ടെത്തിയ അവര്‍ക്ക് പക്ഷേ തൊട്ടടുത്ത ജില്ലയിലെ പ്രശസ്തമായ കലാലയത്തിലെ ഒരു പറ്റം വിദ്യാര്‍ഥികള്‍ ഇരുപത്താറു വര്‍ഷം സേവനമനുഷ്ഠിച്ച ഒരധ്യാപികയെ അപമാനിച്ചത് കണ്ടു പ്രതികരിക്കാന്‍ സമയം കിട്ടിയില്ല പോലും…. മാത്രമല്ല അരിയെത്ര പയര്‍ നാഴിയെന്ന തരത്തില്‍ സിറിയയെയും ഒബാമയെയും പുടിനെയും കനയ്യയെയും കൂട്ടുപിടിച്ച് സര്‍ക്കാസ്റ്റിക് ശൈലിയില്‍ ഒരു പോസ്റ്റ് ഇട്ടു ആ സംഭവത്തെ ലഘൂകരിക്കാന്‍ ഒരു വിഫലശ്രമവും നടത്തി അവര്‍..സെലക്ടീവായി പ്രതികരിക്കുകയും നിഷ്പക്ഷതയുടെ മുഖം മൂടിയണിയുകയും ചെയ്യുന്ന ഇത്തരക്കാരുടെ സ്വത്വത്തെ തിരിച്ചറിയാന്‍ നമുക്ക് കഴിയണം.
നിങ്ങളിലെ എഴുത്തുകാരിയോട് അങ്ങേയറ്റം ബഹുമാനവും ആദരവും ഉള്ളപ്പോഴും നിങ്ങളിലെ അധ്യാപികയോട് എന്തുകൊണ്ടോ വല്ലാത്തൊരു ബഹുമാനക്കുറവു തോന്നിപോകുന്നത് ഞാനും ഒരധ്യാപികയുടെ കുപ്പായം അണിയുന്നത് കൊണ്ട് കൂടിയാവാം .ഇടതുപക്ഷ സഹയാത്രികരായ പ്രൊഫ.ശിവദാസിന്റെയും ശങ്കുണ്ണി രാജശേഖരന്റെയും ഒക്കെ ശിഷ്യ ആകുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.അവരിലൊക്കെ ഞാന്‍ കണ്ടിരുന്ന ഏറ്റവും വലിയ പ്രത്യേകത താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി എസ് എഫ് ഐയെന്ന വിദ്യാര്‍ഥിപ്രസ്ഥാനത്തെയും അനുയായികളെയും മുന്നോട്ടുനടത്താന്‍ അവര്‍ കാട്ടിയ ആര്‍ജവമായിരുന്നു.തെറ്റുകളെ തെറ്റായി തന്നെ പറഞ്ഞുകൊടുത്തിരുന്നു ആ അദ്ധ്യാപകര്‍.അത് കൊണ്ട് കൂടിയാവാം അന്നത്തെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കൊക്കെ അന്ന് എസ് എഫ് ഐ എന്നോ കെ എസ് യുവെന്നോ എ ബി വി പിയെന്നോ വേര്‍തിരിവില്ലാതെ ഒറ്റക്കെട്ടായി പല കാര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും.കാമ്പസ് ഇലക്ഷനിലെ പ്രചരണങ്ങളില്‍ പരസ്പരം ചെളി വാരിയെറിയാതെ പ്രവര്‍ത്തിക്കാനും സൌഹൃദം രാഷ്ട്രീയത്തെക്കാള്‍ വലുതാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞതും.അത്കൊണ്ട് തന്നെയാണ് ജീവിതപാതയില്‍ പല വഴിക്ക് പിരിഞ്ഞ ശേഷവും ഇന്നും പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയുന്നത്.അന്ന് അതിനു ഞങ്ങളെ പ്രാപ്തരാക്കിയത് ഈ അദ്ധ്യാപകരായിരുന്നു.കെ എസ് യുക്കാരിയായ എന്നെയും എസ് എഫ് ഐക്കാരിയായ ഷിനിയെയും ഒരുപോലെ കണ്ടു സ്നേഹിച്ചവരായിരുന്നു അവര്‍.ഒരിക്കലും ഞങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വ്യത്യാസത്തെ ആയുധമാക്കാന്‍ അവര്‍ ശ്രമിച്ചില്ല തന്നെ.ഇന്ന് കാതങ്ങള്‍ക്കിപ്പുറം ഒരു വിദേശരാജ്യത്ത് ആംഗലേയ അദ്ധ്യാപികയായി ജോലി ചെയ്യുമ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നത് അവര്‍ പകര്‍ന്നു തന്ന അക്ഷരങ്ങളുടെ ആ കെടാവിളക്കാണ്.
