കൊയിലാണ്ടി: വിവാഹ പന്തലില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ മനംമാറ്റം. ഹൈക്കോടതിയില്‍ രക്ഷിതാക്കള്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടി അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം ഒരാഴ്ച രക്ഷിതാക്കള്‍ക്കൊപ്പം വീട്ടില്‍ പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.
ബുധനാഴ്ചയാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹാജരായത്. ഒരു മണിക്കൂര്‍ രക്ഷിതാക്കളോടൊപ്പം കൌണ്‍സിലിംഗിന് ശേഷം വീണ്ടും ജഡ്ജിയുടെ മുന്നില്‍ ഹാജരായപ്പോഴാണ് താന്‍ മാതാപിതാക്കളോടൊപ്പം പോകാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടി കോടതി മുന്‍പാകെ അറിയിച്ചത്. അഭിഭാഷകന്‍ നാസര്‍ പുത്തലത്ത്, ജുനൈസ് കടവത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൌണ്‍സിലിംഗ്. കേസ് ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ 20 നായിരുന്നു കോഴിക്കോട് പയ്യോളി കാവുംവട്ടത്തെ ദില്‍ഷാനയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വിവാഹവേഷത്തില്‍ ദില്‍ഷാന സഹപാഠിയായ കാമുകനൊപ്പം പോവുകയായിരുന്നു. കാവുംവട്ടത്തുള്ള വീട്ടില്‍ വിവാഹസല്‍ക്കാരം നടക്കവെ വധുവിന്റെ സഹപാഠികളായ പെണ്‍കുട്ടികളുള്‍പ്പെടെ കുറച്ച് വിദ്യാര്‍ഥികളും യുവാവും അവിടെ എത്തുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേനയാണ് ഇവര്‍ എത്തിയത്. വിവാഹ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ നിന്ന വധുവുമൊന്നിച്ച് ഇവര്‍ ഫോട്ടോയെടുത്തു. പിന്നീട് ഫോട്ടോയെടുക്കാന്‍ എന്ന വ്യാജേന വിദ്യാര്‍ഥിസംഘം വധുവിനെ വീടിന്റെ മുന്നിലുള്ള റോഡിലേക്ക് കൊണ്ടുവന്നു. ഈ സമയത്ത് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് യുവാവ് വധുവിനെ ബൈക്കില്‍ കയറ്റി സ്ഥലം വിടുകയായിരുന്നു. പിന്നീട് ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാകുകയും ചെയ്തു. കൊയിലാണ്ടി നമ്പ്രത്തുകരയിലെ ഗവ. സംസ്‌കൃത കോളജില്‍ ബിരുദ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.
പിന്നീട് കോടതിയില്‍ ഹാജരായ ദില്‍ഷാന തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീട് വിട്ടത്. വീട്ടുതടങ്കലില്‍ ആയിരുന്നതിനാലാണ് കാമുകനൊപ്പം പോയതെന്നും കോടതിയെ അറിയിച്ചു. വിവാഹ ദിവസം ധരിച്ചിരുന്ന ആഭരണങ്ങള്‍ ദില്‍ഷാന വീട്ടുകാര്‍ക്ക് തിരിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ കൊയിലാണ്ടി മജിസ്‌ട്രേറ്റ് ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments