മുംബൈ : മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ശനി ഷിങ്നാപ്പൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി. ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന വിധി.
ശനി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സ്ത്രീകളെ തടയാനാകില്ലെന്നും പുരുഷന്മാർ പോകുന്നിടത്തൊക്കെ സ്ത്രീകൾക്കു പോകാനാകുമെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ പ്രവേശനത്തെ തടയുന്ന നിയമമൊന്നുമില്ല. പുരുഷന്മാർക്ക് പ്രവേശിക്കാമെങ്കിൽ സ്ത്രീകൾക്കും പ്രവേശിക്കാം- കോടതി.
ഇക്കാര്യത്തിൽ മഹാരാഷ്ട്ര സർക്കാരിന്‍റെ അഭിപ്രായം കോടതി ആരാഞ്ഞു. ഏപ്രിൽ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. വിദ്യാബാൽ, നിലിമ വർത എന്നിവരാണ് ഹർജി സമർപ്പിച്ചിരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ 2011ലാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത്. എന്നാൽ ഇവിടെ പൂജ ചെയ്യാനോ, ശനിയുടെ വിഗ്രഹത്തിനടുത്തേക്ക് പോകാനോ അനുമതി ഉണ്ടായിരുന്നില്ല.
എന്നാൽ ഒരു സ്ത്രീ വിലക്കുകൾ ലംഘിച്ച് ഇവിടെ പ്രവേശിച്ചതോടെയാണ് സംഭവം വിവാദമായത്. സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് സാമൂഹ്യപ്രവർത്തകർ രംഗത്ത് എത്തിയിരുന്നു.
Post Your Comments