പലപ്പോഴും നിങ്ങളുടെ എഴുത്ത് കണ്ടു, നിങ്ങളുടെ അക്ഷരങ്ങള്‍ക്ക് ആത്മാവിന്റെ ആഴങ്ങളില്‍ ചെന്ന് സംവേദിക്കാനുള്ള ആ കഴിവ് കണ്ട് ഏറെ ആരാധിച്ചിട്ടുണ്ട് ഞാന്‍.ബീഫ് വിഷയത്തില്‍ നിങ്ങള്‍ പ്രതികരിച്ചപ്പോഴും ആ പ്രതികരണത്തിലെ സത്യസന്ധതയോട് ആദരം തോന്നി നിങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചവരില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ട്.അന്ന് കരുതിയത് നിങ്ങള്‍ക്കുള്ളില്‍ കരുത്തുറ്റ, സാമൂഹ്യപ്രതിബദ്ധതയുള്ള ഒരദ്ധ്യാപിക ഉണ്ടെന്നായിരുന്നു.നേരിനും സത്യത്തിനും വേണ്ടി പ്രതികരിക്കുന്ന ഒരു മനുഷ്യത്വമുള്ള സ്ത്രീയായി തോന്നിയിരുന്നു.പക്ഷേ പിന്നീട് കണ്ടത് വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളുള്ള,ഒരു വ്യക്തിയുടെ ഉദയമായിരുന്നു..സാമൂഹ്യമാധ്യമങ്ങളിലൂടെ താരമായി വളര്‍ന്ന നിങ്ങള്‍,അക്ഷരങ്ങളെ സമര്‍ത്ഥമായി കച്ചവടവല്‍ക്കരിക്കുന്നത് കണ്ടപ്പോള്‍ തോന്നിയത് പരമപുച്ഛവും..വിമര്‍ശനങ്ങളെ താങ്ങാന്‍ ശക്തിയില്ലാതെ വരുമ്പോള്‍ പരിഹാസവും സ്ക്രീന്‍ഷോട്ടുകളും ആയുധമാക്കുന്ന നിങ്ങളെ എങ്ങനെയാണ് ശക്തയായ നിഷ്പക്ഷവാദിയായ പുരോഗമനപ്രസ്ഥാനത്തിന്റെ വക്താവായി കാണുവാന്‍ കഴിയുക? ഭൂമിയിലെ സകല ചെറ്റത്തരങ്ങള്‍ക്കും പ്രതികരിക്കാന്‍ എനിക്കെന്താ കാര്യമെന്ന് മറുചോദ്യം വന്നേക്കാം..പക്ഷേ സംഘികള്‍ വായനശാല കത്തിച്ചപ്പോള്‍ പ്രതികരിക്കാന്‍ തോന്നിയ അതേ തന്റേടം എന്തേ ഇവിടെ കാണുന്നില്ല?ആ ചെറ്റത്തരത്തെ വിമര്‍ശിക്കുമ്പോള്‍ തന്നെ ശ്രീ ഗുരുവായൂരപ്പന്‍ കോളേജിലെ മാഗസിനെ പ്രകീര്‍ത്തിക്കാന്‍ നിങ്ങളിലെ അധ്യാപികയ്ക്ക് കഴിഞ്ഞു .വായനശാല കത്തിക്കുകയെന്നത് നിന്ദ്യമായ പ്രവര്‍ത്തി തന്നെയാണ്.ആശയത്തെ ആശയം കൊണ്ട് എതിര്‍ക്കണമെന്നാണല്ലോ ടീച്ചറുടെ പക്ഷം.അത് അങ്ങേയറ്റം ബഹുമാനത്തോടെ അംഗീകരിക്കുകയും ചെയ്യുന്നു.പക്ഷേ പലപ്പോഴും ആശയത്തെ ആയുധം കൊണ്ട് എതിര്‍ക്കുന്ന ഒരു പ്രസ്ഥാനത്തിലെ ചെയ്തികളെ എന്തുകൊണ്ട് കണ്ടില്ലെന്നു നടിക്കുന്നു? ഗുരുവന്ദനത്തില്‍ കണ്ടെത്തിയ പിഴ ഇവിടെ എന്ത്കൊണ്ട് കാണുന്നില്ല..? സരസു ടീച്ചറും നിങ്ങളെ പോലൊരു അദ്ധ്യാപികയല്ലേ?രാഷ്ട്രീയഭേദമെന്യേ വിദ്യാര്‍ഥികള്‍ക്ക് നേര്‍വഴി കാട്ടേണ്ടവരല്ലേ നമ്മള്‍ അധ്യാപകര്‍..തെറ്റ് ആര് ചെയ്താലും അത് ചൂണ്ടിക്കാണിക്കുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യണം.