ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിയ്ക്കുകയും പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത 40 അംഗ സായുധ കൊള്ളസംഘത്തേ വെറുമൊരു കത്തികൊണ്ട് നേരിട്ട് തുരത്തിയ ജവാന് സൈന്യത്തിന്റെ ആദരം. ഇന്ത്യന്‍ സൈന്യത്തിന്റെ ഗൂര്‍ഖ റെജിമെന്റിലെ വിരമിച്ച സൈനികനായ ബിഷ്ണു ശ്രേഷ്ഠയെയാണ് സൈന്യം ധീരതയ്ക്കുള്ള മെഡല്‍ നല്കി ആദരിച്ചത്.
2010 സെപ്റ്റംബര്‍ രണ്ടിനാണ് സംഭവം. 35 കാരനായ വിമുക്തഭടന് ബിഷ്ണു ശ്രേഷ്ഠ നേപ്പാളില്‍ നിന്ന് ഗോരഖ്പൂരിലേക്കുള്ള യാത്രയിലായിരുന്നു. ഹടിയ-ഗോരഖ്പൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മയൂര എക്സ്പ്രസിലായിരുന്നു ബിഷ്ണുവിന്റെ യാത്ര. ട്രെയിന്‍ പശ്ചിമബംഗാളിലെ ചിത്തരഞ്ജന് വനപ്രദേശത്തെത്തിയപ്പോഴാണ് 15 മുതല്‍ 40 പേരടങ്ങിയ സായുധ കൊള്ളസംഘം ട്രെയിനില്‍ കടന്നുകയറി യാത്രക്കാരുടെ പണവും കൈവശമുള്ള ആഭരണങ്ങള്‍, ഫോണ്‍, ലാപ്ടോപ് തുടങ്ങി മറ്റു വിലപിടുപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഒടുവില്‍ കൊള്ളക്കാര്‍ ബിഷ്ണുവിന്റെ സമീപമെത്തി പണവും മറ്റുവസ്തുക്കളും നല്കാന് ആവശ്യപ്പെട്ടു. ഇതിനിടെ ബിഷ്ണുവിന്റെ തൊട്ടടുത്ത സീറ്റിലിരുന്ന 18 കാരിയെ കടന്നുപിടിച്ച കൊള്ളസംഘത്തിലെ ഒരുവന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ബിഷ്ണുവിന്റെ സഹായത്തിനായി അഭ്യര്‍ഥിച്ചു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഒരാളെ കടന്നുപിടിച്ചു പരിചയാക്കി മാറ്റിയ ബിഷ്ണു കൈയിലുണ്ടായിരുന്ന ഖുക്രി (ഗൂര്‍ഖ സൈനികര്‍ ഒപ്പം കൊണ്ട് നടക്കുന്ന ഒരു തരം കത്തി) ഉപയോഗിച്ച് കൊള്ളക്കാരോട് ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ മൂന്നു കൊള്ളക്കാരെ ബിഷ്ണു വകവരുത്തുകയും നിരവധി കൊള്ളക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. പേടിച്ചുവിറച്ച കൊള്ളക്കാര്‍ ഏതുവിധേനയും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അടുത്ത സ്റ്റേഷനില്‍ കാത്തുനിന്ന പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നാല് ലക്ഷം രൂപയും നിരവധി വിലപിടിപ്പുള്ള വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. ഏറ്റുമുട്ടലിനിടെ തോളില്‍ കുത്തേറ്റ ബിഷ്ണുവിനെ പോലീസ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. രണ്ട് മാസത്തോളം ബിഷ്ണുവിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബിഷ്ണുവിനു പാരിതോഷികം നല്കാന് ശ്രമിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. ഒരു സൈനികന് എന്ന നിലയില്‍ ശത്രുക്കളില്‍ പൗരന്മാരെ രക്ഷിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണ് എന്നാണ് ഇതിനു ബിഷ്ണു നല്കിയ മറുപടി.
1975 ല്‍ പടിഞ്ഞാറന്‍ നേപ്പാളിലെ പര്‍ബാത് ജില്ലയില്‍ ജനിച്ച ബിഷ്ണു ശ്രേഷ്ഠ ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖ റെജിമെന്റില്‍ തെരെഞ്ഞെടുക്കപ്പെട്ട ശേഷം പൊഖാറയിലേക്ക് താമസം മാറ്റുകയായിരുന്നു.
Post Your Comments