മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കുക സ്ത്രീകളുടെ മൗലികാവകാശമാണെന്നും അക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ബോംബെ ഹൈക്കോടതി നിര്‍ദേശം. ഇതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളാമെന്നു സര്‍ക്കാര്‍ മറുപടി നല്‍കുകയും ചെയ്തതോടെ വിലക്കുള്ള ക്ഷേത്രങ്ങളിലെല്ലാം സ്ത്രീപ്രവേശനത്തിനു വഴിയൊരുങ്ങി.
ബോംബെ ഹൈക്കോടതിയുടേത് ആരാധനാ സ്വാതന്ത്ര്യത്തിലെ ലിംഗവിവേചനത്തിനെതിരായ നിര്ണായകവിധിയായി വിലയിരുത്തപ്പെടുന്നു. അഹമ്മദ്നഗറില്‍ സ്ത്രീകള്‍ക്കു ശ്രീകോവിലില്‍ പ്രവേശനവിലക്കുള്ള ശനി ഷിന്‍ഗ്നാപുര്‍ ക്ഷേത്രത്തില്‍ എത്രയും പെട്ടെന്ന്് തന്നെ പ്രവേശിക്കുമെന്ന് കോടതിവിധിക്കു പിന്നാലെ ഭൂമാതാ ബ്രിഗേഡ് എന്ന വനിതാ സംഘടനയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു.
നിയമപ്രകാരം സ്ത്രീകള്‍ക്കു ക്ഷേത്രപ്രവേശനം ഉറപ്പാക്കാന്‍ എല്ലാ ജില്ലകളിലെയും കളക്ടര്‍മാര്‍ക്കും പൊലീസ് സൂപ്രണ്ടുമാര്‍ക്കും ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കണമെന്ന് പൊതുതാല്പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടു ചീഫ് ജസ്റ്റിസ് ഡി. എച്ച്. വഗേല, ജസ്റ്റിസ് എം. എസ്. സോനക് എന്നിവരുടെ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
ഭരണഘടനയുടെ 14, 15, 25 വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന നീതി അനുസരിച്ച് ലിംഗവിവേചനത്തിനു സര്‍ക്കാര്‍ എതിരാണെന്നും കോടതി ഉത്തരവ് അനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ ഭരണ – പൊലീസ് നേതൃത്വങ്ങള്‍ക്കു നല്‍കുമെന്നും അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. ക്ഷേത്രപ്രവേശനത്തില് സ്ത്രീ-പുരുഷ ഭേദം പാടില്ലെന്ന് അനുശാസിക്കുന്ന 1956 ലെ മഹാരാഷ്ട്ര ഹിന്ദു ആരാധനാ നിയമം കര്‍ശനമായി നടപ്പാക്കും. ഈ നിയമപ്രകാരം ആരുടെയെങ്കിലും ആരാധനാസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് ആറു മാസംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം, ക്ഷേത്രശ്രീകോവിലിലും മറ്റും പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരേപോലെ പ്രവേശനം വിലക്കുന്നുണ്ടെങ്കില് അതിനെതിരെ നടപടിയെടുക്കാനാകില്ലെന്നും എ.ജി പറഞ്ഞു.
അഭിഭാഷക നീലിമ വര്‍ത്തക്, പൊതുപ്രവര്‍ത്തക വിദ്യ ബാല്‍ എന്നിവര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയാണ് നിര്‍ണായക വിധിക്കു വഴിയൊരുക്കിയത്.
Post Your Comments