ജെ എന്‍ യുവും ഹൈദരാബാദും കാണുന്നവര്‍ എന്തുകൊണ്ട് പാലക്കാട് വിക്ടോറിയയും തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജും കാണുന്നില്ല ?അരുന്ധതിക്കും ആദിക്കും വേണ്ടി എഴുതിയ അക്ഷരങ്ങളിലെ അഗ്നി എന്തുകൊണ്ട് തൃപ്പൂണിത്തുറയിലെ പെണ്‍കുട്ടിക്കും സരസു ടീച്ചര്‍ക്കും വേണ്ടി ജ്വലിപ്പിക്കുന്നില്ല??രോഹിത് വെമൂലയ്ക്ക് വേണ്ടി കരഞ്ഞ നിങ്ങള്‍ ഇവിടെ ആറ്റിങ്ങലില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ രോദനം എന്ത് കൊണ്ട് കേള്‍ക്കുന്നില്ല?? വടക്കേയിന്ത്യയിലെ അവര്‍ണ്ണ-സവര്‍ണ്ണതീണ്ടാപാടുകള്‍ ഓര്‍ത്ത് കണ്ണുനീര്‍ പൊഴിക്കുന്ന നിങ്ങള്‍ എന്ത് കൊണ്ട് കേരളത്തിലെ തീണ്ടലുകള്‍ക്കെതിരെ മുഖംതിരിക്കുന്നു ?തന്റെ ഭൂതക്കാലക്കുളിര്‍ മറക്കാന്‍ ശ്രമിച്ചതാണ് തൃപ്പൂണിത്തുറയിലെ പെണ്‍കുട്ടി ചെയ്ത തെറ്റ്..അതിനു അവള്‍ക്കു കൊടുക്കേണ്ടി വന്ന വിലയായിരുന്നു ആ ആത്മഹത്യാശ്രമം .അനൂജയെന്ന പെണ്‍കുട്ടിയും ആറ്റിങ്ങലിലെ പെണ്‍കുട്ടിയും നിങ്ങളെ പോലുള്ളവര്‍ക്ക് തീണ്ടാപാടകലെ ആയിപോകുന്നത് കൊന്നവന്റെയും പീഡിപ്പിച്ചവന്റെയും പേരുകളിലുള്ള മതപ്രീണനത്തിന്റെ ചിഹ്നങ്ങള്‍ ഉള്ളത് കൊണ്ടല്ലേ??
സാമൂഹ്യപ്രതിബദ്ധതയുള്ള അധ്യാപകര്‍ പിഴവുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് സമൂഹത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചില്ലറയല്ല..നിങ്ങളുടെ എഴുത്തിനെ ആദരിക്കുന്ന,ആരാധിക്കുന്ന ഒരുപാട് പേര്‍ ഇവിടെ ഈ കൊച്ചു കേരളത്തിലുണ്ട്.വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിലെ തെറ്റുകള്‍ തെറ്റായി കണ്ടു വരും തലമുറയ്ക്ക് ചൂണ്ടിക്കാണിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ നിങ്ങളിലെ അധ്യാപിക നേടുന്ന മാനങ്ങള്‍ വിവരണാതീതമാകും. അല്ലാതെ ഞാന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിലെ പിഴവുകള്‍ കാണാതിരിക്കുകയും മറ്റുള്ളവരുടെ പിഴവുകളെ വിമര്‍ശിക്കുകയും ചെയ്യുന്നത് കാപട്യമാണ്.അങ്ങനെ വരുമ്പോള്‍ നിങ്ങളിലെ രാഷ്ട്രീയക്കാരിയെ കാണാതെ എഴുത്തുകാരിയെ ഇഷ്ടപ്പെടുന്നവരുടെ മനസ്സില്‍ നിങ്ങള്‍ക്കുണ്ടാകുന്ന സ്ഥാനം ഒരു അവസരവാദിയായ സ്ത്രീയുടെ പൊയ്മുഖം മാത്രമായിരിക്കും..ഭൂതക്കാലക്കുളിര്‍ ആവേശമായി നെഞ്ചിലേറ്റിയവര്‍ പിന്നീട് ഭാവിക്കാലചുഴലിക്കാറ്റില്‍ നിങ്ങളെ ചുഴറ്റിയെറിയും..
Post Your Comments