കണ്ണൂര്‍: ബൈക്കിന് നമ്പര്‍ പ്‌ളേറ്റില്ലെന്നതിന്റെ പേരില്‍ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി ക്രൂരമായി മര്‍ദിച്ചു. ചാലാട് ജയന്തി റോഡില്‍ ആലത്താന്‍കണ്ടി ഹൗസില്‍ അലിയുടെയും ഫരീദയുടെയും മകന്‍ അജാസിനാണ് (24) മര്‍ദനമേറ്റത്. അവശനിലയിലായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായില്ല. ഒടുവില്‍ പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. സുഹൃത്തുക്കളുമൊത്ത് പടന്നപ്പാലം തിയറ്റര്‍ കോംപ്‌ളക്‌സില്‍ സിനിമ കാണാനത്തെിയതായിരുന്നു അജാസ്. പുതുതായി വാങ്ങിയ ബൈക്കിലാണ് വന്നത്. ഇടവേളക്ക് പുറത്തിറങ്ങിയപ്പോള്‍ പൊലീസുകാര്‍ ബൈക്ക് പരിശോധിക്കുന്നത് ഇവര്‍ കണ്ടു.
ബൈക്കിന് നമ്പര്‍ പ്‌ളേറ്റില്ലെന്ന് പറഞ്ഞ പൊലീസുകാര്‍, ബൈക്ക് ഉടന്‍ സ്റ്റേഷനിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഫോര്‍ രജിസ്‌ട്രേഷനാണെന്നും പുതുതായി അനുവദിച്ച നമ്പര്‍ ഉടനെ പതിക്കുമെന്നും അജാസ് പറഞ്ഞു. 1,000 കിലോമീറ്ററിലധികം ഓടിയിട്ടുണ്ടെന്നും നമ്പര്‍ പ്‌ളേറ്റില്ലാതെ ഇത് അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു. ഇതോടെ വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് അജാസ് താക്കോല്‍ നല്‍കി.
എന്നാല്‍, വണ്ടിയുമായി അജാസ് സ്റ്റേഷനിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചതോടെ കോളറിന് പിടിച്ച് ജീപ്പിലേക്ക് വലിച്ചെറിഞ്ഞതായി പറയുന്നു. തെറിവിളിക്കുകയും മര്‍ദിക്കുകയും ചെയ്തതായും അജാസിന്റെ കൂട്ടുകാര്‍ പറഞ്ഞു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അജാസ് അവശനിലയില്‍ പൊലീസ് വാഹനത്തില്‍ കിടക്കുകയായിരുന്നു. ശ്വാസതടസ്സം നേരിട്ടിരുന്നു.
ആശുപത്രിയിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമ്മതിച്ചില്ല. ഇതോടെയാണ് സ്റ്റേഷന്‍ പരിസത്ത് ബഹളമുണ്ടായത്. ചാലാടുനിന്ന് കൂടുതല്‍ ആളുകള്‍ എത്തിയതോടെ പൊലീസ് അജാസിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സമ്മതിച്ചു. രാത്രി പതിനൊന്നരയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനാല്‍ എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments