India

ക്ഷേത്രങ്ങളില്‍ സ്ത്രീകളുടെ പ്രവേശനം വിലക്കിയാല്‍ തടവുശിക്ഷ വരെ ലഭിക്കാമെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: സ്ത്രീകള്‍ക്ക് എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി. നമ്മുടെ രാജ്യത്ത് ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കുന്ന നിയമമൊന്നും നിലവില്ല. ആറ് മാസം വരെ തടവാണ് അത്തരത്തില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നവര്‍ക്ക് ശിക്ഷയായി ലഭിക്കുകയെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. നിര്‍ണായക നിരീക്ഷണം നടത്തിയത് ജസ്റ്റിസുമാരായ ഡി.എച്ച് വഘേല, എം.എസ് സോണക് എന്നിവരടങ്ങുന്ന ബെഞ്ചാണ്.

കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത് മഹാരാഷ്ട്രയിലെ ഷാനി ഷിഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് അഭിഭാഷകയായ നീലിമ വര്‍തക്, സാമൂഹ്യപ്രവര്‍ത്തകയായ വിദ്യാബാല്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ്. ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം വിലക്കുന്നത് നിയമവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ്. പുരുഷന് എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൂടായെന്ന് കോടതി ആരാഞ്ഞു.

ഇത്തരം വിലക്കുകള്‍ ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാവുന്നത് 1956ലെ മഹാരാഷ്ട്ര ഹിന്ദു പ്ലേസ് ഓഫ് വര്‍ഷിപ്പ് ആക്റ്റ് പ്രകാരമാണെന്നും കോടതി വ്യക്തമാക്കി. പൊതുജനങ്ങളെ ഈ ആക്റ്റിനെക്കുറിച്ച് ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button