Kerala

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സഖാക്കള്‍ തന്നെയെന്ന് റിപ്പോര്‍ട്ട്.

ആലപ്പുഴ: മുഹമ്മ കണ്ണര്‍കാട്ടെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎം പ്രവര്‍ത്തകരല്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വാദം പൊളിഞ്ഞു. സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിവിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍ ഗൂഢാലോചന നടത്തിയാണ് സ്മാരകം തകര്‍ത്തതെന്ന് ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിക്കുന്നു.

സ്മാരകം തകര്‍ക്കലിലേക്ക് നയിച്ചത് സിപിഎമ്മിലെ വിഭാഗീയതയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.വിഎസ് പക്ഷക്കാരായ നേതാക്കളാണ് കേസിലെ പ്രതികള്‍. നേരത്തെ ‘അമ്മയെ തല്ലുന്നവരല്ല സിപിഎമ്മുകാരെന്നും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കില്ലെന്നുമാണ്’ അച്യുതാനന്ദന്‍ പ്രസ്താവിച്ചത്.എന്നാല്‍ സിപിഎം ഔദ്യോഗിക പക്ഷം, അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ അംഗീകരിച്ച് പ്രതികളായ വിഎസ് പക്ഷക്കാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. വിഎസിന്റെ നിലപാടിനെതിരെ മുതിര്‍ന്ന നേതാവ് ടി.കെ. പളനിയും, സ്മാരകം സ്ഥിതി ചെയ്യുന്ന ചെല്ലിക്കണ്ടം തറവാട്ടിലെ അനന്തരാവകാശികളും പരസ്യമായി രംഗത്തെത്തിയിരുന്നു.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മുഹമ്മ കണ്ണര്‍കാട്ട് പാര്‍ട്ടി നടപടികള്‍ നേരിട്ട വിഎസ് പക്ഷക്കാരായ ലതീഷ്, മുന്‍ ലോക്കല്‍ കമ്മറ്റിസെക്രട്ടറി പി. സാബു, ദീപു, രാജേഷ്, പ്രമോദ് എന്നിവര്‍ ആസൂത്രണം ചെയ്താണ് അക്രമം നടത്തിയത്. സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടാക്കാനായി സമീപ പ്രദേശമായ കായിപ്പുറത്തെ ഇന്ദിരാഗാന്ധിയുടെ സ്തൂപവും ഇവര്‍ തകര്‍ത്തിരുന്നു.കൃഷ്ണപിള്ള സ്മാരകം പോലും സംരക്ഷിക്കാന്‍ കഴിയാത്തവരാണ് ഔദ്യോഗിക പക്ഷ നേതൃത്വം എന്ന് വരുത്തിത്തീര്‍ക്കുകയും ഇവരുടെ ലക്ഷ്യമായിരുന്നുവത്രെ.

മുന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ എല്ലാം തന്നെ ഇപ്പോഴത്തെ അന്വേഷണ സംഘവും ശരിവെച്ചിട്ടുണ്ട്.ഫോറന്‍സിക് റിപ്പോര്‍ട്ടും, മൊബൈല്‍ കമ്പനികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.ഗൂഢാലോചന സംബന്ധിച്ച് സിപിഎം ജില്ലാ നേതാക്കള്‍, കേന്ദ്രകമ്മറ്റിയംഗങ്ങള്‍ എന്നിവരിലേക്ക് അന്വേഷണം നീണ്ടപ്പോഴാണ് അന്നത്തെ അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് പുതിയ സംഘത്തെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button