KeralaNews

കത്ത് നാടകം പുറത്ത് : ടി.എന്‍.പ്രതാപന്റെ ആദര്‍ശ മുഖം അഴിഞ്ഞുവീണു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞ ടി.എന്‍ പ്രതാപന്‍ സീറ്റ് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയെന്ന് വിവരങ്ങള്‍. ഇതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതാപന്‍ നടത്തിയ നാടകമാണ് പൊളിയുന്നത്. മത്സരിക്കാന്‍ ഇല്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ കയ്പമംഗലം ആവശ്യപ്പെട്ടാണ് പ്രതാപന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

കയ്പമംഗലം ജയസാധ്യതയുളള സീറ്റാണെന്നും അതിനാല്‍ ഈ സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് പ്രതാപന്‍ അയച്ച കത്തിന്റെ ഉള്ളടക്കമെന്നാണ് അറിയുന്നത്. ഇന്നലെ നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി ഈ കത്ത് വായിക്കുകയും തുടര്‍ന്നാണ് കയ്പമംഗലത്തേക്ക് പ്രതാപന്റെ പേര് നിര്‍ദേശിക്കുകയും ചെയ്തത്. നേരത്തെ യുവാക്കള്‍ക്ക് മത്സരിക്കാന്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനില്‍ക്കുന്നുവെന്ന് പറഞ്ഞാണ് പ്രതാപന്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. തുടര്‍ന്ന് പ്രതാപനെ പോലെയുളളവരെ വി.എസ് അടക്കം മാതൃകയാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ട് പറയുകയും തുടര്‍ന്ന് അത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയും, ഹൈക്കമാന്‍ഡും നിര്‍ബന്ധിച്ചതിനാലാണ് മത്സരിക്കുന്നതെന്ന് പ്രതാപന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അതേസമയം താന്‍ ഇത്തരത്തില്‍ കത്തയച്ചിട്ടില്ലെന്ന് പ്രതാപന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കത്ത് വിവരം പുറത്തുവന്നതോടെ പ്രതാപനെതിരെ ഡീന്‍ കൂര്യാക്കോസ് രംഗത്ത് വന്നിട്ടുണ്ട്. പ്രതാപന്റെ ആദര്‍ശ പൊയ്മുഖം അഴിഞ്ഞുവീണെന്നും, മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ കെ.എസ്.യു കാരന്റെ സീറ്റ് നഷ്ടപ്പെടുത്തിയെന്നും, ആദര്‍ശമുണ്ടെങ്കില്‍ ആ യുവാവിന് സീറ്റ് കൊടുക്കാന്‍ പ്രതാപന്‍ തയ്യാറാകണമെന്നും ഡീന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button