India

ബിഹാര്‍ എം എല്‍ എമാര്‍ കുടി നിര്‍ത്തുമെന്ന് സത്യം ചെയ്തു

പട്‌ന: സാധാരണ നിയമസഭകളില്‍ കാണാറുള്ളത് നിയമസഭാ അംഗമായുള്ള സത്യപ്രതിജ്ഞയാണ്. എന്നാല്‍ ബിഹാര്‍ നിയമസഭയില്‍ പതിവിന് വിപരീതമായി ബുധനാഴ്ച ഒരു പ്രതിജ്ഞ ചൊല്ലല്‍ കണ്ടു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ 243 എം.എല്‍ എമാരും പ്രതിജ്ഞ ചെയ്തത് മദ്യം ഉപേക്ഷിക്കും എന്നായിരുന്നു. നിയമസഭാംഗങ്ങളുടെ പ്രതിജ്ഞ ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കുന്ന മദ്യ നിരോധനത്തിന് മുന്നോടിയായായിരുന്നു. സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ ആദ്യപടിയായി ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് നാടന്‍ മദ്യങ്ങള്‍ നിരോധിച്ചു.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ഈ വര്‍ഷമവസാനം നിരോധിക്കും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിഹാര്‍ സ്റ്റേറ്റ് മില്‍ക്ക് കോഓപ്പറേറ്റീവ് ഫെഡറേഷന്റെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന തൊഴിലിലേക്ക് മദ്യവ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പുനരധിവസിപ്പിക്കും. മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചത് അനധികൃതമായി മദ്യം നിര്‍മിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്നാണ്. ബിഹാറിന്റെ വരുമാനത്തിലെ വലിയൊരു പങ്കും മദ്യവില്പന ഇല്ലാതാകുന്നതിലൂടെ നഷ്ടപ്പെടും. സംസ്ഥാനത്തിന് ഈയിനത്തില്‍ ലഭിക്കുന്നത് പ്രതിവര്‍ഷം 3650 കോടി രൂപയുടെ വരുമാനമാണ്.

shortlink

Post Your Comments


Back to top button