NewsIndia

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശക്തമായ കേന്ദ്ര നിയമം വരുന്നു

ന്യൂഡെല്‍ഹി: പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന മാലിന്യങ്ങളും റോഡരികിലും ഓടകളിലും മറ്റും തള്ളുന്നതിന് നിരോധനം. ഇത്തരം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു.

ആദ്യമായാണ്‌ നിര്‍മ്മാണാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇത്തരത്തില്‍ ചട്ടമുണ്ടാവുന്നത്.

ഡല്‍ഹിയടക്കമുള്ള മഹാനഗരങ്ങളിലെ അന്തരീക്ഷമലിനീകരണം തടയുകയാണ് ഇതുവഴി കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. വന്‍നഗരങ്ങളിലെ അന്തരീക്ഷമലിനീകരണത്തില്‍ 20 ശതമാനവും ഇത്തരം അവശിഷ്ടങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നതെന്നാണ് കണ്ടെത്തല്‍. കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന്‍റെ കണ്ടെത്തല്‍ അനുസരിച്ച് പ്രതിവര്‍ഷം രാജ്യത്ത് 53-കോടി ടണ്‍ മാലിന്യങ്ങളാണ് നിര്‍മ്മാണത്തിന്‍റേയും പൊളിയുടേയും അവശിഷ്ടങ്ങളായി കുമിഞ്ഞുകൂടുന്നത്.

കണ്‍സ്ട്രക്ഷന്‍ ആന്‍ഡ്‌ ഡെമോളിഷന്‍ (സി ആന്‍ഡ്‌ ഡി) വെയ്സ്റ്റ് മാനേജ്മെന്‍റ് റൂള്‍സ് 2016 എന്ന ചട്ടത്തിലെ പ്രധാന നിബന്ധനകള്‍:

പത്ത് ലക്ഷത്തിലേറേ ജനസംഖ്യയുള്ള നഗരങ്ങളില്‍ 18 മാസത്തിനകം സി ആന്‍ഡ്‌ ഡി മാലിന്യ സംസ്കരണശാല സ്ഥാപിക്കണം. ഇതില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ 3 വര്‍ഷത്തിനകവും. ഇതിന്‍റെ ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കായിരിക്കും

വലിയ കെട്ടിട നിര്‍മ്മാതാക്കളും മാലിന്യഉത്പാദകരും കെട്ടിടത്തിന്‍റെ പ്ലാനിനൊപ്പം മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതിയും സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ കെട്ടിടത്തിനുള്ള അനുമതി റദ്ദാക്കും.

മാലിന്യം കൂടുതലായി ഉത്പാദിപ്പിക്കുകയും അത് ശേഖരിക്കുന്നത് മുനിസിപ്പല്‍ അധികൃതരാകുകയും ചെയ്‌താല്‍, ശേഖരണത്തിനും അത് സംസ്കരണശാലയില്‍ എത്തിക്കുന്നതിനുമുളള ചെലവ് ഉത്പാദകന്‍ വഹിക്കണം.

സി ആന്‍ഡ്‌ ഡി മാലിന്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ 10-20 ശതമാനം സംസ്ഥാന സര്‍ക്കാരുകളും നിര്‍മ്മാണ ഏജന്‍സികളും നിര്‍ബന്ധമായും എടുക്കണം. ഇവ തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാരുകളും നല്‍കുന്ന കരാര്‍പണികളില്‍ ഉപയോഗപ്പെടുത്തണം.

ഈ ചട്ടങ്ങള്‍ “മാലിന്യം നിയന്ത്രിക്കുന്നതിനുള്ള ആയുധമാണെന്ന്’ ഇവ പ്രഖ്യാപിക്കവെ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. മാലിന്യം യഥാര്‍ത്ഥത്തില്‍ മുതലാക്കാമെന്നും “വീണ്ടെടുത്ത് പുനഃസൃഷ്ടിച്ച് വീണ്ടുമുപയോഗിക്കുക” എന്നതാണ് പുതിയ ചട്ടങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button