ദുര്‍ഗാപുര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലാല്‍ സലാം വിളികളുമായി സിപിഎം പ്രവര്‍ത്തകരുടെ അഭിവാദ്യം. ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണത്തിത്തിന്റെ ഭാഗമായി ബംഗാളിലെ നിയാമത്പുരിലും ദുര്‍ഗാപുരിലും നടന്ന പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കവേയാണ് രാഹുല്‍ ഗാന്ധിയ്ക്ക് ലാല്‍ സലാം വിളികളിലൂടെ പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചത്.
കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും പതാകകളുമായി നൂറുകണക്കിനു പ്രവര്‍ത്തകരാണ് യോഗങ്ങള്‍ക്കെത്തിയത്. തെരഞ്ഞെടുപ്പുകളില്‍ ഇത്ര കാലവും പരസ്പരം പോരാടിയ ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ഒന്നിച്ചണിനിരന്ന കാഴ്ച ബംഗാള്‍ രാഷ്ട്രീയത്തിലെ വേറിട്ട അനുഭവമായിരുന്നു.
സംസ്ഥാനത്ത് കോണ്‍ഗ്രസ്- ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് യോഗങ്ങളില്‍ പ്രസംഗിച്ചപ്പോള്‍ രാഹുല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മമത സര്‍ക്കാരിന്‍റെ അഴിമതി ഭരണം അവസാനിപ്പിക്കാനാണു ബംഗാളില്‍ കോണ്‍ഗ്രസ് ഇടതുപക്ഷവുമായി ചേര്‍ന്നത്. ഏകാധിപത്യ ഭരണമാണു മമതയുടേത്. തൃണമൂലിനെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷവുമായി സഖ്യം വേണമെന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നോടു പറഞ്ഞു. അവരുടെ ആഗ്രഹത്തിനു താന്‍ സമ്മതം മൂളുകയായിരുന്നു. ഇനി ഇടതിനൊപ്പം നിന്ന് തൃണമൂലിന്‍റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണം- രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിനെയും ഇടതിനെയും ഒന്നിപ്പിക്കാന്‍ തക്ക ഗൗരവമുള്ള വന്‍ അഴിമതികളാണു കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ബംഗാളില്‍ നടന്നത്. ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് യാതൊരു നടപടിയുമെടുത്തില്ല. തൃണമൂല്‍ നേതാക്കളുടെ അഴിമതികള്‍ പുറത്തുവന്നപ്പോഴും മമത അനങ്ങിയില്ല. കോണ്‍ഗ്രസ്- ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരാകുമെന്നും രാഹുല്‍ വ്യക്തമാക്കി.
Post Your Comments