KeralaNews

അവയവം ദാനം ചെയ്യാന്‍ ഇനി ജീവിത പങ്കാളിയുടെ അനുമതി വേണ്ട

കൊച്ചി: ബന്ധുവല്ലാത്തയാള്‍ക്ക് അവയവദാനം നടത്താന്‍ ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ലെന്ന്് ഹൈക്കോടതി. ജീവിത പങ്കാളിയുടെ സമ്മതമില്ലാതെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ ദാനം ചെയ്യാന്‍ ഒരുങ്ങിയ 38 കാരിയായ തിരുമല സ്വദേശിനിക്ക് അനുമതി നല്‍കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അവയവദാന നിയമമനുസരിച്ച് ദാനം ചെയ്യാന്‍ തയാറാണെന്ന സമ്മതപത്രം വ്യക്തിപരമായി അറിയാവുന്ന സാക്ഷികള്‍ സാക്ഷ്യപ്പെടുത്തണമെന്നതാണ് പ്രധാന നിബന്ധന. ജീവിത പങ്കാളിയുടെ അനുമതി സംബന്ധിച്ച് നിബന്ധനകളൊന്നും നിയമത്തിലില്ല. ഈ സാഹചര്യത്തിലാണ് അവയവ ദാനത്തിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ലെന്ന് ജസ്റ്റിസ് സി. കെ. അബ്ദുല്‍ റഹിം, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്.

വേര്‍പിരിഞ്ഞ് ജീവിക്കുന്നതിനാല്‍ ഭാര്യയും, ഭാര്യാ പിതാവും ചേര്‍ന്ന് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അലിയ ഫാത്തിമക്ക് ചികിത്സ നിഷേധിക്കുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ചൊവ്വര സ്വദേശിയായ ബഷീറാണ് ഹൈക്കോടതിയെ സമീപിച്ചത്. രോഗം മൂര്‍ഛിച്ച് ജീവന്‍ പോലും അപകടാവസ്ഥയിലായ കുഞ്ഞിനെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് തിരുവനന്തപുരം കിങ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കരള്‍ മാറ്റ ശസ്ത്രക്രിയ നടത്താനും അവയവ ദാതാവിനെയും ആവശ്യമായ തുകയും കണ്ടെത്താനും കോടതി നിര്‍ദേശം നല്‍കി. ബന്ധുക്കളുടെ കരള്‍ യോജിക്കാത്തതിനാല്‍ ഈ മാസം 17ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ ബന്ധുക്കള്‍ അല്ലാത്ത ദാതാവിനെ കണ്ടെത്താന്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്നാണ് തിരുമല സ്വദേശിനി കരള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. തുടര്‍ നടപടികള്‍ക്കിടെ യുവതിയുടെ ഭര്‍ത്താവ് കരള്‍ ദാനത്തെ എതിര്‍ത്തതോടെ നടപടികള്‍ മുടങ്ങുകയും വിഷയം വീണ്ടും കോടതിയുടെ പരിഗണനയ്‌ക്കെത്തുകയുമായിരുന്നു. എന്നാല്‍, കരള്‍ ദാതാവും കുട്ടിയുടെ മാതാപിതാക്കളും സമ്മതം അറിയിച്ചതിനാലും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതിനാലും ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓതറൈസേഷന്‍ കമ്മിറ്റി ചെയര്‍മാനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും ആശുപത്രി അധികൃതര്‍ അപേക്ഷ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജി വീണ്ടും ഏപ്രില്‍ നാലിന് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button